തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സിബിഐക്കു വീണ്ടും കോടതിയുടെ വിമര്‍ശനം. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കോടതി വിമര്‍ശിച്ചത്. പ്രതികള്‍ക്കെതിരേ കൊലപാതക കുറ്റത്തിന് ഒരു കുറ്റപത്രവും തെളിവു നശിപ്പിച്ചതിന് മറ്റൊരു കുറ്റപത്രവുമാണു സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇത് ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട കേസായതിനാല്‍ പ്രതികളെ സഹായിക്കുവാനാണൊയെന്നു ജഡ്ജി ആര്‍. രഘു ആരാഞ്ഞു. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി പ്രദീപ് കുമാര്‍ നേരിട്ട് ഹാജരായപ്പോഴാണു കോടതി ഇപ്രകാരം പ്രതികരിച്ചത്. തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നതിനിടെ പ്രതികള്‍ ബന്ധപ്പെട്ട മറ്റ് ഉന്നതര്‍ ആരാണെന്നും കോടതി ആരാഞ്ഞു.
കുറ്റപത്രത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ സാവകാശം ചോദിച്ചതിനെത്തുടര്‍ന്നു കേസ് പരിഗണിക്കുന്നത് കോടതി ഈമാസം മുപ്പതിലേക്കു മാറ്റി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റഡിയില്‍ എടുത്ത ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയതിനും വ്യാജ എഫ്ഐആര്‍ ചമച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും രണ്ടു കേസുകളാണ് കോടതി പരിഗണിക്കുന്നത്. ഡിവൈഎസ്പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അജിത് കുമാര്‍, ഹെഡ് കോണ്‍സ്റബിള്‍ വി.പി.മോഹനന്‍, കോണ്‍സ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്നത്.
Discussion about this post