ചെങ്കല്‍ സുധാകരന്‍
ശ്രീകൃഷ്ണ ജരാസന്ധയുദ്ധം
ശ്രീകൃഷ്ണ ഭഗവാന്റെ മഥുരാലീലകള്‍ ബഹുലാശ്വമഹാരാജാവിനെ അത്യധികം ആകര്‍ഷിച്ചു. കൃഷ്ണപ്രിയനായ രാജാവ്, ഭഗവാന്‍ ദ്വാരകയിലെത്തിയതും അവിടെ നടത്തിയ ലീലകളും കേള്‍ക്കാന്‍ താല്പര്യപ്പെട്ടു. നവധാഭക്തിയില്‍ പ്രഥമം ശ്രവണമാണല്ലോ? ഇന്ദ്രിയങ്ങളെല്ലാം ഐശ്വര്യമാക്കിയിട്ടുള്ള മിഥിലാധിപന്‍ നാരദമഹര്‍ഷിയോട്:
‘ശ്രുതം തവമുഖാദ് ബ്രഹ്മന്‍
മഥുരാഖണ്ഡമത്ഭുതം
വദ മാം ദ്വാരകാഖണ്ഡം
ശ്രീകൃഷ്ണചരിതാമൃതം’
(മഹര്‍ഷീശ്വരാ, അങ്ങ് പറഞ്ഞ്, ഭഗവാന്റെ അത്ഭുതകരങ്ങളായ ലീലകള്‍ കേട്ടു. ഇനി ദ്വാരകാഖണ്ഡകഥകള്‍ കേള്‍പ്പിച്ചാലും.) ഭഗവാന്റെ വിവാഹം, പുത്രപൗത്രന്മാര്‍ ഇതെല്ലാം സവിസ്തരമറിയിച്ചാലും.
നാരദമഹര്‍ഷി സസന്തോഷം കഥാവിവരണം തുടങ്ങി. ‘കംസന്‍ കൊല്ലപ്പെട്ടപ്പോള്‍ അവന്റെ പത്‌നിമാരായ അസ്തിയും പ്രാപ്തിയും ദുഃഖാകുലരായി. അവര്‍ പിതാവായ ജരാസന്ധന്റെ അടുക്കലേക്കുപോയി. കംസവധമറിഞ്ഞ് ജരാസന്ധന്‍ കോപിഷ്ഠനായി. യാദവരെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചു നീക്കണമെന്നുറച്ചുകൊണ്ട്, മാഗധന്‍ മഥുരയിലേക്കു പുറപ്പെട്ടു. ഇരുപത്തിമൂന്ന് അക്ഷൗഹിണി സേനയുമായാണ് മഗധേശ്വരന്‍ യുദ്ധസന്നദ്ധനായത്. സമുദ്രം പോലെ ഇളകിയടുത്ത സൈന്യത്തെകണ്ട് മഥുരവാസികള്‍ ഭയചകിതിരായി. അപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ ജ്യേഷ്ഠനോടിങ്ങനെ പറഞ്ഞു. ‘ജ്യേഷ്ഠാ, ക്രുദ്ധനായെത്തിയ ജരാസന്ധനെ ചെറുക്കണം. അയാളുടെ സൈന്യത്തെ നശിപ്പിക്കണം. എന്നാല്‍ മാഗധനെ ഇപ്പോള്‍ കൊല്ലരുത്. അയാള്‍ വീണ്ടും വീണ്ടും സൈന്യസജ്ജീകരണം നടത്തട്ടെ. ഇയാള്‍ കാരണമായി ഭൂമിഭാരം കുറയ്ക്കാമല്ലോ? സജ്ജനങ്ങള്‍ക്ക് സന്തോഷവും നല്‍കാം.
രാമകൃഷ്ണന്മാര്‍ ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കവേ, അവരുടെ മുമ്പില്‍ രണ്ടു രഥങ്ങള്‍ വൈകുണ്ഠത്തില്‍ നിന്നെത്തി. അവര്‍ ഓരോന്നില്‍ കയറി, യാദവസൈന്യത്തെയും കൂട്ടി, യുദ്ധത്തിനുപുറപ്പെട്ടു. യാദവരും മാഗധരും ഘോരമായ യുദ്ധമാരംഭിച്ചു. ദേവകള്‍ ആകാശത്തുനിന്ന് ആ യുദ്ധം കണ്ടു. പത്ത് അക്ഷൗഹിണി സൈന്യവുമായി ജരാസന്ധന്‍ കൃഷ്ണനോട് പോര്‍ ചെയ്തു. ജരാസന്ധസഖാവായ ദുര്യോധനനും വിന്ധ്യാധിപനും അഞ്ചക്ഷൗഹിണിപ്പടയുമായെത്തി. മൂന്ന് അക്ഷൗഹിണി സേനയുമായെത്തിയ വംഗരാജാവും ജരാസന്ധസഹായിയായി പോരടിച്ചു. പ്രാണന്‍ ത്യജിച്ചും ജരാസന്ധനെ സഹായിക്കണമെന്ന ഉദ്ദ്യേശ്യത്തോടെ വേറെയും ചില രാജാക്കന്മാര്‍ മാഗധപക്ഷം ചേര്‍ന്നിട്ടുണ്ടായിരുന്നു.
ഇരുപക്ഷവും അസാധാരണവീര്യത്തോടെ യുദ്ധം ചെയ്തു. ബാണങ്ങള്‍ കൊണ്ടാകാശം മൂടി. എങ്ങും അന്ധകാരം പരന്നു. ശ്രീകൃഷ്ണഭഗവാന്‍ ശാര്‍ങ്ഗംകൊണ്ട് ഞാണൊലിയിട്ടു.
