എല്ലാ അനിശ്ചിതത്വത്തിനും വിരാമമിട്ട് ഒടുവില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള നരേന്ദ്രമോഡിയുടെ ക്ഷണം സ്വീകരിച്ചു. സാര്‍ക്ക് രാഷ്ട്രത്തലവന്‍മാരെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെയും പുതിയ സര്‍ക്കാരിന്റെ ആരോഹണവേളയില്‍ ക്ഷണിച്ചുകൊണ്ട് പുതിയൊരു ചരിത്രത്തിനാണ് മോഡി തുടക്കമിട്ടത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഇങ്ങനെയൊന്നുണ്ടായിട്ടില്ല. മറ്റുരാഷ്ട്രത്തലവന്‍മാരൊക്കെ എത്താമെന്നോ പ്രതിനിധികളെ അയയ്ക്കാമെന്നോ അറിയിച്ചെങ്കിലും നവാസ് ഷെരീഫ് എത്തുമോ എന്നതാണ് ഭാരതത്തിലെന്നപോലെ ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കിയത്. നവാസ് ഷെരീഫിനും പാക് വിദേശകാര്യമന്ത്രാലയത്തിനും അനുകൂല നിലപാടായിരുന്നെങ്കിലും പട്ടാളവും ഐഎസ്‌ഐയും വിരുദ്ധനിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍ നയതന്ത്രപരമായി മോഡി ഒരുമുഴം മുന്നില്‍ നടത്തിയ നീക്കത്തോട് പുറംതിരിഞ്ഞു നിന്നാല്‍ അത് പാകിസ്ഥാന്റെ മുഖം ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ കൂടുതല്‍ വികൃതമാകുമെന്ന തിരിച്ചറിവാണ് നവാസ് ഷെരീഫ് ക്ഷണം സ്വീകരിച്ചതിലൂടെ വ്യക്തമാകുന്നത്.
എന്നും സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രമാണ് ഭാരതം. ശാന്തിമന്ത്രം ലോകത്തിനു മുന്നില്‍ ഉരുവിട്ടുനില്‍ക്കുന്ന ഭാരതത്തിന് അങ്ങിനെയാകാനേ കഴിയൂ. അതുകൊണ്ടാണ് വാജ്‌പേയ് പ്രധാനമന്ത്രിയായപ്പോള്‍ ഭാരതം ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നു പ്രഖ്യാപിച്ചത്. എന്നാല്‍ സമാധാനത്തിന്റെ മാര്‍ഗം ഭീരുത്വത്തിന്റെ ലക്ഷണമല്ല.
നിതാന്തവൈരത്തിന്റെ മാര്‍ഗം സ്വീകരിക്കുന്ന പാകിസ്ഥാന് ജനാധിപത്യത്തിന്റെ നല്ലനാളുകള്‍ ഏറെക്കാലം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായില്ല. പട്ടാളഭരണത്തിന്റെ നുകത്തിന്‍കീഴില്‍ കഴിയാനായിരുന്നു ആ നാടിന്റെ ദൗര്‍ഭാഗ്യം. ഭരണത്തിന്റെ രുചി നുകരുന്ന പട്ടാളം മനുഷ്യമാംസം രുചിച്ച കടുവയെ പോലെയാണ്. അതുകൊണ്ടുതന്നെ ജനാധിപത്യസര്‍ക്കാരുകളെ വാഴിക്കാതിരിക്കാന്‍ എല്ലാമാര്‍ഗ്ഗവും പട്ടാളം സ്വീകരിച്ചുകൊണ്ടിരിക്കും. ഐഎസ്‌ഐ എന്ന പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കൈകളിലാണ് പട്ടാളത്തിന്റെ പോലും നിയന്ത്രണമെന്നുള്ളത് രഹസ്യമല്ല. ഭാരതത്തിലേക്ക് ഭീകരരെ പരിശീലിപ്പിച്ചയയ്ക്കുന്നതും ഐഎസ്‌ഐ തന്നെയാണ്. അതുകൊണ്ടു തന്നെ ഭാരതവുമായി സൗഹൃദത്തിന്റെ മാര്‍ഗത്തിലേക്ക് പോകാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും തടയുക എന്നതും ഐഎസ്‌ഐയുടെ തന്ത്രമാണ്. ഇവിടെയാണ് നവാസ് ഷെരീഫിന് മറിച്ചു ചിന്തിക്കേണ്ടി വന്നത്.
നവാസ് ഷെരീഫിന്റെ അനുകൂലനിലപാട് നരേന്ദ്രമോഡി എന്ന നയതന്ത്രജ്ഞന്റെ വിജയമാണ്. ഗുജറാത്തല്ല ഭാരതമെന്നു പറഞ്ഞവര്‍ക്കുള്ള മറുപടികൂടിയാണ് മോഡിയുടെ ഈ നീക്കം.
Discussion about this post