ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ശ്രീരാമനെന്ന പരമഗുരു
ആത്മജ്ഞാനികള്‍ പലരുണ്ടാകാമെങ്കിലും ആത്മജ്ഞാനത്തോടൊപ്പം മാഹാത്മ്യവും ദേശികത്വവുമുള്ളയാളാണ് ഗുരുവാകാന്‍ യോഗ്യന്‍. ഇതെല്ലാം തികഞ്ഞ അനേകം ഗുരുക്കന്മാരുടെ പാദസ്പര്‍ശമേറ്റു പവിത്രമായ ഭൂമിയാണു ഭാരതം. ആവിധമുള്ള ഗുരുക്കന്മാര്‍ക്കും അലങ്കാരമായ പരമഗുരുവാണ് അവതാരപുരുഷനായ ശ്രീരാമചന്ദ്രന്‍. ശ്രീരാമചന്ദ്രന്‍ ആത്മജ്ഞാനിയാണ്. (സജ്ജനമാണ്). അദ്ദേഹം പരമാത്മാവുതന്നെയാണ്. എഴുത്തച്ഛന്‍ അദ്ദേഹത്തെ ഇങ്ങനെ വര്‍ണ്ണിക്കുന്നു.
‘ശ്രീരാമന്‍ പരമാത്മാ, പരമാനന്ദമൂര്‍ത്തി
പുരുഷന്‍, പ്രകൃതിതന്‍ കാരണനേകന്‍, പരന്‍,
പുരുഷോത്തമന്‍, ദേവനനന്തന്‍, ആദിനാഥന്‍,
ഗുരു, കാരുണ്യമൂര്‍ത്തി. പരമന്‍, പരബ്രഹ്മം.’
ശ്രീരാമന്‍ പരമാത്മാവാകുന്നു. രാമനെന്ന ശബ്ദത്തിന്റെ അര്‍ത്ഥം തന്നെ പരമാത്മാവ് എന്നത്രെ. ആരെ ധ്യാനിക്കുമ്പോഴാണോ യോഗികള്‍ക്കു ആനന്ദാനുഭവമുണ്ടാകുന്നത് അവനാണു രാമന്‍. അതു പരമാത്മാവല്ലാതെ വേറൊന്നാവുക വയ്യ. അദ്ദേഹം പരമാനന്ദസ്വരൂപനാകകൊണ്ടു അദ്ദേഹം പുരുഷനാകുന്നു. ആത്മാവ് ശരീരത്തിലിരിക്കുന്നതുകൊണ്ടാണ് ദേഹം സചേതനവും സക്രിയവുമാകുന്നത്. പ്രപഞ്ചോല്‍പത്തിക്കു മുമ്പേ ഉള്ളവനാകകൊണ്ടും അദ്ദേഹത്തെ പുരുഷനെന്നു വിളിക്കുന്നു. സത്ത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളടങ്ങിയ പ്രകൃതിയുണ്ടാകുന്നത് പരമാത്മാവിലാണ്. അതിനാല്‍ ശ്രീരാമന്‍ പ്രകൃതിയുടെ കാരണമാകുന്നു. പ്രപഞ്ചം മുഴുവന്‍ രാമായണമാണ്. രാമനല്ലാതെ രണ്ടാമതൊരു വസ്തുവില്ല. അതിനാല്‍ അദ്ദേഹം ഏകനാണ്. അനേജദേകം മനസോജവീയം തുടങ്ങിയ ശ്രുതിവാക്യങ്ങള്‍ നോക്കുക. ഇക്കാണായ വസ്തുക്കള്‍ക്കെല്ലാം അതീതനാകയാല്‍ രാമന്‍ പരനുമാണ്. സമസ്തജീവന്മാരിലും ഉത്തമനാകകൊണ്ട് രാമന്‍ പുരുഷോത്തമനാണ്. പ്രകാശ സ്വരൂപനാകകൊണ്ടു ആദിനാഥനും, വിദ്യകളെല്ലാം പഠിപ്പിക്കുന്ന ആളാകകൊണ്ടു ഗുരുവും, കരുണാമയനും, എല്ലാറ്റിന്റെയും നിയന്താതാവാകകൊണ്ടു പരമനുമാണ് പരബ്രഹ്മസ്വരൂപിയായ ശ്രീരാമന്‍.