‘നനാദ തേന ബ്രാഹ്മാണ്ഡം
സപ്ത ലോകൈഃ ബിലൈഃസഹ
വിചേലുര്‍ദ്ദിഗ്ഗജാസ്താരാ
രാജന്‍, ഭുഖണ്ഡ മണ്ഡലം’
(ആ ഭീകര നാദത്താല്‍ ബ്രഹ്മാണ്ഡം വിറച്ചുപോയി. ദിഗ്ഗദങ്ങളും താരങ്ങളും വിചലിതങ്ങളായി.) ശത്രുക്കളുടെ ചെവിപൊടിഞ്ഞുപോയി. ആ ഞാണൊലി കേട്ട് ഞെട്ടിയ കുതിരകള്‍ നിലത്തു നിന്നുയര്‍ന്ന് ചിതറിവീണു. ആനകള്‍ മുഖംതിരിച്ചു. സേനകള്‍ നാലുപാടുമോടി. അവര്‍ വീണ്ടും യുദ്ധാങ്കണത്തില്‍ത്തന്നെ വന്നു. ശ്രീകൃഷ്ണന്‍ മിന്നുന്ന ബാണങ്ങളാല്‍ ജരാസന്ധസൈന്യത്തെമൂടി. ഇരുസേനകള്‍ക്കും കനത്തനാശമുണ്ടായി. ബാണങ്ങളേറ്റ് തേരുകളും കുതിരകളും ചൂര്‍ണ്ണിതങ്ങളായി ആനകള്‍ പിളര്‍ക്കപ്പെട്ടു. കുതിരകളും കുതിരപ്പടയാളികളും രണാങ്കണത്തില്‍ തലയറ്റുവീണു. മഹാരഥന്മാരുടെ കവചങ്ങള്‍ പൊളിഞ്ഞു. ബാനങ്ങളാല്‍ തലമുറിഞ്ഞ് താഴെ വീഴ്ത്തപ്പെട്ടു! ക്ഷണനേരംകൊണ്ട് നൂറുക്രോശം നീളത്തില്‍, ചോരപ്പുഴയൊഴുകാന്‍ തുടങ്ങി.
ആനകളാകുന്ന മുതലകള്‍, ഒട്ടകം, കുതിരകള്‍ മുതലായ ആമകള്‍, വിരലുകളാകുന്ന മത്സ്യങ്ങള്‍, കൈകളാകുന്ന സര്‍പ്പങ്ങള്‍, മുടികളാകുന്ന ചണ്ടി, രത്‌നങ്ങളും കുണ്ഡലങ്ങളുമാകുന്ന മണല്‍ക്കൂമ്പാരങ്ങള്‍, ശസ്ത്രങ്ങളാകുന്ന ചിപ്പികള്‍, ഛത്രങ്ങളായ ശംഖുകള്‍, ചക്രങ്ങളാകുന്ന ചുഴികള്‍ എന്നിവയും ഇരുഭാഗത്തുമുള്ള സേനകളാകുന്ന കരകളും ചേര്‍ന്ന് ആ രണാങ്കണം വൈതരണിപോലെ കാണപ്പെട്ടു. ഭൂതങ്ങളും വേതാളങ്ങളും അട്ടഹസിച്ചു. തലടോയുകള്‍ കൊണ്ട് ചോര മുക്കിക്കുടിച്ച്, അവ, നൃത്തം ചെയ്തു. ക്ഷാത്രധര്‍മ്മമനുസരിച്ച് വീരസ്വര്‍ഗ്ഗം പൂകിയവരെ വിദ്യാധരികളും ഗന്ധര്‍വ്വികളും മാലയിട്ടു സ്വീകരിച്ചു. ധീരരായ രാജാക്കന്മാര്‍ വീരമൃത്യുവരിച്ച് സൂര്യമണ്ഡലവും ഭേദിച്ച് വിഷ്ണുപദം പ്രാപിച്ചു. ശേഷിച്ച യോദ്ധാക്കളെ ബലദേവന്‍, ഹലം കൊണ്ടാകര്‍ഷിച്ച് മുസലംകൊണ്ട് അടിച്ചുകൊന്നു.
സൈന്യങ്ങളെല്ലാം ഭയന്നോടിയപ്പോള്‍ ലക്ഷം ആനകളുടെ ബലമുള്ള ജരാസന്ധന്‍ രഥത്തിലേറി ബലരാമനോടെതിര്‍ത്തു. രാമന്‍, ജരാസന്ധരഥത്തെ സീരാഗ്രംകൊണ്ടു വലിച്ചു. മുസലംകൊണ്ട് തേര്‍ത്തടം പൊടിയാക്കി. കുതിരകളേയും സാരഥികളേയും തകര്‍ത്തു. ബലിഷ്ഠകരങ്ങളാല്‍ രാമന്‍, ജരാസന്ധനെ പിടിച്ചു. അവര്‍ തമ്മില്‍ അസാധാരണമാംവിധം യുദ്ധം ചെയ്തു. ആ മല്ലയുദ്ധം കാണികളെ ഭയപ്പെടുത്തി. യുദ്ധ ഗാംഭീര്യത്താല്‍ ഭൂഖണ്ഡം തന്നെ പിളര്‍ന്നുപോയി. ബലന് ജരാസന്ധനെ കൈകള്‍ കൊണ്ട് വലിച്ച് നിലത്തുവീഴ്ത്തി. മാറത്തു കയറിയിരുന്ന്, മാഗധനെ, ഉലക്കകൊണ്ടടിച്ചുകൊല്ലാനൊരുങ്ങി. ഉത്തരക്ഷണത്തില്‍, ശ്രീകൃഷ്ണന്‍, രാമനെ തടഞ്ഞു. ജരാസന്ധനെ കൊല്ലാതെവിട്ടു. അയാള്‍ ലജ്ജിച്ചു തലതാഴ്ത്തി. നിരാശമുറ്റിയ മഗധരാജന്‍ തപസ്സിനു കോപ്പുകൂട്ടി. നയതന്ത്രജ്ഞരായ മന്ത്രിമാര്‍, ഓരോ ഉപായം പറഞ്ഞ് അയാളെ പിന്‍തിരിപ്പിച്ചു. അവസാനം ജരാസന്ധന്‍, തന്റെ കൊട്ടാരത്തിലേക്കുതന്നെ മടങ്ങി.
