തിരുവനന്തപുരം: കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷിതത്വത്തില്‍ ആശങ്കകള്‍ ഒന്നുംതന്നെ വെച്ചുപുലര്‍ത്തേണ്ടതില്ലെന്ന് ആണവനിലയം സൈറ്റ് ഡയറക്ടര്‍ ആര്‍.എസ്.സുന്ദര്‍ വ്യക്തമാക്കി. കൂടംകുളം ആണവനിലയത്തില്‍ നീരാവി കടത്തിവിടുന്ന പൈപ്പ് പൊട്ടുകയോ, പൊട്ടിത്തെറി ഉണ്ടാവുകയോ ചെയ്തിട്ടില്ല. യൂണിറ്റ് ഒന്നിലെ, ടര്‍ബൈന്‍ കെട്ടിടത്തിലെ വാല്‍വിന്റെ അറ്റകുറ്റ പണികള്‍ക്കിടയില്‍ ഉച്ചയ്ക്കു പന്ത്രണ്ടരയോടുകൂടി വാല്‍വില്‍ നിന്നു ചൂടുവെള്ളം പുറത്തേയ്ക്ക് ലീക്ക് ആയതാണ് ആറു പേരുടെ പൊള്ളലിന് കാരണമായതെന്ന് അധികൃതര്‍ വിശദീകരിച്ചു. പരിക്കേറ്റ ആറു പേരെയും ആണവനിലയത്തില്‍ നിന്നുതന്നെയുള്ള പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം നാഗര്‍കോവിലിലുള്ള സ്പെഷാലിറ്റി ആശുപത്രിയിലേയ്ക്കു വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
മുന്‍കൂട്ടി തീരുമാനിച്ച അറ്റകുറ്റപണികള്‍ക്കായി ആണവനിലയത്തിന്റെ യൂണിറ്റ് ഒന്ന് ഈ മാസം പന്ത്രണ്ട് മുതല്‍ പതിനാല് വരെ അടച്ചിരുന്നു. 15-ന് ടര്‍ബൈനിലേയ്ക്കുള്ള നീരാവി കയറ്റിവിടുന്നതിനും ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നതിനിടയിലാണ് വാല്‍വില്‍ നിന്നും ലീക്ക് കാണപ്പെട്ടതെന്നു ഡയറക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Discussion about this post