മാനവരാശിയുടെ കടുത്ത ശത്രുക്കളാണ് മദ്യവും മയക്കുമരുന്നും. ഇതു തിന്മയുടെ അടയാളമാണ്. അധാര്‍മ്മികതയിലേക്കുള്ള വഴിയും ഇതിലൂടെയാണ് ആരംഭിക്കുന്നത്. മദ്യവിമുക്തമായ ഒരു സമൂഹത്തിലൂടെമാത്രമേ മൂല്യാധിഷ്ഠിതമായ ജീവിതം കരുപ്പിടിപ്പിക്കാനാവൂ. മദ്യത്തിന്റെ വിപത്ത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞു. ഇന്ന് ഭാരതത്തിലെ മദ്യവിമുക്തമായ സംസ്ഥാനം രാഷ്ട്രപിതാവിന്റെ ജന്മനാടായാ ഗുജറാത്ത് മാത്രമാണ്.
മദ്യപാനത്തിന്റെ ദുരന്തങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ആളോഹരി മദ്യ ഉപയോഗത്തിലും വര്‍ദ്ധനയുണ്ട്. മദ്യമില്ലാതെ ആഘോഷങ്ങളില്ല എന്ന സ്ഥിതിയിലേക്ക് കേരളം മാറി. കൗമാരത്തില്‍ കാലെടുത്തുവയ്ക്കുന്നതോടെ ഒരു വിഭാഗം ആണ്‍കുട്ടികള്‍ മദ്യപാനം ശീലമാക്കി മാറ്റുന്നു. സ്ത്രീകളുടെ ഇടയിലും വിദ്യാര്‍ത്ഥികളുടെ ഇടയിലുമൊക്കെ മദ്യപാനശീലം വര്‍ദ്ധിക്കുകയാണ്. ഇതിന്റെ ദുരന്തം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു.
ഈ നിലയിലൂടെ കേരളത്തിന് അധികകാലം മുന്നോട്ടുപോകാനാവില്ല. ഏതാണ്ട് ഒരു നൂറ്റാണ്ടിലൂടെ കേരളം നേടിയെടുത്തു മൂല്യാധിഷ്ഠിതമായ ജീവിതക്രമങ്ങളുടെ അടിവേര് പിഴുതെറിയുന്നതാവും ഇപ്പോഴത്തെനിലയില്‍ മുന്നോട്ടുപോയാലുള്ള അവസ്ഥ. പൂച്ചയ്ക്കാരുമണികെട്ടും എന്ന നിലയില്‍ കേരളം പകച്ചുനില്‍ക്കുമ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ വിസമ്മതിച്ച 418 ബാറുകളെ സംബന്ധിച്ച ഹൈക്കോടതിവിധിയുണ്ടായത്. സര്‍ക്കാരിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ലൈസന്‍സ് പുതുക്കിനല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മദ്യ ലഭ്യത കുറയ്ക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാര്‍ നടത്തുക എന്നത് മൗലീകവകാശമല്ലെന്ന സുപ്രീംകോടതിയുടെ വിലയിരുത്തലുണ്ടെന്നകാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തെച്ചൊല്ലി ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സില്‍ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. കെ.പി.സി.സി. അദ്ധ്യക്ഷനായ വി.എം.സുധീരന്റെ കടുത്ത നിലപാടാണ് ഇക്കാര്യത്തില്‍ പലരേയും പ്രകോപിപ്പിച്ചത്. ഒരു കാരണവശാലും 418ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കരുതെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് ഘട്ടഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവന്ന് മദ്യവിമുക്തമായ ഒരു സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ഗാന്ധിശിഷ്യന് അങ്ങനയേ പറയാനാവൂ. എന്നാല്‍ ഖദറിന്റെ മറവില്‍ മദ്യക്കച്ചവടം നടത്തുന്നവര്‍ക്ക് പണവും അധികാരവും മാത്രമാണ് ലക്ഷ്യം. കളളു ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് എന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ഭക്തന്മാരില്‍ ചിലരും സ്വന്തം ബാറുപൂട്ടിയപ്പോള്‍ പ്രകോപിതരായി രംഗത്തെത്തിയിട്ടുണ്ട്. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം കണ്ട് കേരളം ഞെട്ടി. ചില മാധ്യമങ്ങളും മദ്യക്കച്ചവടക്കാരുടെ ഓശാനപാടി രംഗത്തുണ്ട്.
മദ്യക്കച്ചവടത്തിലൂടെ കൊയ്യുന്നത് പാപത്തിന്റെ ശമ്പളമാണ്. കേരളത്തിലെ ലക്ഷക്കണക്കിന് വീട്ടമ്മമാരുടെ തോരാത്ത കണ്ണീരിന്റെ നനവുള്ളതാണ് മദ്യക്കച്ചവടക്കാര്‍ സ്വരൂപിക്കുന്ന കോടികള്‍. ആയിരംരൂപയ്ക്കു പണിയെടുത്താല്‍പോലും വീട്ടില്‍ അടുക്കള പുകയാന്‍ ഒരു രൂപ എത്തിക്കാത്ത ആയിരക്കണക്കിനു കുടിയന്മാരുടെ നാടാണ് കേരളം. ഇതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്നത് ഇതു കണ്ടു വളരുന്ന കുട്ടികള്‍കൂടിയാണ്. അവര്‍ നാളെ സമൂഹത്തിന് എതിരായി വളര്‍ന്നില്ലെങ്കിലേ അതിശയമുള്ളൂ. ഇത് ഒരു വശത്താണെങ്കില്‍ മദ്യത്തിന്റെ ലഭ്യതമൂലം മദ്യവര്‍ഗ്ഗ സമൂഹത്തിലും നീരാളികൈകള്‍പോലെ മദ്യപാനം വ്യാപിക്കുകയാണ്. മാന്യതയുടെ അടയാളമായിപ്പോലും മദ്യപാനത്തെ കാണുന്ന ഒരു ദുരവസ്ഥയിലേക്ക് കേരളം മാറി.
മദ്യപാനത്തിന്റെ ഇരുള്‍തലങ്ങളിലേക്ക് കേരളം കൂപ്പുകുത്താതിരിക്കാന്‍ മദ്യലഭ്യത കുറയ്ക്കുവാന്‍ കിട്ടിയ സന്ദര്‍ഭമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. മദ്യവിമുക്ത കേരളമെന്ന ആത്യന്തികലക്ഷ്യത്തിലേക്കുള്ള ഈ ചുവടുവയ്പ്പില്‍ കാലിടറിയാല്‍ ഏതാനും വര്‍ഷത്തിനുശേഷം മദ്യപന്‍മാര്‍ അടക്കിവാഴുന്ന ഒരു കേരളത്തെയാകും നമുക്കു അഭിമുഖീകരിക്കേണ്ടിവരിക. അത് കേരളം നേടിയ എല്ലാ നന്മകളുടേയും ശവപ്പറമ്പായിരിക്കും.
Discussion about this post