ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് യജമാനന്മാര്‍ എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ലാത്ത അവസ്ഥയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ‘പണത്തിനുമേലെ പരുന്തും പറക്കില്ല’ എന്ന സ്ഥിതി ജനാധിപത്യത്തിന് ഭൂഷണമല്ല. നിയമംപോലും പണത്തിന്റെ മുമ്പില്‍ വഴിമാറുന്ന ലജ്ജാകരമായ അവസ്ഥ ജനാധിപത്യ സംവിധാനത്തെ തകര്‍ച്ചയിലേക്കു നയിക്കും.
ഇക്കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് രണ്ടു വീടുകള്‍ക്കുമീതെ ഇരുപതടിയോളം ഉയരത്തില്‍ കെട്ടിപ്പൊക്കിയിരുന്ന മതില്‍ വീണ് വീടുകളും വീട്ടുകാരുടെ സര്‍വ സമ്പാദ്യങ്ങളും നഷ്ടമായ കരളലിയിക്കുന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. വീട്ടുകാരുടെ ജീവന്‍ തിരിച്ചുകിട്ടിയത് ജാഗ്രത പുലര്‍ത്തിയതുകൊണ്ടുമാത്രമാണ്. മതില്‍ ചാഞ്ഞുതുടങ്ങിയപ്പോള്‍തന്നെ വീട്ടുകാരെ പോലീസ് മാറ്റിയിരുന്നു. വീട്ടുകാരുടെയും ചില ചാനല്‍ ക്യാമറകളുടെയും മുന്നിലാണ് മതില്‍ തകര്‍ന്നത്.
ഗോമസ് റോയി എന്ന വ്യക്തി താമസിക്കുന്ന പുരയിടത്തിനു ചുറ്റുമാണ് അപകടകരമായ രീതിയില്‍ മതില്‍ കെട്ടിയത്. ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനു മുന്നോടിയായായിരുന്നു മതില്‍ നിര്‍മ്മാണം. നിര്‍മ്മാണ ഘട്ടത്തില്‍തന്നെ ഇതു സംബന്ധിച്ച് നഗരസഭയ്ക്കും പോലീസിനുമൊക്കെ പരാതി നല്‍കിയിരുന്നു. അധികൃതര്‍ മതില്‍ പൊളിച്ചുനീക്കണമെന്ന് വസ്തു ഉടമയോട് പലവട്ടം ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ അതൊന്നുമുണ്ടായില്ല എന്നത് പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലാണെന്ന് സംശയംകൂടാതെ പറയാന്‍ കഴിയും. മാത്രമല്ല ഏതു നിര്‍മ്മാണ പ്രവര്‍ത്തനത്തിനും നഗരസഭയുടെ അനുമതി വേണമെന്നിരിക്കെയാണ് ഇത്തരത്തില്‍ മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ ഇരുപതടിയോളം ഉയരത്തില്‍ മതില്‍ കെട്ടിപ്പൊക്കിയത്. ആവശ്യത്തിന് അടിസ്ഥാനമില്ലാതെയായിരുന്നു മതില്‍ നിര്‍മ്മിച്ചത്. എങ്ങനെയാണ് നിയമം പണക്കാരന്റെയും സ്വാധീനമുഴള്ളവരുടെയും മുന്നില്‍ നോക്കുകുത്തിയായി മാറുന്നത് എന്നതിന്റെ തെളിവാര്‍ന്ന ഉദാഹരണമാണ് ശ്രീകാര്യത്ത് സംഭവിച്ചത്.
നിയമം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണെന്നാണ് കരുതപ്പെടുന്നതെങ്കിലും പ്രായോഗിക ജീവിതത്തില്‍ അങ്ങനെയല്ല എന്നതിന് എണ്ണമറ്റ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നിയമത്തെ മാനിക്കാന്‍ കഴിയാതെവരുമ്പോള്‍ അത് ഒരു ജനതയെ നയിക്കുന്നത് അരാജകത്വത്തിലേക്കായിരിക്കും. മാത്രമല്ല, നീതി ലഭിക്കാത്തവര്‍ നിയമെ കൈയിലെടുത്ത് എന്തിനും തുനിഞ്ഞിറങ്ങിയാല്‍ ഏതു നാടിന്റെയും ശാന്തിയും സമാധാനവും നഷ്ടപ്പെടുമെന്നത് ഒരു കുട്ടിക്കുപോലും അറിയാവുന്ന ബാലപാഠമാണ്. തന്റെ സുരക്ഷിതത്വത്തോടൊപ്പം അയല്‍ക്കാരനും അതിന് അര്‍ഹതയുണ്ടെന്ന ബോധമാണ് മനുഷ്യത്വത്തിന്റെ പ്രാഥമിക ലക്ഷണം. ഇത് മനപൂര്‍വ്വം മറക്കുന്നവരെയും ഓര്‍മ്മിപ്പിച്ചാലും അവഗണിക്കുന്നവരെയും കാടന്മാരെന്നേ കരുതാനാകു. സംസ്‌കാര സമ്പന്നമായ ഒരു ജനതയുടെ മുഖമുദ്രതന്നെ നിയമസംഹിതയോടുള്ള ആദരവാണ്.
Discussion about this post