ഭാരതത്തിന്റെ ചരിത്രഗതിയെ പുനര്‍നിര്‍ണയിക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് അത്യന്തം പ്രാധാന്യമുണ്ട്. ധര്‍മ്മാധര്‍മ്മശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പിലൂടെ നടക്കാന്‍പോകുന്നത്. ഭാരതത്തിന്റെ സനാതന മൂല്യങ്ങളെ സംരക്ഷിക്കുകയും ഭൂരിപക്ഷ ഹിന്ദുമസമൂഹത്തിന്റെ അഭിമാനം ഉയര്‍ത്തുകയും അതോടൊപ്പം മഹത്തായ ഈ രാഷ്ട്രത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അണിനിരക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയെയാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയും ഇടത് പാര്‍ട്ടികളുമൊക്കെ ഒറ്റക്കെട്ടായി ആക്രമിക്കുന്നത്. മതേതരത്വമെന്ന കള്ളനാണയമാണ് ഇതിനായി ഇപ്പോഴും ഉപയോഗിക്കുന്നത്.
വിധിനിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഹിന്ദുസമൂഹം എവിടെ നില്‍ക്കണം എന്നത് അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഈ വരുന്ന 11ന് നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെയും കാണേണ്ടത്. ഇടതുവലതു മുന്നണികള്‍ മാറിമാറിഭരിച്ച് പൊതുഖജനാവ് ന്യൂനപക്ഷപ്രീണനത്തിനായി ഊറ്റിക്കൊടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവിടെയും മതേതരത്വത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരും അപമാനിക്കപ്പെടുന്നവരും ഹിന്ദുസമൂഹമാണ്. ഹൈന്ദവര്‍ക്ക് ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയാത്തതിന്റെ പരിണിതഫലമാണ് ഇക്കാലമത്രയും അവര്‍ അനുഭവിച്ചത്.
കേരളത്തിലെ ഹൈന്ദവവിഭാഗത്തിലെ പ്രബലസമുദായങ്ങളായ നായര്‍-ഈഴവ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളാണ് എന്‍എസ്എസും എസ്എന്‍ഡിപിയും. ഇരുമുന്നണികളെയും പ്രബലരാഷ്ട്രീയകക്ഷികള്‍ ഹിന്ദുസമൂഹത്തില്‍ ഈ പ്രസ്ഥാനങ്ങളുടെ വാക്കുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ നിലപാടുകള്‍ക്ക് അത്യന്തം പ്രാധാന്യമുണ്ട്. കേരളത്തിലെ ഹിന്ദുസമൂഹത്തിന്റെ നേതൃത്വമേറ്റെടുത്ത് കൊണ്ട് കാലഘട്ടത്തിന്റെ ചുമരെഴുത്ത് വായിക്കുകയും അതിനനുസരണമായി നയരൂപീകരണം നടത്തിക്കൊണ്ട് വലിയ ചരിത്രനിയോഗം നിര്‍വഹിക്കുവാനുള്ള അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും നിലപാടുകള്‍ ഹൈന്ദവജനതയുടെ താല്പര്യം സംരക്ഷിക്കാന്‍ പര്യാപ്തമല്ല എന്നു പറയേണ്ടിവന്നതില്‍ ദുഃഖമുണ്ട്.
സമദൂരമെന്ന പേരില്‍ പതിറ്റാണ്ടുകളായി എന്‍എസ്എസ് തുടര്‍ന്ന നിലപാടില്‍ നിന്നു മാറാന്‍ ഈഘട്ടത്തിലും ആപ്രസ്ഥാനം തയാറായില്ല. അതേസമയം വ്യത്യസ്ഥമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എസ്എന്‍ഡിപിയും ശരിദൂരമെന്ന പേരില്‍ തങ്ങളുടെ നയം വ്യക്തമാക്കികഴിഞ്ഞു. ഇരു മുന്നണികളുടെയും ന്യൂനപക്ഷ പ്രീണനത്തിനുമുന്നില്‍ മനംനൊന്ത വലിയൊരുവിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ബിജെപിയിലാണ്. ആ അനുകൂലാവസ്ഥയെ ഉപയോഗപ്പെടുത്തി കേരളത്തിലെ ഹിന്ദുസമൂഹത്തെ അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ചരിത്രദൗത്യം ഏറ്റെടുക്കുന്നതിനു പകരം സമദൂരവും ശരിദൂരവുമെന്ന നയം സ്വീകരിച്ചുകൊണ്ട് തങ്ങളുടെ സംഘടനയുടെ താല്പര്യം മാത്രം സംരക്ഷിക്കുക എന്ന സങ്കുചിതചിന്തയിലേക്കാണ് എന്‍എസ്എസും എസ്എന്‍ഡിപിയും എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഹിന്ദുക്കളിലെ ന്യൂനപക്ഷ വിഭാഗങ്ങളോടും പട്ടികവിഭാഗങ്ങളോടും മാത്രമല്ല. ഇരുപ്രസ്ഥാനങ്ങളും പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളോടും ഇന്നല്ലെങ്കില്‍ നാളെ ഇതിനു മറുപടി പറയേണ്ടിവരും. സമദൂരത്തെയും ശരിദൂരത്തെയുംകാള്‍ വലുതാണ് ധര്‍മ്മപക്ഷത്തുനിന്നുകൊണ്ടുള്ള പോരാട്ടം.
Discussion about this post