തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ശ്രീരാമനവമി ദിവസമായ ഏപ്രില്‍ 8ന് അനന്തപുരിയില്‍ പാദുകസമര്‍പ്പണ ശോഭായാത്ര നടത്തുന്നു. വൈകുന്നേരം 5ന് കോട്ടയ്ക്കകം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ഹാളില്‍ ശ്രീരാമനവമി സമ്മേളനം ആരംഭിക്കും. ശ്രീ വട്ടപ്പാറ സോമശേരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത യോഗം ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകുന്നേരം 6.30ന് വര്‍ണ്ണാഭമായ പാദുകസമര്‍പ്പണ ശോഭായാത്ര ആരംഭിക്കും. കാനനവാസം കഴിഞ്ഞ് മടങ്ങിവരുന്ന ശ്രീരാമചന്ദ്രനെ അയോദ്ധ്യാ നിവാസികള്‍ ഭരത രാജകുമാരന്റെ നേതൃത്വത്തില്‍ പാദുകം സമര്‍പ്പിച്ച് സ്വീകരിക്കുന്നതാണ് ഇതിനു പിന്നിലെ സങ്കല്‍പ്പം. പഴവങ്ങാടി, ഓവര്‍ബ്രിഡ്ജ് വഴി മെയിന്‍ റോഡിലൂടെ രാത്രി എട്ടു മണിയോടെ നന്ദിഗ്രാമമായി സങ്കല്പിച്ചിട്ടുള്ള പാളയം ശ്രീ ഹനുമദ്‌സ്വാമി ക്ഷേത്രത്തിലെത്തി പാദുകങ്ങള്‍ സമര്‍പ്പിക്കും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ശ്രീരാമരഥയാത്ര ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലേക്ക് പുറപ്പെടും. വെളുപ്പിന് മൂന്ന് മണിക്ക് ശ്രീരാമപട്ടാഭിഷേകത്തോടെ ശ്രീരാമനവമി ദിനപരിപാടികള്‍ പൂര്‍ണ്ണമാകും.
Discussion about this post