ഡോ.എം.പി.ബാലകൃഷ്ണന്‍
ഏറ്റുമാനൂരമ്പലത്തില്‍ ഉത്സവകാലം. മുണ്ടേമ്പിള്ളി കൃഷ്ണമാരാര്‍ എന്ന പ്രസിദ്ധമായ ചെണ്ടക്കാരന്റെ നേതൃത്വത്തിലുള്ള പാണ്ടിമേളമാണ് അന്നത്തെ ആകര്‍ഷകമായ ഇനം. മേളം തുടങ്ങാറായി. കൂട്ടത്തില്‍ പ്രായാധിക്യമുള്ള ഒരു മാരാരുടെയടുക്കല്‍ചെന്നു ചട്ടമ്പിസ്വാമി എന്തോ പറഞ്ഞു ചെണ്ടയുംകോലും കൈക്കലാക്കി. ‘ഉരുട്ടുചെണ്ട’ക്കാരുടെ കൂട്ടത്തില്‍ ഒന്നാംനിരയില്‍തന്നെ നിലയുറപ്പിച്ചു. ചെണ്ടയുടെ ‘മൂപ്പ്’ പരിശോധിക്കുന്ന ‘ട്ടി-ട്ടി-ട്ടി’ ശബ്ദം ഓരോ ചെണ്ടയില്‍ നിന്നും പുറപ്പെട്ടു. അപ്പോഴേക്കും മേളം തുടങ്ങാന്‍ ആജ്ഞ നല്കിക്കൊണ്ട് കതിനാവെടി മുഴങ്ങി. കോലുകള്‍ ഉയര്‍ന്നുതാണു. ക്രമേണ ആര്‍ത്തുപെയ്യുന്ന പേമാരി കണക്കെ ചെണ്ടവാദനത്തിന്റെ അലയൊലികള്‍ ഉയര്‍ന്നു. കാലം മുറുകി മുറുകി വരുന്നു. നിലകള്‍ ഒന്നും രണ്ടും കഴിഞ്ഞു. വാദകരെല്ലാം വിയര്‍ത്തുകുളിച്ചു. മുണ്ടേമ്പിള്ളി, തന്നെ അളക്കുവാന്‍ എത്തിയിരിക്കുന്ന പുതിയ വിദ്വാനെ അവതാളത്തിലാക്കാന്‍ ചെണ്ട ഇടഞ്ഞുകൊട്ടിക്കേറി. ചട്ടമ്പിസ്വാമികള്‍ വിരണ്ടുപോവുകയോ അവതാളത്തിലാവുകയോ ചെയ്തിരുന്നില്ലെന്നുമാത്രമല്ല, ചില മനോധര്‍മ്മങ്ങള്‍കൂടി കലര്‍ത്തി അങ്ങോട്ടു കയറുകയും ചെയ്തു. ‘മുണ്ടേമ്പള്ളിയുടെ വലിച്ചുപിടിയും ചട്ടമ്പിയുടെ തെളിഞ്ഞ എണ്ണങ്ങളും അന്യോന്യം കുറേനേരം കൊണ്ടുപിടിച്ചു. ആളുകള്‍ ‘ബലേ, ബലേ’ എന്നാര്‍ത്തു. മുണ്ടേമ്പിള്ളി എന്ന തായമ്പക വിദ്വാനെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ അനുഭവമായിരുന്നു’.
മേളം കലാശിച്ചു. മുണ്ടേമ്പിള്ളി കൃഷ്ണമാരാര്‍ തൊഴുകൈയോടെ സ്വാമിയെ സമീപിച്ചു.
‘എവിടെയാണ് അഭ്യസിച്ചത്?’
‘ഞാനെങ്ങും അഭ്യസിച്ചതും മറ്റുമില്ല. ഗുരുകടാക്ഷംകൊണ്ട് ഇങ്ങനെ ചിലത് വശമായി. അപ്പോള്‍ ഒന്നു പ്രയോഗിച്ചുനോക്കാമെന്നുവച്ചു. അത്രയേയുള്ളൂ.’ ഇതായിരുന്നു സ്വാമിയുടെ സാമധാനം.
