തൃശൂര്‍: പ്രശസ്ത ചിത്രകാരന്‍ എം.വി ദേവന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. ആലുവ പുളിഞ്ചോട്ടിലെ വസതിയായ ചൂര്‍ണിലായിരുന്നു അന്ത്യം. സംസ്ഥാന ലളിതകലാ അക്കാഡമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവയുടെ സ്ഥാപകനാണ്. ചെന്നൈ ചോളമണ്ഡലം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 1999-ല്‍ ദേവസ്പന്ദനം എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1952-62 കാലഘട്ടത്തില്‍ മാതൃഭൂമി പത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഠത്തില്‍ വാസുദേവന്‍ എന്ന എം.വി. ദേവന്‍ 1928 ജനുവരി 15-ന് തലശേരിക്കടുത്ത് പന്ന്യന്നൂര്‍ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം 1946ല്‍ മദ്രാസില്‍ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്സില്‍ ഡി.പി.റോയ്, ചൌധരി, കെ.സി.എസ്.പണിക്കര്‍ തുടങ്ങിയവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. ശില്പി, ചിത്രകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. വാസ്തുശില്പ മേഖലയില്‍ ലാറി ബേക്കറുടെ അനുയായിയായും അദ്ദേഹം അറിയപ്പെട്ടു.
Discussion about this post