തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ ഭരണ സമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഇതുവരെ രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ക്ഷേത്രഭരണം ഇനി അഞ്ചംഗ ഭരണ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. ജില്ലാ ജഡ്ജി ചെയര്‍മാനായിട്ടായിരിക്കും പുതിയ അഞ്ചംഗ ഭരണസമിതി. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജി ഭരണസമിതിയുടെ അധ്യക്ഷനാകും. രാജകുടുംബത്തില്‍ നിന്നുള്ള ആരും ക്ഷേത്രഭരണസമതിയില്‍ ഇല്ല. നിലവിലെ ഭരണസമിതി അംഗങ്ങള്‍ അവധിയില്‍ പോകാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ വരവ് ചെലവ് കണക്കുകളുടെ മൂല്യനിര്‍ണയത്തിന്റെ ചുമതല മുന്‍ സിഎജി വിനോദ് റായിക്കായിരിക്കും. കണക്കറ്റ സ്വര്‍ണശേഖരമുള്ള ക്ഷേത്ര നിലവറയുടെ താക്കോല്‍ ഭരണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. മുന്‍ ഗുരുവായുര്‍ ദേവസ്വം കമ്മീഷ്ണര്‍ സതീഷ് കുമാര്‍ ഐഎഎസ് ആയിരിക്കും ക്ഷേത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. എല്ലാ ശനിയാഴ്ച്ചയും ക്ഷേത്രത്തിന്റെ കാണിക്കകളുടെ കണക്കെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ ഭരണം നിയന്ത്രിക്കുന്ന അഞ്ചംഗ ഭരണ സമിതിയിലേക്ക് സംസ്ഥാന സര്‍ക്കാരിന് ഒരാളെ നിര്‍ദ്ദേശിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Discussion about this post