മറ്റൊരിക്കല്‍ വൈക്കത്തു വഴിയാത്ര പോവുകയായിരുന്നു സ്വാമി. അടുത്തുള്ള മഹാക്ഷേത്രത്തില്‍ ഉത്സവബലിക്ക് പാണികൊട്ടുന്നത് കേട്ടു. വേഗം അമ്പലക്കുളത്തിലിറങ്ങിക്കുളിച്ച് അകത്തുചെന്നു. കൊട്ടിയിരുന്ന മാരാര് എന്തെന്നറിയുന്നതിനുമുമ്പ് തിമില വാങ്ങി സ്വാമി കൊട്ടിത്തുടങ്ങി. പ്രായവും നല്ല പഠിപ്പുമുള്ള ഒരു തന്ത്രിയായിരുന്നു ശ്രീഭൂതബലി തൂവിയിരുന്നത്. കൊട്ടുമാറിക്കേട്ടപ്പോള്‍ അദ്ദേഹമൊന്നു തിരിഞ്ഞുനോക്കി, മുറയ്ക്കുതൂവാനും തുടങ്ങി. രണ്ടുപേര്‍ക്കും ബഹുരസമായി. ഉച്ചതിരിയുന്നതോടെ കഴിയാറുള്ള ക്രിയ സന്ധ്യാകാലത്തോളം നീണ്ടുവത്രെ.
കുന്നിക്കുരു കൈത്തണ്ടയിന്മേല്‍ വച്ച് അതു വീഴാതെ കൊട്ടിപ്പഠിച്ചിട്ടുണ്ടെന്ന് സ്വാമിതന്നെ ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം സര്‍വ്വതലസ്പര്‍ശിയായ ആ മഹാമേധയെ സംബന്ധിച്ച് ചില ലീലകള്‍ മാത്രം. നൂറ്റാണ്ടുകളിലൂടെ സ്വദേശം എത്തിപ്പെട്ടുനില്‍ക്കുന്ന അപകടസ്ഥിതിക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്തുക എന്ന മഹാദൗത്യത്തിന്റെ നിര്‍വ്വഹണത്തിനിടയ്ക്ക് യദൃച്ഛയാ വന്നുചേര്‍ന്ന നേരംപോക്കുകള്‍!
സാമൂഹിക പരിഷ്‌ക്കരണം സന്ന്യാസിയുടെ ധര്‍മ്മമാണോ? സര്‍വ്വസംഗപിത്യാഗികളായ അവര്‍ക്ക് സമൂഹത്തോട് എന്തെങ്കിലും കടപ്പാടുണ്ടോ? പ്രതിജ്ഞാബദ്ധതയുണ്ടോ?
ആദിശങ്കരനോട് സന്ന്യാസം സ്വീകരിച്ചതെന്തിനെന്നുചോദിച്ചപ്പോള്‍ ‘ആത്മനോമോക്ഷാര്‍ത്ഥം, ജഗദ്ധിതായ ച’ എന്നായിരുന്നുവേ്രത ഉത്തരം. സ്വന്തം മോചനത്തിനും ലോകനന്മയ്ക്കും. ലോകനന്മ മറ്റാരെക്കാളും ആഗ്രഹിക്കുന്നതും അതിന്നായി ആരെക്കാളും യത്‌നിക്കുന്നതും വാസ്തവത്തില്‍ സന്ന്യാസിമാരാണ്. അവരുടെ ജീവിതംതന്നെ ലോകസംഗ്രഹാര്‍ത്ഥമാണല്ലോ. ആ നിലയ്ക്കാണവര്‍ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളാകുന്നതും. ചുറ്റിനും കാണുന്ന അജ്ഞതയേയും അജ്ഞാതജന്യമായ അനീതികളേയും അവര്‍ക്കു ദൂരീകരിച്ചേ പറ്റൂ. സൂര്യകിരണങ്ങള്‍ അന്ധകാരത്തെ ദുരീകരിക്കുംപോലെ.
