തിരുവനന്തപുരം: യോഗ്യതകളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവിധേയനായ എം.ജി വിസി എ.വി. ജോര്‍ജിനെ ഗവര്‍ണര്‍ ഷീല ദീക്ഷിത് പുറത്താക്കി. കേരളചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കുന്നത്. പുറത്താക്കിയതു സംബന്ധിച്ച് കരട് ഉത്തരവായി. ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതിക്കു നല്കും. വിസിയെ പുറത്താക്കുന്നതിനോട് അനുകൂല നിലപാടാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ വിസി രാജ്ഭവനിലെത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് സമയം അനുവദിച്ചില്ല. പുറത്താക്കിക്കൊണ്ടുള്ള തീരുമാനം തിങ്കളാഴ്ച പുറത്തുവരുമെന്ന് അറിഞ്ഞ എ.വി.ജോര്‍ജ്, രാജിവയ്ക്കാനുള്ള അവസരം നല്‍കി മാന്യമായ ഒഴിഞ്ഞുപോകലിന് സാഹചര്യമൊരുക്കണമെന്ന് ആവശ്യമുന്നയിച്ച് ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തുകയായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് അനുവദിച്ചില്ല. എ.വി ജോര്‍ജ് രാജ്ഭവനില്‍ എത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ വിസി സ്ഥാനത്തു നിന്നു പുറത്താക്കിക്കൊണ്ടുള്ള ഓര്‍ഡര്‍ ഇറങ്ങിയിരുന്നുവെന്നാണ് വിവരം. ഈ മാസം എഴിന് നിയമന വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ എ.വി ജോര്‍ജില്‍ നിന്നു മൊഴിയെടുത്തിരുന്നു. അതേസമയം, തന്നെ പുറത്താക്കിയതു സംബന്ധിച്ച് യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടില്ലെന്ന് വിസി എ.വി. ജോര്‍ജ് പ്രതികരിച്ചു.
കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പു മേധാവിയായിരുന്നുവെന്ന് ബയോഡേറ്റയില്‍ തെറ്റായ വിവരം കാണിച്ചു വിസിയായി നിയമനം നേടിയെന്നാണ് ജോര്‍ജിനെതിരേയുള്ള പരാതി. ഈ സമയം ജോര്‍ജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഡപ്യൂട്ടേഷനിലാണ് ജോര്‍ജ് കേന്ദ്രസര്‍വകലാശാലയില്‍ ജോലിചെയ്തത്. അദ്ദേഹം നടത്തിയ നിയമനങ്ങള്‍ക്കെതിരേയും ആരോപണങ്ങളുയര്‍ന്നിരുന്നു. 2013 ജനുവരി അഞ്ചിനാണ് എ.വി. ജോര്‍ജ് എം.ജി. വിസിയായി ചുമതലയേറ്റത്.
ജോര്‍ജിനെ പുറത്താക്കണമെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് നേരത്തെ തന്നെ ഗവര്‍ണര്‍ക്കു മുമ്പിലുണ്ടായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
സ്ഥാനമൊഴിഞ്ഞ മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാറും എ.വി ജോര്‍ജില്‍ നിന്നു മൊഴിയെടുത്തിരുന്നു. തീരുമാനമെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഗവര്‍ണര്‍സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം വൈകിയത്. പുതിയ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ചുമതല ഏറ്റെടുത്തതോടെ നിയമന വിവാദം വീണ്ടും ഗവര്‍ണര്‍ക്കു മുമ്പിലെത്തി. ഇതേ തുടര്‍ന്നാണ് എ.വി ജോര്‍ജില്‍ നിന്നു തെളിവെടുപ്പ് നടത്തിയ ശേഷം തീരുമാനമായത്.
Discussion about this post