ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ 26ന് വൈകുന്നേരം 6ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എല്‍.കെ.അഡ്വാനി, രാജ്‌നാഥ് സിങ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ എന്‍ഡിഎ നേതാക്കള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. നരേന്ദ്ര മോഡിയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതായി അറിയിച്ചു കൊണ്ടുളള കത്ത് രാഷ്ട്രപതിക്കു കൈമാറി. ഘടകകക്ഷി നേതാക്കള്‍ മോഡിയെ പിന്തുണയ്ക്കുന്നതായി അറിയിച്ചുള്ള കത്തും കൈമാറി. രാഷ്ട്രപതി ഭവന്റെ മുറ്റത്ത് വിപുലമായ പന്തലൊരുക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മൂവായിരത്തിലേറെ പേര്‍ ചടങ്ങിനു സാക്ഷ്യം വഹിക്കും.
പാര്‍ലമെന്റിന്റെ ആദ്യ പടിയില്‍ വന്ദിച്ചാണ് മോഡി ഹാളിലേക്ക് കയറിയത്. അനുമോദിക്കാനെത്തിയ അഡ്വാനിയുടെ പാദങ്ങള്‍ തൊട്ട് വന്ദിച്ച് മോദി അനുഗ്രഹം തേടുകയും ചെയ്തു. ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ബി.ജെ.പിയുടെ സ്വപ്‌നം സാക്ഷാത്കരിച്ചത് മോഡിയാണെന്ന് പറഞ്ഞു. സദാ സമയവും ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മോഡി പ്രസംഗത്തില്‍ പറഞ്ഞു. സ്ഥാനമാനങ്ങളെക്കാള്‍ വലുതാണ് ഉത്തരവാദിത്വമെന്നും അതു നിറവേറ്റാനുള്ള തീവ്രശ്രമം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മോഡിയുടെ കഠിനപ്രയത്നം കൊണ്ടാണ് ഈ വിജയമെന്ന് അഡ്വാനി പറഞ്ഞതിനെ തിരുത്തി പാര്‍ട്ടി തനിക്ക് അമ്മയെ പോലെയാണ്, പാര്‍ട്ടിയാണ് തനിക്ക് എല്ലാം നേടിത്തന്നത് എന്നു പറഞ്ഞ് മോഡി വികാരാധീനനായി. സാധാരണക്കാരന്റെ സര്‍ക്കാരായിരിക്കും തന്റേത്. പാവപ്പെട്ടവര്‍ക്കും, സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും സ്ത്രീകളും അമ്മമാര്‍ക്കും വേണ്ടി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post