നൂറ്റാണ്ടുകള്‍കൊണ്ട് ഈ ദേശത്ത് അടിഞ്ഞുകൂടി കിടക്കുന്ന അജ്ഞാനാന്ധകാരവും തജ്ജന്യമായ അന്ധവിശ്വാസങ്ങളും അനീതികളും അസമത്വങ്ങളുമെല്ലാം തുടച്ചുനീക്കാന്‍ ഉദിച്ച ഉഷക്കതിരോനായിരുന്നു ചട്ടമ്പിസ്വാമികള്‍. ‘സഹസ്രകിരണമായ ആ പ്രതിഭ’ * സ്പര്‍ശിക്കാത്ത ഒരു കോണുമില്ല നമ്മുടെ ബൗദ്ധിക മണ്ഡലത്തില്‍. കാലികവും ദൂരവ്യാപകവുമായ ഫലങ്ങളാണ് അതുമൂലം മനുഷ്യപുരോഗതിക്ക് കൈവന്നത്. കാലികമായ ഒരു പ്രശ്‌നത്തിന്റെ പരിഹാരാര്‍ത്ഥം പിറവികൊണ്ടതാകുന്നു സ്വാമികളുടെ ‘ക്രിസ്തുമതച്ഛേദനം’ എന്ന ആദ്യ ഗ്രന്ഥം.
ഒരിക്കല്‍ ഏറ്റുമാനൂരമ്പലത്തിനടുത്തുകൂടെ നടന്നുപോവുകയായിരുന്നു സ്വാമികള്‍. അമ്പലത്തിനടുത്തായി അഞ്ചാറുപേര്‍ നിരന്നു നില്‍ക്കുന്നു. കൈകളില്‍ കറുത്തചട്ടയിട്ട പുസ്തകങ്ങളുണ്ട്. അതിലൊരാള്‍ ഉറക്കെവിളിച്ചു പ്രസംഗിക്കുന്നു. ബാക്കിയുള്ളവര്‍ ഏറ്റുചൊല്ലുന്നു. സ്വാമികള്‍ ശ്രദ്ധിച്ചു. ‘പാപികളേ….’ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരെയാണവര്‍ അഭിസംബോധന ചെയ്യുന്നത്. തുടര്‍ന്ന് ഹിന്ദുമതത്തെ ദുഷിച്ചും ക്രിസ്തുമതമല്ലാതെ മനുഷ്യര്‍ക്കു മറ്റു രക്ഷാമാര്‍ഗ്ഗമില്ലെന്നു ശഠിച്ചും ഉള്ള പ്രസംഗമായിരുന്നു ‘ഹിന്ദു’ എന്നത് ക്രിസ്തുമതം, മുഹമ്മദുമതം, ബുദ്ധമതം മുതലായവപോലെ ഒരു മതമല്ല എന്നും അനാദികാലമായി ഇവിടെ നിലനിന്നുവരുന്ന സംസ്‌കൃതിയാണെന്നുമുള്ള യാഥാര്‍ത്ഥ്യം ധരിക്കാതെ, ഹിംസയെ വെറുക്കുന്നവനാണു ഹിന്ദു എന്ന പദനിഷ്പത്തിപോലമറിയാതെ ഉള്ള ആ അട്ടഹാസം സ്വാമികളെ വേദനിപ്പിച്ചു. യേശുദേവന്റെ ജീവിതമോ ഉപദേശങ്ങളോ ഗ്രഹിച്ചിട്ടില്ലാത്ത ഈ നാട്ടുപാതിരിമാരെ അവശ്യം അതു പഠിപ്പിക്കേണ്ടതുണ്ടെന്നും നാട്ടുകാര്‍ക്കിടയില്‍ മതവിദ്വേഷമുളവാക്കുംമട്ടിലുള്ള ഇത്തരം അത്യാചാരങ്ങള്‍ക്ക് അറുതി വരുത്തേണ്ടതാണെന്നും അദ്ദേഹം നിശ്ചയിച്ചു. അങ്ങനെയാണു ക്രിസ്തുമതച്ഛേദനം വിരചിതമായത്. പ്രഭാഷണ ചതുരന്മാരായ രണ്ടുപേരെ അതു പഠിപ്പിച്ചു. കാളിയാങ്കല്‍ നീലകണ്ഠപിള്ളയും ഏറത്തു കൃഷ്ണനാശാനും അങ്ങനെ എതിര്‍പ്രസംഗം തുടങ്ങിയതോടെ പാതിരിമാര്‍ മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി എന്നാണു ചരിത്രം.