ജരാസന്ധനെ ജയിച്ച ഭഗവാന്‍, യുദ്ധത്തില്‍ കിട്ടിയ ധനവുമെടുപ്പിച്ച്, വിജയഭേരിയും മുഴക്കി, ഘോഷയാത്രയായി, മഥുരയില്‍ പ്രവേശിച്ചു. പൗരാവലിയുടെ സ്വീകരണവും അഭിനന്ദനവും ഏറ്റുവാങ്ങിയ ശ്രീകൃഷ്ണന്‍, ബലരാമസഹിതനായി, ഉഗ്രസേന മഹാരാജാവിനടുക്കലെത്തി. ധനമെല്ലാം അദ്ദേഹത്തിന് കാഴ്ചവച്ച് നമസ്‌ക്കരിച്ചു.
ശ്രീകൃഷ്ണനും ജരാസന്ധനുമായുള്ള യുദ്ധകഥ ഗര്‍ഗ്ഗഭാഗവതത്തിലും വ്യാസഭാഗവതത്തിലും ഏകദേശം ഒരുപോലെയാണ് ആഖ്യാനം ചെയ്തിട്ടുള്ളത്. ശ്രീമദ്ഭാഗവതം ദശമസ്‌കന്ധത്തിലെ 50,51,72 എന്നീ മൂന്നയദ്ധ്യായങ്ങളിലായിട്ടാണ് ജരാസന്ധകഥ വിവരിച്ചിട്ടുള്ളത്. ഗര്‍ഗ്ഗമുനി, ഇക്കഥ, കൂടുതല്‍ നാടകയീമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. ഗര്‍ഗ്ഗഭാഗവതത്തിലെ ദ്വാരകാഖണ്ഡം 1,2 അദ്ധ്യായങ്ങളും വിശ്വജിത് ഖണ്ഡത്തിലെ 17-ാം അദ്ധ്യായവും ജരാസന്ധകഥയാല്‍ സമ്പുഷ്ടങ്ങളാണ്.
കംസവധാനന്തരം, അയാളുടെ പ്രിയപത്‌നിമാര്‍ പിതാവിന്നടുക്കലേക്കു പോയി എന്നുപറഞ്ഞുകൊണ്ടാണ് ജരാസന്ധകഥ ആരംഭിക്കുന്നത്. അസ്തിയേയും പ്രാപ്തിയേയും കംസപത്‌നിമാരായി ചിത്രീകരിച്ചിട്ടുള്ളതുതന്നെ പ്രതീകാത്മകമായ കല്പനയാണ്. നാശകാരിയായ കംസന്റെ ദുഷ്ടവാസനയും ദ്രോഹബുദ്ധിയുമാണ് അവപ്രതിനിധീകരിക്കുന്നത്. നാശഭാവത്തിന് നിലയില്ലാതയതോടെ അവയ്ക്ക് ആധാരമില്ലാതായി. അതിനാല്‍ അവ തങ്ങള്‍ക്കു കാരണമായ ‘ജരാസന്ധ’ന്റെ അടുക്കലെത്തി. ജരയാല്‍ സന്ധിപ്പിക്കപ്പെട്ടവനാണ് ‘ജരാസന്ധന്‍’! ജര ഒരു അസുരസ്ത്രീയാണ്. ആസുരത്വത്തിന്റെ സൃഷ്ടിയാണ് ജരാസന്ധന്‍! ഇന്ദ്രിയമഗ്നതയാണ് അവന്റെ ലക്ഷണം! കംസന്റെ രക്ഷാകര്‍ത്തൃത്വത്തില്‍നിന്ന് ദുഷ്ടവാസനയും (അസ്തി) ദ്രോഹബുദ്ധിയും (പ്രാപ്തി) ആസുരതയുടെ സ്പഷ്ടപ്രതീകമായ ‘ജരാസന്ധ’നെ ആശ്രയിച്ചു എന്നു സാരം! അതോടെ ‘ജരാസന്ധ’ന് സുരഭാവത്തോട് വിരോധം കൂടി. ജാമാതാവായ കംസനെ വധിച്ച കൃഷ്ണനോടുള്ള വിരോധം പതിന്മടങ്ങായി. ആസുരതയ്ക്ക് ദേവഭാവത്തോട് വിദ്വേഷമുണ്ടാകുന്നത് സ്വാഭാവികം! ‘ജരാസന്ധ’ന്റെ മക്കളാണ് അസ്തി – പ്രാപ്തികളെന്ന സങ്കല്പം ഇവിടെ കൂടുതല്‍ അര്‍ത്ഥവത്താകുന്നു. ഏറ്റവും ആദ്യം ലഭിക്കുന്ന അവസരം ലക്ഷ്യമാണ് ‘ജരാസന്ധ’ര്‍ക്കുണ്ടാവുക!
