ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മഹാരാഷ്ട്ര ബിജെപി ഘടകവും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം വന്നത്. ലോക്‌സഭയിലാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായത്.
ജൂണ്‍ മൂന്നിന് ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തിലാണ് മുണ്ടെ മരിച്ചത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുണ്ടെയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുണ്ടെയുടെ ഹൃദയവും കരളും ഉള്‍പ്പടെയുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
മുണ്ടെയുടെ മരണത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി നേതാക്കളും സഖ്യകക്ഷിയായ ശിവസേനയും ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്‍സിപിയും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
Discussion about this post