ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി തടഞ്ഞു. കേസ് അഞ്ചംഗഭരണഘടനാ ബഞ്ചിനുവിട്ടുകൊണ്ട് ചീഫ് ജസ്റീസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഉത്തരവിട്ടു. രാജീവ് ഘാതകരായ ഏഴ് പ്രതികളെ മോചിപ്പിക്കാനുള്ള ജയലളിത സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി പ്രസ്താവിച്ചിരിക്കുന്നത്. ഫെഡറല്‍സംവിധാനത്തെ ബാധിക്കുന്ന കാര്യമായതിനാലാണ് കേസ് ഭരണഘടനാ ബഞ്ചിന് വിട്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടനാ ബഞ്ചിനോട് കോടതി ആവശ്യപ്പെട്ടു. ജീവപര്യന്തം എന്നത് 14 വര്‍ഷമാണോ അതോ ജീവിതാവസാനംവരെയാണോ എന്ന കാര്യവും ഭരണഘടനാ ബഞ്ച് പരിശോധിക്കും.
ശിക്ഷഇളവ് ചെയ്താല്‍ സര്‍ക്കാരിന് പ്രതികളെ വെറുതേവിടാന്‍ അധികാരമുണ്ടോയെന്നും പരിശോധിക്കും. ശിക്ഷ ഇളവ് ചെയ്താല്‍ സംസ്ഥാന സര്‍ക്കാരിനാണോ കേന്ദ്ര സര്‍ക്കാരിനാണോ പ്രതികളെ വെറുതെവിടാന്‍ അധികാരമുണ്ടാകുകയെന്ന കാര്യത്തിലും തീരുമാനമുണ്ടാകണമെന്ന് ഭരണഘടനാ ബഞ്ചിനോട് കോടതി ആവശ്യപ്പെട്ടു. മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ തുടങ്ങി ഏഴ് പ്രതികളെയാണ് തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെറുതെ വിടാന്‍ തീരുമാനിച്ചത്. 20 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയില്‍ കഴിഞ്ഞുവെന്നകാരണത്താലാണ് ഇവരെ വെറുതെവിട്ടത്. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വരുകയായിരുന്നു.
കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസായതിനാലും സ്ഫോടക വസ്തുനിയമം, ആയുധനിയമം തുടങ്ങിയവ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതല്ലാത്തതിനാലും തമിഴ്നാടിന് പ്രതികളെ മോചിപ്പിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. നേരത്തെ, ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം നേരിട്ടുവെന്ന കാരണത്താല്‍ സുപ്രീംകോടതി മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഇതോടെയാണ് മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരെയും നളിനി ഉള്‍പ്പെടെയുള്ള മറ്റ്നാലുപ്രതികളെയും വെറുതെവിടാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ 24 പ്രതികളെയാണ് വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് ഇതില്‍ നാലുപ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവക്കുകയും മറ്റുള്ളവരുടെ ശിക്ഷ ഇളവ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം നാലുപ്രതികളില്‍ നളിനിയുടെ ശിക്ഷയും ജീവപര്യന്തമാക്കി സുപ്രിംകോടതി ഇളവ് ചെയ്തു. പിന്നീട് വധശിക്ഷ ശരിവക്കപ്പെട്ട മൂന്ന് പ്രതികള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. രാഷ്ട്രപതി ഈ ദയാഹര്‍ജി തള്ളി. എന്നാല്‍ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടി ഈ മൂന്നുപ്രതികളുടെ വധശിക്ഷയും സുപ്രീംകോടതി ഇളവ് ചെയ്തു. ജസ്റിസ് പി.സദാശിവം അധ്യക്ഷനായ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കേസിലെ ഏഴ് പ്രതികളെയും വെറുതേവിടാന്‍ തമിഴ്നാട് തീരുമാനിക്കുകയായിരുന്നു. ചീഫ് ജസ്റിസ് പി. സദാശിവത്തിന്റെ ഒടുവിലെ വിധികൂടിയാണ് ഇന്നുണ്ടായിരിക്കുന്നതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ചീഫ് ജസ്റിസായുള്ള ഒമ്പതുമാസത്തെ സേവനത്തിനുശേഷം ജസ്റിസ് സദാശിവം ഇന്ന് ഔദ്യോഗിക പദവികളില്‍ നിന്ന് വിരമിക്കുകയാണ്.
Discussion about this post