ശ്രീകൃഷ്ണ ഭഗവാനുമായി ഏറ്റുമുട്ടാനിറങ്ങിയ ജരാസന്ധന് ഇരുപത്തിമൂന്ന് അക്ഷൗഹിണി സേനകളാണ് സഹായികളായത്. തന്റെ തന്നെ പത്തക്ഷൗഹിണിയും ദുര്യോധന സൈന്യമായി അഞ്ചും വിന്ധ്യരാജന്റെ അഞ്ചും വംഗരാജാവിന്റെ മൂന്നും അക്ഷൗഹിണികളടക്കമാണ് ഈ ഇരുപത്തിമൂന്നക്ഷൗഹിണി. വ്യാസരും ജരാസന്ധസേന ഇരുപത്തിമൂന്ന് അക്ഷൗഹിണി എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്. കര്‍മ്മജ്ഞാനേന്ദ്രിയങ്ങളാണ് ജരാസന്ധന്റെ പത്തക്ഷൗഹിണിസേന! ദുര്യോധന വിന്ധ്യന്മാര്‍ നല്‍കിയ അഞ്ചഞ്ച് അക്ഷൗഹിണികള്‍ മഹാഭൂതങ്ങളും അവയുടെ സൂക്ഷ്മമൂലകങ്ങളുമാണ്. മണ്ണ്, വെള്ളം മുതലായ പഞ്ചഭൂതങ്ങളും ഗന്ധം, രസം മുതലായ സൂക്ഷ്മതത്ത്വങ്ങളും. വംശരാജാവിന്റെ മൂന്ന് അക്ഷൗഹിണിയാകട്ടെ, ത്രിഗുണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ദ്രിയ പ്രധാനവര്‍ത്തനയുള്ള ജരാസന്ധന്റെ മൗലികസ്വഭാവഘടകങ്ങളിവിടെ സ്പഷ്ടമാകുന്നു. ആസുരത്വം മുറ്റിയ കര്‍മ്മജ്ഞാനേന്ദ്രിയങ്ങള്‍ പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തെ അഹകൃതമാക്കുന്നു. അതോടൊപ്പം സത്വരജസ്തമോഗുണങ്ങളും ചേര്‍ന്ന് കൂടുതല്‍ ദുര്‍മ്മാര്‍ഗ്ഗചാരിയാകുന്നു. യാദവരെ മുഴുവന്‍ ഭൂമുഖത്തുനിന്ന് ഇല്ലാതാകുമെന്ന ജരാസന്ധപ്രതിജ്ഞ ഈ അര്‍ത്ഥത്തിലേ കാണാവൂ! ദുര്‍ബ്ബുദ്ധികള്‍ എന്നും സജ്ജനനാശം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാണ്.!
തല്‍ക്കാലം ജരാസന്ധനെ വധിക്കേണ്ടതില്ലെന്നും വീണ്ടും വീണ്ടും യുദ്ധത്തിനടുക്കുന്ന ആ നീചന്റെ സൈന്യത്തെ വധിക്കണമെന്നും കൃഷ്ണന്‍ ജ്യേഷ്ഠന് നിര്‍ദ്ദേശം നല്‍കി. ദുഷ്ടനിഗ്രഹവും സജ്ജന സംരക്ഷയും ആ തുടര്‍ യുദ്ധത്തിലൂടെ സാധിക്കാമെന്നാണദ്ദേഹത്തിന്റെ അഭിപ്രായം! ‘പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം’ എന്ന ഭഗവത് വചനം സാര്‍ത്ഥമാക്കുന്ന പ്രവൃത്തിയാണിത്. കൃഷ്ണാവതാരോദ്ദേശ്യംതന്നെ അതാണല്ലോ? ഇന്ത്രിയാസക്തിയോടെ, ശരീര ഭാവനയോടെ മദാന്വിതമായി മാറുന്ന ആസുരതയെ തകര്‍ക്കുകയാണ് ‘ദേവധര്‍മ്മം’! അതിനുള്ള അവസരം വര്‍ദ്ധിപ്പിക്കുന്നതാണ് ജരാസന്ധയുദ്ധ കഥ! പതിനെട്ടു പ്രാവശ്യമാണ് കൃഷ്ണന്‍ ജരാസന്ധനുമായി യുദ്ധം ചെയ്തത്. ഇതിനകം ബലരാമനും കൃഷ്ണനും ജരാസന്ധനെ വധിക്കാന്‍ പല അവസരങ്ങള്‍ ലഭിച്ചു. എന്നിട്ടും അതിന്നൊരുമ്പെടാതെ അയാളെ തോല്പിച്ച് സൈന്യനാശം വരുത്തുകയാണുണ്ടായത്. അധര്‍മ്മത്തിനുണ്ടാകുന്ന അഭ്യുത്ഥാനത്തെ അമര്‍ത്തുകയെന്ന അവതാരോദ്ദേശ്യം സാദ്ധ്യമാക്കുകയാണ് ഈ പ്രവൃത്തിയിലെ പൊരുള്‍! ‘ഈയാള്‍ കാരണമായി ഭൂഭാരം കുറയ്ക്കാമല്ലോ. സജ്ജനങ്ങള്‍ക്ക് സന്തോഷമുണ്ടാവുകയും ചെയ്യും’ എന്ന കൃഷ്ണന്റെ വാക്കുകളും ഈ തത്ത്വം വിശദമാക്കുന്നു.
