ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും. പാക് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി എത്തുമെന്ന് നവാസ് ഷെരീഫിന്റെ വസതിയില്‍ നിന്നുള്ള ഔദ്യോഗികവക്താവ് മാധ്യമങ്ങളെ അറിയിച്ചു. വിദേശകാര്യമന്ത്രിയടക്കം ആറംഗ പ്രത്യേകസംഘം നവാസ് ഷെരീഫിനെ അനുഗമിക്കും. നേരത്തെ, നവാസ് ഷെരീഫ് ഇന്ത്യയിലെത്തുമെന്നും ഇല്ലെന്നും രണ്ടു തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പാക് വിദേശകാര്യമന്ത്രാലയം ശിപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കണമെന്ന് മകള്‍ മറിയവും ട്വിറ്ററില്‍ അറിയിച്ചിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണ് മോഡിയുടെ ക്ഷണമെന്നും ഷെരീഫിന്റെ മകള്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ മോഡിയുമായി ചര്‍ച്ച നടത്താന്‍ നവാസ് ഷെരീഫ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്താന്‍ ഷെരീഫ് തീരുമാനിച്ചത്. രണ്ടുദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ഇക്കാര്യം വ്യക്തമായത്. മോഡിയുമായി അടുത്തയാഴ്ച ഷെരീഫ് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post