ലോകത്തെ ധാര്‍മികമൂല്യങ്ങള്‍ പഠിപ്പിക്കാനായി സര്‍വവ്യാപിയായ പരമാത്മാവ് മാനുഷാകാരംകൊണ്ടു അയോദ്ധ്യയില്‍ ജനിച്ചു. അവനാണു ശ്രീരാമചന്ദ്രന്‍. പരിമിതികളില്ലാത്ത പരമാത്മതലത്തില്‍നിന്നു ഭൗതിക പരിമിതികളോടുകൂടിയ മാനുഷതലത്തിലേക്കുള്ള ഇറങ്ങിവരല്‍ ഇതിലന്തര്‍ഭവിച്ചിരിക്കുന്നു. ഇതിനാണ് അവതാരം എന്നു പറയുന്നത്. തന്റെതന്നെ സൃഷ്ടിയായ പ്രകൃതിയെ അവലംബിച്ചാണ് പരമാത്മാവ് അവതരിക്കുന്നത്. ശ്രീരാമനു നീലത്താമരപ്പൂവിന്റെ നിറവും വസ്ത്രത്തിനു മഞ്ഞനിറവും സങ്കല്പിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ്. നീലിമ അനന്തതയുടെയും മഞ്ഞനിറം പ്രകൃതി അഥവാ മായയുടെയും പ്രതീകമാകുന്നു.
ശ്രീരാമന്‍ പരമാത്മാവും കരുണാമയനു (മഹാനും) മാണെന്നപോലെ ദേശികനുമാണ്. വേദങ്ങള്‍ ആവിര്‍ഭവിച്ചത് പരമാത്മാവില്‍നിന്നാണ്. ഋഷിമാര്‍ വേദമന്ത്രങ്ങളുടെ സ്രഷ്ടാക്കളല്ല ദ്രഷ്ടാക്കളാണ്. വേദവും വേദപഠനസമ്പ്രദായവും പരമാത്മാവില്‍നിന്നു തുടങ്ങുന്നതിനാല്‍ രാമനു ദേശികത്വവുമുണ്ടെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല.
‘സദാശിവസമാരംഭം ശങ്കരാചാര്യമദ്ധ്യമാം
അസ്തദാചാര്യപര്യന്താം വന്ദേഗുരുപരമ്പരാം’.
എന്ന മന്ത്രം വേദാന്തവിദ്യാര്‍ത്ഥികള്‍ക്കു പഥ്യമായിട്ട് ആയിരത്താണ്ടുകള്‍ പലതു കഴിഞ്ഞിരിക്കുന്നു. ഗുരുപരമ്പരയുടെ തുടക്കം സദാശിവനില്‍ അഥവാ നാരായണനില്‍ അഥവാ പരബ്രഹ്മത്തിലാണ് ഭാരതീയര്‍ കാണുന്നത്.
‘ഇമം വിവസ്വതേയോഗം പ്രോക്തവാനഹമവ്യയം
വിവസ്വാന്‍ മനവേപ്രാഹ മധുരിക്ഷ്വാകവേfബ്രവീത്
ഏവം പരംപരാപ്രാപ്തമിമം രാജര്‍ഷയോവിദു’
എന്ന ഗീതാ ശ്ലോകം ഇതിനു സാക്ഷ്യം വഹിക്കുന്നു. വേദാന്തമഭ്യസിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും തന്റെ മുന്നിലിരിക്കുന്ന ഗുരുവില്‍ കാണുന്നത് പരമാത്മാവിനെയാണ്. അതിപ്രാചീനമായ ഗര്‍ഗ്ഗസഹിതയില്‍ ശ്രീകൃഷ്ണന്‍ ഗോപികമാരോടു പറയുന്നതായി ഗര്‍ഗ്ഗാചാര്യന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
‘ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണുഃ
ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരുഃസാക്ഷാത് പരബ്രഹ്മ
തസ്‌മൈശ്രീ ഗുരവേ നമഃ
സ്വഗുരും ഓം വിജാനീയാം
നാവമന്യേത കര്‍ഹിചിത്,
നമര്‍ത്ത്യബുദ്ധ്യാ സേവേത
സര്‍വ ദേവമയോ ഗുരു’.