ജരാസന്ധനുമായി യുദ്ധത്തിന് തയ്യാറെടുത്തപ്പോള്‍ വൈകുണ്ഠത്തില്‍ നിന്നും രണ്ടു രഥങ്ങള്‍ വന്നെത്തി. അവയിലേറിയാണ് ബലരാമനും ശ്രീകൃഷ്ണനും യുദ്ധത്തിനിറങ്ങിയത്. ഇവരുടെ യുദ്ധസന്നദ്ധമായ ശരീരങ്ങളാണ് ഈ രഥങ്ങള്‍! കുണ്ഠതയില്ലാത്തിടമായ ‘വൈകുണ്ഠത്തില്‍’ നിന്നാണവയുടെ വരവ്! രാമകൃഷ്ണന്മാര്‍ കര്‍മ്മോത്സുകരായി യുദ്ധത്തിനുപുറപ്പെട്ടു എന്നുസാരം! ശരീരപ്രതീകമായി രഥത്തെ സങ്കല്പിക്കുന്ന രീതി, ഔപനിഷദവും പൗരാണികവുമാണ്. ‘ആത്മാനം രഥിനം വിദ്ധി’ എന്ന കം വാക്യം ഇത്തരുണത്തില്‍ സ്മരണീയമാണ്. പതിനെട്ടുപ്രാവശ്യം മഗധാധിപനുമായി യുദ്ധം ചെയ്തു എന്നതും നിരീക്ഷണാര്‍ഹമായ സൂചനയാണ്. കര്‍മ്മജ്ഞാനേന്ദ്രിയങ്ങളിലെ മദാന്ധതയുടേയും കാമക്രോധാദി അഷ്ടരാഗങ്ങളുടേയും പരാജയമാണ് ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ ആസുരതയ്ക്കു മങ്ങലേല്‍പ്പിച്ച ശേഷമാണ് ഭീമന് ജരാസന്ധനെ വധിക്കാന്‍ കഴിഞ്ഞത്. ദേവശക്തിയുമായി ആസുരത ഏറ്റുമുട്ടുമ്പോഴെല്ലാം പരാജയം സംഭവിക്കുമെങ്കിലും അസുരത്വമടങ്ങുകയില്ല. സമ്പൂര്‍ണ്ണനാശം വരുന്നതുവരെ അത് ഏറ്റെതിര്‍ത്തുകൊണ്ടേയിരിക്കും. ഇന്ദ്രിയാസക്തമായ മനസ്സ് അങ്ങനെയാണ്. അതിന്റെ ‘പുത്രിമാരാ’യ അസ്തിപ്രാപ്തികളുടെ സന്തോഷത്തിനായി നിരന്തരം യത്‌നിച്ചുകൊണ്ടേയിരിക്കും. ദുഷ്ടവാസനയും തജ്ജന്യമായ ദ്രോഹബുദ്ധിയും ഒരിക്കലും അടങ്ങിയിരിക്കുന്നതാവില്ലല്ലോ?
ധര്‍മ്മാധര്‍മ്മങ്ങള്‍ ഏറ്റുമുട്ടിയ ശ്രീകൃഷ്ണ ജരാസന്ധയുദ്ധത്തെ മനോജ്ഞമായൊരു ഉപമയിലൂടെ, മറ്റൊരര്‍ത്ഥതലംകൂടി നല്‍കിയിരിക്കുകയാണ് ഗര്‍ഗ്ഗാചാര്യര്‍. ഈ യുദ്ധം ജീവിതായോധനമാണ്! ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മില്‍ പൊരുതുന്ന ജീവിത സമരം! യുദ്ധാങ്കണം ഒരു ‘വൈതരണി’യായി കാണപ്പെട്ടുവത്രേ! യമലോകത്തെ ചുറ്റിയൊഴുകുന്ന അഗ്നിപുഴയായിട്ടാണ് വൈതരണി സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. ‘നശ്യജീവലോകം’ നദിയെ തരണം ചെയ്യേണ്ടതാണത്രേ! ആര്‍ക്കും അതൊഴിവാക്കനൊക്കുകയില്ലപോല്‍. ജീവിത സംഗരം വൈതരണീലംഘനംപോലെ ദുര്‍ഘടമാണ്. ധര്‍മ്മാധര്‍മ്മങ്ങളാണ് ഈ പുഴയിലെ രണ്ടു കരകള്‍. ശ്രീകൃഷ്ണ ജരാസന്ധസൈന്യങ്ങള്‍ ഇവയുടെ പ്രതീകങ്ങളാണ്. ലൗകികാസക്തിയാകുന്ന രക്തപ്പുഴയിലിറങ്ങിത്തുടിക്കുന്ന ജീവന് അതിനെ കടക്കുവാനുള്ള തത്രപ്പാട് അത്ര ലഘുവായിരിക്കുകയില്ല. ഇന്ദ്രിയാസക്തമായ ജീവന് ദേവഭാവവുമായി ലയമുണ്ടാകുന്നതുവരെ ഈ ‘വൈതരണി’യില്‍ മുങ്ങിയും പൊങ്ങിയും കഴിയേണ്ടിവരും. വിജയസാദ്ധ്യത്തിനായി ഏതേതുപകരണത്തെ ആശ്രയിക്കുന്നുവോ അവ ഓരോന്നും, ആ ‘നദി’യില്‍, വിഘ്‌നങ്ങളായേ വരൂ! കുതിരയും ഒട്ടകവുമൊക്കെ വാഹനങ്ങളാണ്. അവയ്ക്ക് അംഗഭംഗം വന്നാല്‍ ‘യാത്ര’ ദുര്‍ഘടമാവാതെ തരമില്ലല്ലോ! രക്തപ്പുഴയിലെ ഒഴുക്ക് – ഇന്ദ്രിയമഗ്നത – ജീവിതഗതിയുടെ വേഗം കുറയ്ക്കും. യുദ്ധത്തില്‍ കുഴഞ്ഞുപോകുന്ന കൈകള്‍ സര്‍പ്പങ്ങളെപ്പോലെ ഗതിമുടക്കും. മൗലീരത്‌നങ്ങളും കുണ്ഡലങ്ങളും ഇന്ദ്രിയമാഥികളായ ആഡംബരവസ്തുക്കള്‍ – ലൗകികാസക്ത ജീവിതത്തിന് വിഘ്‌നമുണ്ടാക്കും. യാത്രാപഥങ്ങളില്‍ കല്‍ക്കൂമ്പാരങ്ങള്‍പോലെ. ഛത്രചാമരദ്ധ്വജാദികള്‍ മണല്‍ത്തിട്ടകളായി തടസ്സം ചെയ്യും. ആര്‍ഭാടവസ്തുക്കളോരോന്നും പുറമേ സുഖദങ്ങളായി തോന്നുമെങ്കിലും, ദുര്‍ഘടകാരണങ്ങളായി വര്‍ത്തിച്ചുകൊണ്ടിരിക്കും. സുഖയാനുപാത്രമായ തേരിലെ ചക്രങ്ങള്‍പോലും ഈ ‘നദി’കളില്‍ ‘ചുഴി’കളായി മാറും. ഇവയെ ത്യജിച്ച് ഗതഭാരനായി സഞ്ചരിക്കുന്ന വ്യക്തിക്കുമാത്രമേ മുകുന്ദനില്‍ ചേര്‍ത്ത മനസ്സുമായി സസുഖം മറുകരയണയാന്‍ സാധിക്കുകയുള്ളൂ. അതിന് ‘ജരാസന്ധന്‍’ ദീര്‍ഘകാലം യത്‌നിക്കേണ്ടിവന്നു. ജനനമരണപുനര്‍ജ്ജനനാദി പ്രക്രിയകളിലൂടെ ഉണ്ടാകുന്ന മാനസ ശുദ്ധി പൂര്‍ണ്ണസായൂജ്യപദവിയണയ്ക്കുന്നു. ആ ലക്ഷ്യമാകട്ടെ ജരാസന്ധന് – ലൗകീകാസക്തിന് കൈവരുകയില്ല. അപ്പോള്‍ പിന്നെ യുദ്ധം തുടരാതെ വയ്യല്ലോ?
ബലരാമന്‍ ജരാസന്ധനെ പിടിച്ച് മുസലം കൊണ്ടടിച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ കൃഷ്ണന്‍, കൊല്ലാതെ വിടുവാനാണ് ജ്യേഷ്ഠനോട് നിര്‍ദ്ദേശിച്ചത്. ജരാസന്ധപരിവാരങ്ങളായ ദുര്‍ജ്ജനങ്ങളെ നശിപ്പിക്കുവാന്‍ കൂടുതല്‍ അവസരമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ഗര്‍ഗ്ഗാചാര്യര്‍ പറയുന്നു. സൂക്ഷ്മാര്‍ത്ഥമാലോചിച്ചാല്‍ ജരാസന്ധന് മോചനത്തിനുള്ള പാകത ഉണ്ടാകട്ടെയന്ന ചിന്തയാണതിനുകാരണമെന്നു മനസ്സിലാകും. ലൗകികാസക്തമായ ജീവന്‍ ഇന്ദ്രിയമഗ്നമായി തോറ്റും ശ്രമിച്ചും തുടരുന്ന ജീവിതായോധനമാണ് ജരാസന്ധയുദ്ധത്തിലെ സൂക്ഷ്മതത്ത്വം!
പതിനേഴു പ്രാവശ്യം തോറ്റിട്ടും കലിയടങ്ങാത്ത ജരാസന്ധന്‍ പതിനെട്ടാമതും യുദ്ധത്തിനൊരുങ്ങി. ഓരോ പരാജയത്തിലും അയാള്‍ക്ക് വമ്പിച്ച സേനാ നാശമുണ്ടായി. ആ അസുരന് കാലയവനന്റെ സഹായവും കിട്ടി. മ്ലേച്ഛ സൈന്യം (യവനന്റെ സേന) മഥുരാവാസികളെ ഭയചകിതരാക്കി. അപ്പോള്‍
ശ്രീ ഭഗവാന്‍ –
‘ സ്വജ്ഞാതി ബന്ധുരക്ഷാര്‍ത്ഥം
സമുേ്രദ ഭീമനാദിനീ
ചകാര ദ്വാരകാ ദുര്‍ഗ്ഗ-
മേകരാത്രേണ മാധവഃ’
(ശ്രീകൃഷ്ണന്‍ ബന്ധുജന രക്ഷയ്ക്കായി, ഒറ്റരാത്രികൊണ്ട് ഭീമനാദിനിയായ സമുദ്രത്തില്‍ ദ്വാരകാദുര്‍ഗ്ഗം സൃഷ്ടിച്ചു). അഷ്ടദിക്പാലന്മാരുടെ വൈഭവ പ്രയോഗത്തില്‍ വിശ്വകര്‍മ്മാവു നിര്‍മ്മിച്ച ദ്വാരകയില്‍ സര്‍വ്വ വൈകുണ്ഠ സമ്പത്തും നിറഞ്ഞിരുന്നു. യോഗശക്തിയാല്‍ ഭഗവാന്‍, ഏവരേയും ദ്വാരകയിലേക്കു മാറ്റി പാര്‍പ്പിച്ചു. എന്നിട്ട് നിരായുധനായ കൃഷ്ണന്‍ പുറത്തിറങ്ങി. ആ തക്കം നോക്കി കാലയവനന്‍ കൃഷ്ണ ഭഗവാനോട് യുദ്ധത്തിനൊരുങ്ങി. ഭയം നടിച്ച ശ്രീകൃഷ്ണന്‍ യുദ്ധാങ്കണത്തില്‍ നിന്ന് പിന്തിരിഞ്ഞോടി.
