ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസില്‍ പാക്കിസ്‌ഥാനില്‍ പിടിയിലായവരുടെ വിചാരണ വൈകുന്നത് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വീഴ്‌ച മൂലമെന്നു പാക്ക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്. പാക്കിസ്‌ഥാനില്‍ നിന്നുളള അന്വേഷണ കമ്മിഷനു കേസിന്റെ നടപടികള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ലഭിക്കാത്തതിനാലാണ് വിചാരണ അനിശ്‌ചിതമായി വൈകുന്നത്.
കേസ് വൈകിക്കാന്‍ പാക്കിസ്‌ഥാന്റെ ഭാഗത്തു നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ജീവനോടെ പിടിയിലായ ഏക തീവ്രവാദി അജ്‌മല്‍ കസബിനെ പാക്ക് അന്വേഷണ കമ്മിഷനു ചോദ്യം ചെയ്യേണ്ടതുണ്ട്. കസബിന്റെ മൊഴി അന്വേഷണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും മാലിക് പറഞ്ഞു.
അന്വേഷണ കമ്മിഷന് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുളള അനുമതി പാക്ക് സര്‍ക്കാര്‍ തേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. മുംബൈ ഭീകരാക്രമണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പാക്കിസ്‌ഥാന്‍ ആഭ്യന്തര മന്ത്രി.
Discussion about this post