പെഷാവര്‍: പാക്കിസ്‌ഥാനില്‍ ആദ്യമായി ഒരു വനിതാ ചാവേര്‍ ബോംബ് യുഎന്‍ ദുരിതാശ്വാസ സഹായവിതരണ ക്യാംപില്‍ 46 പേരുടെ ജീവനെടുത്തു പൊട്ടിത്തെറിച്ച സംഭവം പാക്ക് സുരക്ഷാ സേനയ്‌ക്കു പുതിയ വെല്ലുവിളി ഉയര്‍ത്തി. സ്‌ത്രീകളുടെ ദേഹപരിശോധന ഗോത്രമേഖലകളിലെ ആചാരങ്ങള്‍ക്ക് എതിരായതിനാല്‍ പാടില്ലെന്നതാണു പുതിയ വെല്ലുവിളി.
ഖൈബര്‍ പഖ്‌തൂണ്‍ഖവ പ്രവിശ്യയില്‍ പെട്ട ബജോര്‍ ഗോത്രമേഖലയില്‍ താലിബാനെതിരെ നടത്തിയ സേനാനടപടികള്‍മൂലം ഭവനരഹിതരായ ആയിരക്കണക്കിനാളുകള്‍ക്കു വേണ്ടി ആസ്‌ഥാനപട്ടണമായ ഖാറില്‍ നടത്തുന്ന ലോക ഭക്ഷ്യപരിപാടി കേന്ദ്രത്തില്‍ വിതരണം നടക്കവെയാണു സ്‌ഫോടനം. സുരക്ഷാ ഭടന്മാര്‍ പരിശോധനയ്‌ക്കു തടഞ്ഞുനിര്‍ത്തിയപ്പോള്‍ ചാവേര്‍ ദേഹത്തു ചുറ്റിയിരുന്ന സ്‌ഫോടകവസ്‌തു പൊട്ടിക്കുകയായിരുന്നു. പരിശോധനയില്‍ ചാവേര്‍ സ്‌ത്രീയെന്നു തെളിഞ്ഞു. 41 പേര്‍ തല്‍ക്ഷണവും അഞ്ചുപേര്‍ പിന്നീടും മരിച്ചു. 80ല്‍ പരം ആളുകള്‍ക്കു പരുക്കേറ്റു.
ബജോര്‍ മേഖലയില്‍ പല ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വനിത ചാവേറാകുന്നത് ഇതാദ്യമാണ്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും മനുഷ്യത്വത്തിനും മതത്തിനും എതിരായ ഹീനകൃത്യം എന്ന് സംഭവത്തെ അപലപിച്ചു. ഭീകരഘടകങ്ങളെ ഉന്മൂലനം ചെയ്യുവോളം പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു.
Discussion about this post