‘പരാങ്മുഖം പ്രാദ്രവന്തം
ദുരാപം യോഗിനാമപി
ജിഘൃക്ഷുസ്തം ചാന്വധാവത്
സൈനികാനാം പ്രവശ്യതാം.’
(പരാജ്മുഖനും വേഗത്തിലോടുന്നവനും യോഗികള്‍ക്കുപോലും അപ്രാപ്യനുമായ ഭഗവാനെ പിടിക്കാന്‍ യവനന്‍ പിന്നാലെ ഓടി.) അല്പം വേഗം കൂട്ടിയാല്‍ കൈകൊണ്ടു പിടിക്കാന്‍ കഴിയുമെന്നു തോന്നിക്കുമാറ് കൃഷ്ണന്‍ ഓടി. അദ്ദേഹം അടുത്തുള്ള ശ്യാമള പര്‍വ്വതത്തിലെ ഒരു ഗുഹയില്‍ ചെന്നു കയറി.
മാന്ധാതാവിന്റെ പുത്രനായ മുചുകുന്ദന്‍ ആ ഗുഹയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. മുമ്പ്, കൃതായുഗത്തില്‍, മുചുകുന്ദന്‍ ദേവന്മാര്‍ക്കായി ദീര്‍ഘകാലം യുദ്ധം ചെയ്തു. രാവും പകലും ഇടവിടാതെ. യുദ്ധാന്തത്തില്‍ സന്തുഷ്ടരായ ദേവന്മാര്‍ രാജാവിനോട്, വരം ചോദിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടു. ദീര്‍ഘകാലം നിദ്രവേണമെന്നായിരുന്നു മാന്ധാതൃപുത്രന്റെ ആവശ്യം! മാത്രമല്ല, നിദ്രാവസാനത്തില്‍ ഭഗവദ്ദര്‍ശനമുണ്ടാകണമെന്നും അദ്ദേഹം അര്‍ത്ഥിച്ചു. വരം നേടി സന്തോഷിച്ച് മുചുകുന്ദന്‍ അപ്പഴേ മേല്‍പറഞ്ഞഗുഹയില്‍ ചെന്നു ശയിച്ചു. കൃഷ്ണ സംഹാരം കൊതിച്ച് പിന്നാലെ ഓടിചെന്ന യവനന്‍ പീതാംബരധാരിയായി, ഗുഹാന്തരത്തിലുറങ്ങിക്കിടന്നിരുന്ന മുചുകുന്ദനെ കണ്ടു. കൃഷ്ണനാണെന്നു തെറ്റിദ്ധരിച്ച യവനന്‍ അദ്ദേഹത്തെ ചവിട്ടി. പെട്ടെന്നുണര്‍ന്ന മുചുകുന്ദന്‍ മുന്നില്‍ നില്‍ക്കുന്ന അസുരനെ കണ്ടു. രാജാവിന്റെ ദൃഷ്ടിപാതത്താല്‍ത്തന്നെ യവനന്‍ ഭസ്മമായി! ഉടന്‍ മുചുകുന്ദന്റെ മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്‍ പ്രത്യക്ഷനായി. ശ്രീകൃഷ്ണനെ നന്നായി മനസ്സിലാക്കിയ മുചുകുന്ദന്‍ കൈകള്‍ കൂപ്പിസ്തുതിച്ചു.
‘ഹരേ മത്സമഃ പാതകീ നാസ്തി ഭൂമൗ
തഥാ ത്വത്സമോ നാസ്തി പാപാപഹാരീ
ഇതി ത്വം ച മത്വാ ജഗന്നാഥ ദേവ
യഥേഛാ ഭവേത്തേ തഥാ മാം കുരു ത്വം’
പ്രഭോ, എനിക്കു സമാനനായ ഒരു പാപിയില്ല. അങ്ങേയ്ക്കു തുല്യനായ പാപഹാരിയും. ഹേ, ജഗന്നാഥാ, ഇപ്രകാരം ചിന്തിച്ച് എന്താണങ്ങേയ്ക്കു തോന്നുന്നത്, എന്നെ ആവിധമാക്കിയാലും.)
