തിരുവനന്തപുരം: ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള കാവുകളുടെയും കുളങ്ങളുടെയും ആല്‍ത്തറകളുടെയും പുനരുദ്ധാരണ പദ്ധതി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദുചെയ്തും അപേക്ഷ സ്വീകരിക്കാനുള്ള നിബന്ധനകളില്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് ക്ഷേത്രക്കുളങ്ങള്‍ക്ക് അരികിലുള്ള വൃക്ഷങ്ങള്‍, മുളങ്കാടുകള്‍, മറ്റ് വള്ളിപ്പടര്‍പ്പുകള്‍ എന്നിവ വെട്ടിമാറ്റാന്‍ പാടുള്ളതല്ല.
കുളങ്ങള്‍ നവീകരിക്കുന്നതിനായി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ആ ക്ഷേത്രക്കുളങ്ങള്‍ ഭക്തജനങ്ങള്‍ ഉപയോഗിക്കുന്നവയാണെന്ന് ഉറപ്പുവരുത്തണം. ഒരു കുളത്തിന്റെ നവീകരണത്തിന് ചെലവ് മുപ്പത് ലക്ഷം രൂപയില്‍ കവിയരുത്. കാവുകളുടെ പരിരക്ഷയില്‍ പരിസ്ഥിതി മൂല്യങ്ങള്‍ക്ക് പരമാവധി പ്രാധാന്യം കൊടുക്കുകയും അവയ്ക്കു ഭീഷണി നേരിടുന്ന ഘടകങ്ങളെ പ്രതിരോധിക്കാനുമായിരിക്കണം ശ്രമിക്കേണ്ടത്. ലീസ്റ്റ് ഇന്‍വേസീവ് അപ്രോച്ച് ആയിരിക്കണം കാവുകളുടെ സംരക്ഷണത്തില്‍ അവലംബിക്കേണ്ടത്.
നവീകരണ പ്രക്രിയകള്‍ കാവുകളില്‍ നിലവിലുള്ള ആചാരങ്ങളില്‍ ഇടപെടാന്‍ പാടില്ല. കാവുകളുടെ സംരക്ഷണത്തിന് ചെലവിടാനുള്ള തുക പരമാവധി അഞ്ച് ലക്ഷം രൂപയായി നിജപ്പെടുത്തും. ആല്‍ത്തറകളുടെ സംരക്ഷണത്തിന് പരമാവധി രണ്ട് ലക്ഷം രൂപ വരെ അനുവദിക്കാവുന്നതാണ്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കുളങ്ങള്‍, ആല്‍ത്തറകള്‍, കാവുകള്‍ കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ജീര്‍ണ്ണാവസ്ഥയിലുള്ളതുമായ ക്ഷേത്രങ്ങളോടൊപ്പമുള്ള കാവുകള്‍, ആല്‍ത്തറകള്‍, കുളങ്ങള്‍ എന്നിവ കൂടി ഈ പദ്ധതി പ്രകാരം പരിഗണിക്കേണ്ടതാണ്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രക്കുളം/കാവുകള്‍/ആല്‍ത്തറകള്‍ എന്നിവ പുനരുദ്ധരിക്കുന്നതിനിള്ള എസ്റ്റിമേറ്റ് ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡുകളുടെ എഞ്ചിനീയറിങ് വിഭാഗം തയ്യാറാക്കി ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തോടെ സമര്‍പ്പിക്കേണ്ടതാണ്. സ്വകാര്യ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള കാവുകളും കുളങ്ങളും ആല്‍ത്തറകളും സംരക്ഷിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്മേല്‍ നിയന്ത്രണമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയറിങ് വിഭാഗം തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരി അംഗീകരിച്ച് ശുപാര്‍ശ സഹിതം സമര്‍പ്പിക്കേണ്ടതാണ്. കാവുകള്‍/കുളങ്ങള്‍/ആല്‍ത്തറകള്‍ എന്നിവ ഏതെങ്കിലും ക്ഷേത്രത്തിനോട് ചേര്‍ന്നതാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍/ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തലവന്‍ നല്‍കേണ്ടതാണ്. പണിയുടെ പുരോഗതി വിലയിരുത്തി സഹായധനം രണ്ടോ, മൂന്നോ ഗഡുക്കളായി നല്‍കേണ്ടതാണ്. പദ്ധതിയുടെ പുരോഗതി അതത് ദേവസ്വത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ തദ്ദേശ .സ്വയംഭരണ സ്ഥാപനത്തിന്റെ ബന്ധപ്പെട്ട ഓഫീസ് തലവന്‍ വിലയിരുത്തേണ്ടതും തുക വിനിയോഗ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ടതുമാണ്. അനുവദിച്ച തുക ഉപയോഗിച്ചശേഷം ബാക്കി തുക ലഭ്യമാണെങ്കില്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണം. ഫണ്ട് അനുവദിക്കുന്നതിനുള്ള അപേക്ഷ അതത് ദേവസ്വം ബോര്‍ഡുകളില്‍/തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 30 ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷയും അനുബന്ധരേഖകളും അടങ്ങിയ പ്രൊപ്പോസല്‍ സര്‍ക്കാരില്‍ ജൂലൈ 31 നകം സമര്‍പ്പിക്കേണ്ടതുമാണ്.
സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കുന്ന പണി മാത്രമേ ഈ പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ പാടുള്ളൂ. അപേക്ഷകന്റെ പേര്, മേല്‍വിലാസം, ക്ഷേത്ത്രതിന്റെ പേര്, ഏത് ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു, സ്വകാര്യ ക്ഷേത്രം/ട്രസ്റ്റ്/കുടുംബക്ഷേത്രം വിശദാംശങ്ങള്‍, ഏത് പ്രവര്‍ത്തിക്കുള്ള (കാവ്/കുളം/ആല്‍ത്തറ) ധനസഹായത്തിനാണ് അപേക്ഷിക്കുന്നത്. ജില്ല-താലൂക്ക്-വില്ലേജ്, ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ളതാണ്. മൊത്തം അടങ്കല്‍ തുക, അപേക്ഷിക്കുന്ന തുക, മുമ്പ് നവീകരണം നടത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ വര്‍ഷം, മാസം, ചെലവാക്കിയ തുക, ധനസഹായം നല്‍കിയ ഏജന്‍സി എന്നീ വിവരങ്ങള്‍ സത്യവാങ്മൂലം സഹിതം വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രക്കുളം/കാവ്/ആല്‍ത്തറ നവീകരണത്തിന് അനുവദിക്കുന്ന തുകയുടെ ബില്‍ റവന്യൂ (ദേവസ്വം) വകുപ്പ് സെക്രട്ടറി കൗണ്ടര്‍ സൈന്‍ ചെയ്ത് അതത് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍മാര്‍ക്ക് നല്‍കും. ഈ പദ്ധതിയിന്‍ കീഴില്‍ തെരഞ്ഞെടുത്ത സ്വകാര്യ ക്ഷേത്രങ്ങള്‍ക്ക് അനുവദിക്കുന്ന തുകയുടെ ബില്‍ അതത് തദ്ദേശ സ്വയംഭരണ മേധാവി റവന്യൂ (ദേവസ്വം) വകുപ്പ് സെക്രട്ടറിക്ക് നല്‍കേണ്ടതും പ്രസ്തുത ബില്‍ കൗണ്ടര്‍ സൈന്‍ ചെയ്ത് തദ്ദേശ സ്വയംഭരണ മേധാവിയെ ഏല്‍പ്പിക്കേണ്ടതും, തദ്ദേശ സ്വയംഭരണ മേധാവി പ്രസ്തുത ബില്‍ മാറി തുക ക്ഷേത്ര അഡൈ്വസറി കമ്മിറ്റി/ബെനഫിഷ്യറി കമ്മിറ്റിയെ ഏല്‍പ്പിക്കേണ്ടതുമാണ്. പണി നടത്തിക്കുന്നതിനുള്ള ചുമതല അതത് ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള ടെമ്പിള്‍ അഡൈ്വസറി കമ്മിറ്റി/ബനിഫിഷ്യറി കമ്മിറ്റിക്കും ആയിരിക്കും.












