ചെന്നൈ: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി. വിമാനത്താവളപദ്ധതിക്കെതിരായ ഹര്‍ജിയില്‍ വാദംകേട്ട ദേശീയ ഹരിത ട്രിബ്യൂണലാണ് വിധി പ്രഖ്യാപിച്ചത്. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ദക്ഷിണമേഖലാ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം നല്കിയ അനുമതിയാണ് റദ്ദാക്കിയത്. ആറന്മുള വിമാനത്താവളത്തിനു നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി അടക്കം അഞ്ചുപേരാണ് ഹരിതട്രിബ്യൂണലില്‍ ഹര്‍ജി നല്കിയത്. ആറുമാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ആറന്മുള കേസില്‍ ഇന്നു വിധിപറഞ്ഞത്. ജസ്റ്റീസ് എം. ചൊക്കലിംഗം, വിദഗ്ധസമിതി അംഗം ആര്‍. നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
ഹര്‍ജിക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയിട്ടുള്ളത്. പദ്ധതിപ്രകാരമുള്ള ഒരു നിര്‍മാണപ്രവര്‍ത്തനങ്ങളും കെജിഎസ് ഗ്രൂപ്പ് നടത്താന്‍ പാടില്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചു. തെറ്റായ വിവരങ്ങള്‍ നല്കിയാണ് കെജിഎസ് ഗ്രൂപ്പ് അനുമതി നേടിയത്. കമ്പനി മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. പദ്ധതി നടപ്പായാല്‍ കനത്ത പാരിസ്ഥിതികാഘാതം ഉണ്ടാകും. പാരിസ്ഥിതികാഘാത പഠനം നടത്തിയ ഏജന്‍സിക്ക് അതിനു യോഗ്യതയില്ലെന്നും കോടതി അറിയിച്ചു. എന്‍വിറോ കെയര്‍ എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്.