സര്‍വദേവമയനായ ശ്രീരാമനാണ് ലക്ഷ്മണോപദേശത്തിലെ ഗുരു. ശിഷ്യന്‍ ലക്ഷ്മണനും ശിഷ്യന്റെ സ്വഭാവവും അവസ്ഥയുമറിഞ്ഞു പഠിപ്പിക്കുന്ന അതിസമര്‍ത്ഥനായ അദ്ധ്യാപകനെയാണു നമുക്കു രാമനില്‍ കാണാന്‍ കഴിയുന്നത്. അശാന്തനായ വിദ്യാര്‍ത്ഥിയെ പഠിപ്പിക്കാനാവുകയില്ല. അതിനാല്‍ കോപംമൂലം കല്പാന്തവഹ്നിപോലെ ജ്വലിക്കുന്ന ലക്ഷ്മണനെ ശാന്തനാക്കേണ്ടിയിരിക്കുന്നു. ഇതെങ്ങനെ സാധിക്കും? ശിഷ്യന്റെ മനസ്സ് ശാന്തമാക്കാന്‍ പറ്റിയ ഉപാധി പ്രയോഗിച്ചിട്ട്. തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ മനഃശാസ്ത്രം നന്നായറിയുന്ന അദ്ധ്യാപകനേ ആ ഉപാധി മനസ്സിലാക്കാനും പ്രയോഗിക്കാനും കഴിയൂ. ലക്ഷ്മണന്റെ ഏറ്റവും വലിയ ദൗര്‍ബല്യം സ്വന്തം ജ്യേഷ്ഠനോടുള്ള സ്‌നേഹമാണ്. അതിനായി ആ കുമാരന്‍ എന്തും ത്യജിക്കും, എന്തും സഹിക്കും. ലക്ഷ്മണന്റെ ക്രോധത്തിനു കാരണവും അതുതന്നെ. ജ്യേഷ്ഠന് അവകാശപ്പെട്ട കിരീടം നിഷേധിക്കുന്നത് അയാള്‍ക്കു സഹിക്കാനാവുമായിരുന്നില്ല. ഇതറിയുന്ന രാമന്‍ അതേ ഉപാധിയെകൊണ്ടുതന്നെ ലക്ഷ്മണനെ ശാന്തനാക്കി. ക്രോധകാരണത്തെത്തന്നെ ശാന്തിക്കുള്ള ഉപാധിയാക്കി മാറ്റാന്‍ രാമനല്ലാതെ മറ്റാര്‍ക്കാണു കഴിയുക? മന്ദഹാസവും അഭിനന്ദനവും ആലിംഗനവും അതിനുവേണ്ടിയാിയരുന്നു. അതു തട്ടിക്കളയാന്‍ ആ അവസ്ഥയിലും ലക്ഷ്മണന് ആകുമായിരുന്നില്ല. രാമന്‍ പറഞ്ഞു.
‘വത്സ! സൗമിേ്രത! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍,
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നിതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ.’
രാമനു ലക്ഷ്മണനെക്കാള്‍ രണ്ടുദിവസത്തെ മൂപ്പുപോലും തികച്ചില്ല. എങ്കിലും വ്യത്യാം ഒരു സെക്കന്റിന്റേതായാലും. അനുജന്‍ അനുജന്‍ തന്നെ. ഇതാണു ഭാരതീയ പാരമ്പര്യം. അനുജനു മകന്റെയും ജ്യേഷ്ഠനു പിതാവിന്റെയും സ്ഥാനം കല്പിച്ചുകൊടുത്ത സംസ്‌കാരമാണു ഭാരതത്തിന്റേത്. വത്സ എന്നും കുമാര എന്നുമുള്ള സംബോധനകള്‍ക്കാസ്പദം അതാണ്. അതില്‍ ഓളംവെട്ടുന്ന വാത്സല്യഭാവം സഹൃദയനു പെട്ടെന്നു അനുഭവപ്പെടും. വേദാന്തവിദ്യയുടെ കാര്യത്തില്‍ ശരീരത്തിന്റെ പ്രായമല്ല അറിവാണു മുഖ്യം. ശിഷ്യന്‍ വൃദ്ധനും ഗുരു യുവാവുമാകുന്നതു അപൂര്‍വ്വമല്ല. ശങ്കരാചാര്യസ്വാമികള്‍ക്കു പതിന്നാറുവയസ്സുണ്ടായിരുന്നപ്പോള്‍ ശിഷ്യനായ പദ്മപാദന് അറുപതു കഴിഞ്ഞിരുന്നു എന്നാണു പ്രസിദ്ധി.
