ഇസ്‌ലാമാബാദ്/കൊളംബോ: പാക്കിസ്ഥാനും ശ്രീലങ്കയും തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കും. പാക്, ലങ്കന്‍ ജയിലുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെയാണ് സ്വതന്ത്രരാക്കുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയും നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങിനായി ഇന്ത്യയിലെത്തുന്നതിനോടനുബന്ധിച്ചാണ് ഇരുരാജ്യങ്ങളും ഈ തീരുമാനമെടുത്തത്. എന്നാല്‍ ഏറെക്കാലമായി ഇവരുടെ മോചനം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പാക് ജയിലുകളില്‍ കഴിയുന്ന 150 തടവുകാരെയാണ് വിട്ടയയ്ക്കുന്നത്. കറാച്ചിയില്‍ നിന്നു ബസ് മാര്‍ഗം ലാഹോറിലെത്തിച്ച ശേഷം വാഗാ അതിര്‍ത്തി വഴിയാണ് തടവുകാരെ ഇന്ത്യയിലേക്കു വിടുന്നത്. മോഡി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് വിട്ടയയ്ക്കുന്നത്. പ്രസിഡന്റ് രാജപക്‌സെ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനു വേണ്ടി തമിഴ്‌നാട് ഏറെക്കാലമായി പരിശ്രമിച്ചിരുന്നു.
Discussion about this post