ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ലെന്ന് സുപ്രീംകോടതി. എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമല്ല. പിന്നോക്കവിഭാഗങ്ങള്‍ക്ക് 25 ശതമാനം സംവരണം നല്‌കേണ്ടതില്ലെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ, ജസ്റ്റീസുമാരായ എ.കെ. പട്‌നായിക്, എസ്.ജെ. മുഖോപാധ്യായ, ദീപക് മിശ്ര, ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ തന്നെയും മറ്റ് സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ വരും. വിദ്യാഭ്യാസ അവകാശനിയമം സംബന്ധിച്ച് ഇരുപതിലധികം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ലഭിച്ചിരുന്നത്. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന 11 അംഗ ഭരണഘടനാ ബഞ്ചിന്റെ വിധി നിലനില്‌ക്കെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിധിയെ സ്വാഗതം ചെയ്യുന്നതായി എംഇഎസും കെസിബിസിയും അറിയിച്ചു.
സ്‌കൂളുകളില്‍ മാതൃഭാഷ നിര്‍ബന്ധമാക്കാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. മാതൃഭാഷ കുട്ടികളില്‍ അടിച്ചേല്പ്പിക്കാനാകില്ല. ഏതു ഭാഷ പഠിക്കണമെന്ന് കുട്ടിയാണ് തീരുമാനിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കര്‍ണാടകയില്‍ സ്‌കൂളുകളില്‍ കന്നഡ ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. വിദ്യാഭ്യാസ അവകാശം ഭരണഘടനാപരമാണെന്നും കോടതി അറിയിച്ചു.
Discussion about this post