‘ചിത്രം വിട തരോര്‍ മൂലേ
വൃദ്ധാഃ ശിഷ്യാഃ ഗുരുര്‍ യുവാ’
എന്ന ശ്ലോകത്തിന്റെ ആദ്ധ്യാത്മികാര്‍ത്ഥം മാത്രമല്ല ഭൗതികാര്‍ത്ഥവും സംഗതംതന്നെയെന്നു ചുരുക്കം. സൗമിേ്രത എന്ന സംബോധന ലക്ഷ്മണനുമായി തനിക്കുള്ള സാഹോദര്യബന്ധത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു. രാമന് തന്റെ അമ്മയായ കൗസല്യയോടുള്ളതിനെക്കാള്‍ സ്‌നേഹം കൈകേയിയോടും സുമിത്രയോടുമാണെന്നവസ്തുത ലക്ഷ്മണനുള്‍പ്പെടെ ഏവര്‍ക്കും അറിവുള്ളതാണ്. അവര്‍ക്കും സ്വന്തം മക്കളോടുള്ളതിനേക്കാള്‍ സ്‌നേഹം രാമനോടായിരുന്നു. അതാണു ലക്ഷ്മണനോടുള്ള സഹോദരബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നത്. പ്രസവിച്ച അമ്മ ഒന്നല്ലെങ്കിലും അതിലും വലിയ ബന്ധമാണ് രാമലക്ഷ്മണന്മാരുടേതെന്നു സാരം. ആ സ്ഥിതിക്ക് മുന്‍വിധികള്‍ വെടിഞ്ഞ് ശാന്തനായി തന്റെ വാക്കു ചെവിക്കൊള്ളണമെന്ന രാമന്റെ അഭ്യര്‍ത്ഥന ലക്ഷ്മണനു എങ്ങനെ തിരസ്‌കരിക്കാനാകും? ലക്ഷ്മണന്‍ സ്‌നേഹിക്കുംപോലെ മറ്റാരും തന്നെ ഇഷ്ടപ്പെടുന്നില്ലെന്നു രാമന്‍ പറയുമ്പോള്‍ ലക്ഷ്മണനു ജ്യേഷ്ഠന്റെ മുന്നില്‍ കീഴടങ്ങാതെ വയ്യ. എന്നു വന്നു. ലക്ഷ്മണന്റെ യുദ്ധനൈപുണ്യത്തെക്കുറിച്ചും രാമനു നല്ല അഭിപ്രായമാണുള്ളത്. എങ്കിലും ക്രൂരകര്‍മ്മങ്ങള്‍ ചെയ്യാന്‍ തുടങ്ങുന്നതിനുമുമ്പ് തന്റെ വാക്കു ശ്രദ്ധയോടെ കേള്‍ക്കണമെന്ന സ്‌നേഹമസൃണമായ അഭ്യര്‍ത്ഥന ലക്ഷ്മണന്‍ മാനിക്കുകതന്നെ ചെയ്തു. ശ്രീരാമചന്ദ്രനെന്ന ആദ്ധ്യാത്മികാചാര്യന്റെ വിജയവൈജയന്തിയാണ് ഈ സംഭവം. മറ്റാര്‍ക്കും ചെയ്യാനാവാത്ത മഹാകാര്യമാണ് അദ്ദേഹം ശാന്തനായി അനുഷ്ഠിച്ചത്.
ഈ ഉപദേശം ലക്ഷ്മണനുവേണ്ടിമാത്രമുള്ളതല്ല. സമസ്ത ജീവരാശിക്കും വേണ്ടിയുള്ളതാണ്. ദേശകാലങ്ങളുടെയോ വര്‍ഗ്ഗവര്‍ണ്ണങ്ങളുടെയോ വ്യത്യാസം അതിലില്ല. രാമായണം പണ്ടുനടന്ന ഒരു സംഭവം മാത്രമാണെന്നു കരുതരുത്. ഇന്നും നടന്നുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ് രാമായണം. വ്യക്തിയുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ജീവിതത്തില്‍ അനുദിനം രാമായണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ദൈനംദിനസംഭവങ്ങളുമായി താരതമ്യംചെയ്താണു രാമായണം പഠിക്കേണ്ടത്. ജീവിതം വിജയപൂര്‍ണ്ണമാക്കിത്തീര്‍ക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും ഊര്‍ജ്ജവും രാമായണത്തില്‍നിന്നു സിദ്ധിക്കും. തീര്‍ച്ച.
Discussion about this post