ഡോ.വി.ആര്‍ പ്രബോധചന്ദ്രന്‍
വിശുക്രപ്രാണഹരണ വാരാഹീവീര്യനന്ദിതാ
കാമേശ്വരമുഖാലോക കല്‍പിതശ്രീഗണേശ്വരാ
വാരാഹീദേവി ഭണ്ഡാസുരന്റെ അനുജനായ വിശുക്രന്റെ ജീവനെടുത്തതിലെ വീര്യത്തില്‍ ലളിതാദേവി സന്തുഷ്ടയായി. ലളിതാദേവി ശ്രീപരമേശ്വരന്റെ മുഖത്തേക്ക് ഒന്നു നേക്കിയതോടെ ശ്രീമഹാഗണപതി അവതരിച്ചു. ലളിതാഭഗവതിയുടെ ശക്തിസേനയ്ക്കുള്ളില്‍ ഭണ്ഡാസുരാനുജനായ വിശുക്രന്‍ സ്ഥാപിച്ച വിഘ്‌നയന്ത്രത്തിന്റെ നിവാരണമാണ് ഗജാനനസൃഷ്ടിയുടെ പ്രഥമോദ്ദേശ്യം.
മഹാഗണേശ നിര്‍ഭിന്ന വിഘ്‌നയന്ത്ര പ്രഹര്‍ഷിതാ
ഭണ്ഡാസുരേന്ദ്ര നിര്‍മുക്ത ശസ്ത്രപ്രത്യസ്ത്രവര്‍ഷിണീ
മഹാഗണപതി വിശുക്രന്റെ വിഘ്‌നയന്ത്രത്തെ നിശ്ശേഷം ഭേദിച്ചതില്‍ ദേവി അത്യന്തം സന്തോഷിച്ചു. ഭണ്ഡാസുരന്‍ എയ്തുവിട്ട ആയുധങ്ങള്‍ക്കെതിരായി ദേവി അമ്പുകള്‍ ചൊരിഞ്ഞു.
കരാംഗുലിനഖോത്പന്ന നാരായണ ദശാകൃതി
മഹാപാശുപതാസ്ത്രാഗ്നി നിര്‍ദഗ്ധാസുരസൈനികാ
ദേവിയുടെ കൈവിരല്‍നഖങ്ങളില്‍നിന്നാണ് മഹാവിഷ്ണുവിന്റെ പത്താകൃതികളും ഉണ്ടായത്. ദേവി പ്രയോഗിച്ച മഹാപാശുപതാസ്ത്രത്തിന്റെ അഗ്നിയില്‍ അസുരസൈനികര്‍ നിശ്ശേഷം ദഹിച്ചു. പശുപതിയുടെ (സകലജീവജാലങ്ങളുടെയും രക്ഷകനായ ശ്രീപരമേശ്വരന്റെ) ദിവ്യാസ്ത്രമാണ് പാശുപതം.
കാമേശ്വരാഗ്നിനിര്‍ദഗ്ധ സഭണ്ഡാസുര ശൂന്യകാ
ബ്രഹ്മോപേന്ദ്രമഹേന്ദ്രാദി ദേവസംസ്തുതവൈഭവാ
ഭണ്ഡാസുരനോടൊപ്പം അവന്റെ ശൂന്യകം എന്ന നഗരത്തെയും ദേവി കാമേശ്വരാസ്ത്രമെയ്ത് നിശ്ശേഷം ദഹിപ്പിച്ചു. ഭണ്ഡാസുരവധത്തില്‍ പ്രീതിപൂണ്ട ബ്രഹ്മാവ്, ഉപേന്ദ്രന്‍, ദേവേന്ദ്രന്‍, തുടങ്ങിയ ദേവകള്‍ ദേവിയുടെ പ്രഭാവത്തെ വാഴ്ത്തി. സ്തുതം = സ്തുതിക്കപ്പെട്ട വൈഭവം = സാമര്‍ത്ഥം.
Discussion about this post