ക്രിസ്തുമതച്ഛേദനത്തോടൊപ്പം ക്രിസ്തുമതസാരം എന്നൊരു ഗ്രന്ഥംകൂടി സ്വാമികള്‍ രചിച്ചു. ആദ്യത്തേതു പാതിരിമാര്‍ പരത്തിയ ക്രിസ്തുമതത്തിലെ ദുര്‍നടപടികളുടെ ചരിത്രവും രണ്ടാമത്തേത് യേശുക്രിസ്തു സ്ഥാപിച്ച യഥാര്‍ത്ഥ ക്രിസ്തുമതത്തിന്റെ വിശദീകരണവുമാണ്. പുസ്തകം സംബന്ധിച്ച് ക്രിസ്ത്യാനികള്‍തന്നെ ഭിന്നാഭിപ്രായക്കാരായി. ഒരുകൂട്ടര്‍ പുസ്തകത്തിന്റെ കിട്ടാവുന്നിടത്തോളം പ്രതികള്‍ വിലയ്ക്കുവാങ്ങി ചുട്ടുകളഞ്ഞപ്പോള്‍ വിവേകശാലികളായ മറ്റൊരുകൂട്ടര്‍ പ്രസ്തുത കൃതികളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണുണ്ടായത്. സ്വാമിയുടെ കൃതികളിലൂടെ തങ്ങള്‍ക്ക് സ്വന്തംമതത്തെ ശരിക്കും അറിയാനൊത്തു എന്ന് അവര്‍ തുറന്നുസമ്മതിച്ചു.
‘ഞാന്‍ ക്രിസ്തീയധര്‍മ്മത്തിലെ തത്വങ്ങളെ അപഗ്രഥിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഓരോ വസ്തുവും നല്ലപോലെ നിരീക്ഷിക്കണമെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. നിരീക്ഷിച്ച് നല്ലതും ശ്രേഷ്ഠവുമായവ സ്വീകരിക്കുക. ഞാനും ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു. അകത്തുള്ള തത്ത്വത്തെ അറിയുന്നതിന് അതിന്റെ പുറന്തോട് പൊളിച്ച് അകത്തോട്ടു കടക്കണം. വിത്തുപൊട്ടിച്ചാലേ അകത്തു ബീജത്തെ കണ്ടെത്താന്‍ കഴിയൂ. അതു മാത്രമാണു ഞാന്‍ ചെയ്തത്. എനിക്ക് ആ മതത്തിന്റെ ഉള്ളറിയേണ്ടിവന്നു. പുറന്തോടു പൊട്ടിച്ചതുകൊണ്ട് ക്രിസ്തുമതക്കാര്‍ക്കും പ്രയോജനമാണുണ്ടായിട്ടുള്ളത്. സ്വന്തം മതത്തിന്റെ വൈശിഷ്ട്യങ്ങള്‍ കണ്ടറിയാന്‍ അവര്‍ക്ക് അവസരം ലഭിച്ചല്ലോ’ ഇതായിരുന്നു ആ സര്‍വ്വമതസാരഗ്രാഹിക്ക് ഇതേപ്പറ്റി പറയാനുണ്ടായിരുന്നത്.
Discussion about this post