മുചുകുന്ദ മഹാരാജാവിന്റെ സ്തുതികേട്ട് പരമാനന്ദസ്വരൂപനായി ഹരി, നിര്‍ഗ്ഗുണ ഭക്തനാണ് സ്‌തോതാവെന്നറിഞ്ഞ് ഇപ്രകാരം പറഞ്ഞു ഃ- ‘ഹേ മഹാത്മന്‍, അങ്ങു ധന്യനാണ്. ദിവ്യവും നിരപേക്ഷവുമായ ഭക്തിഭാവം അങ്ങയുടെ മനസ്സില്‍ നിറഞ്ഞിരിക്കുന്നു.) അങ്ങ് ഇപ്പോള്‍ തന്നെ, എന്റെ സ്ഥാനമായ ബദര്യാശ്രമത്തില്‍ ചെന്ന് തപം ചെയ്ത് ബ്രഹ്മജ്ഞനാവുക!’ മുചുകുന്ദ രാജാവ് ഭഗവാനെ സ്തുതിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്തു. നമസ്‌കരിച്ചു. എന്നിട്ട് ഗുഹയില്‍ നിന്നും പുറത്തിറങ്ങി. സാലവൃക്ഷംപോലെ പടുകൂറ്റനായ രാജാവിനെക്കണ്ട് ദ്വാപരയുഗത്തിലെ ചെറിയ മനുഷ്യര്‍ ഭയന്നുപോയി. ഭീതി വേണ്ടെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയ രാജാവ് വടക്കു ദിക്കിലേക്കു നടന്നുപോയി. ഭഗവനാകട്ടെ മഥുരാപുരിയിലെത്തി മ്ലേച്ഛസേനയെക്കൊണ്ടുതന്നെ അവരുടെ ധനമെടുപ്പിച്ച് ഉഗ്രസേനരാജാവിനു കൊടുപ്പിച്ചു.
ജരാസന്ധന്‍ പിന്നെയും യുദ്ധത്തിനു തയ്യാറെടുത്തു. ആദ്യം ജൗതിഷികളെവരുത്തി യുദ്ധാരംഭത്തിനുള്ള നല്ല മുഹൂര്‍ത്തം കുറിപ്പിച്ചു. അവരുടെ നിശ്ചയം ശരിയാകുമോ എന്നു സംശയിച്ച മാഗധന്‍ ആ പണ്ഡിതന്മാരെ തുറുങ്കിലടച്ചു. വിജയിച്ചെത്തിയാല്‍ അവരെ മോചിപ്പിക്കാമെന്ന് വാക്കുകൊടുത്തു. പിന്നീടാണയാല്‍ ഇരുപത്തിമൂന്നു അക്ഷൗഹിണി സേനയുമായി വാസുദേവനോടെതിര്‍ത്തത്. ഭക്തരായ ജ്യോത്സ്യന്മാരെ രക്ഷിക്കാന്‍, ഭഗവാന്‍, സ്വയം തോല്‍വി നടിച്ചു. ഭീതരായപോലെ രാമനും കൃഷ്ണനും മഥുരയില്‍ നിന്ന് പലയനം ചെയ്തു. ജരാസന്ധന്‍, പരിഹസിച്ചുകൊണ്ട് അവരെ പിന്തുടര്‍ന്നു. ഭഗവാന്‍ ജ്യേഷ്ഠനോടൊത്ത് പ്രവര്‍ഷണഗിരിയിലേക്കു കയറി. രാമകൃഷ്ണന്മാരെ നശിപ്പിക്കാനായി ജരാസന്ധന്‍ ആ പര്‍വ്വതത്തെ ചുട്ടുചാരമാക്കി. എന്നാല്‍ ബലനും ഭഗവാനും പതിനൊന്നു യോജന മേല്‌പോട്ടുചാടി ദ്വാരകയിലെത്തി. ഇതറിയാതെ ജരാസന്ധന്‍, ജയഭേരിമുഴക്കിക്കൊണ്ട് സ്വന്തം നഗരത്തിലെത്തി. ജ്യോത്സ്യന്മാരെ മോചിപ്പിച്ച് പൂജിപ്പിച്ചു! ബ്രാഹ്മണ സഹായമുണ്ടായാല്‍ പരാജയമുണ്ടാവുകയില്ലെന്ന് അയാള്‍ സമ്മതിച്ചു.
ഏറെക്കാലം കഴിഞ്ഞ് ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്‌നന്‍ ജരാസന്ധനുമായി യുദ്ധം ചെയ്തു. രാജസൂയ യാഗം നടത്തിയ ഉഗ്രസേനമഹാരാജാവിന്റെ പ്രതിനിധിയായ പ്രദ്യുമ്‌നന്‍ മേദ്ധ്യശ്വവുമായി ഭൂപ്രദക്ഷിണം ചെയ്തു. സേനാസമന്വിതം ലോകസഞ്ചാരം നടത്തിയ കൃഷ്ണപുത്രന്‍ സര്‍വ്വരാജ്യങ്ങളേയും കീഴ്‌പെടുത്തി. രാജാക്കന്മാരില്‍ നിന്നു കപ്പം വാങ്ങി ഉഗ്രസേനന് കാഴ്ചവച്ചു. അങ്ങനെ രുഗ്മിണീസുതന്‍ മഗധയിലെത്തി. അതറിഞ്ഞ് ജരാസന്ധന്‍ കോപിഷ്ഠനായി.
‘തുച്ഛാ യേ യാദവാ സര്‍വ്വേ
യുധി വക്ലവ ചേതസഃ
തേfദൈ്യവ ജഗതിം ജേതും
നിര്‍ഗ്ഗതാ ഗതബുദ്ധയഃ’
(ഭീരുക്കളായ യദുക്കള്‍ യുദ്ധത്തില്‍ ദുര്‍ബ്ബലരാണ്. ഈ കെടുമതികള്‍ ഇപ്പോള്‍ ദിഗ്വിജയത്തിനിറങ്ങിയിരിക്കുന്നു!) ‘പ്രവര്‍ഷണത്തില്‍വച്ച് രാമകൃഷ്ണന്മാരെ ഞാന്‍ ചുട്ടതാണ്. പക്ഷേ, അവര്‍ എന്നെ കബളിപ്പിച്ച് ദ്വാരകയിലേക്ക് ഓടിപ്പോയി.’
Discussion about this post