തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹം കൂടുതല്‍ ബോധവാന്‍മാരാകേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്തെ ടാഗോര്‍തിയേറ്റര്‍ പരിസരം കൂടുതല്‍ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിഭാവനം ചെയ്ത പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്താകമാനം പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ്. മഹാകവി രബീന്ദ്രനാഥടാഗോറിന്റെ 153-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയും പരിസ്ഥിതി ദിനാഘോഷവും സമന്വയിപ്പിച്ച് ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് 153 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമൃദ്ധമായി മഴ ലഭിക്കേണ്ട കാലത്തും സംസ്ഥാനത്ത് മതിയായ തോതില്‍ മഴ ലഭിക്കുന്നില്ലെന്നത് പാരിസ്ഥിതികമായ മുന്നറിയിപ്പാണെന്ന് ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. അണക്കെട്ടുകളില്‍ വെള്ളമില്ല. വൈദ്യുതി പ്രതിസന്ധിയുമുണ്ട്. ആഗോളതാപനവും പാരിസ്ഥിതികപ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഭീഷണികള്‍ നേരിടാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടാഗോര്‍ സ്മൃതിവനത്തിലെ ആദ്യവൃക്ഷത്തൈ നട്ടു.
മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, പെരുമ്പടവം ശ്രീധരന്‍, മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ മിനി ആന്റണി, ജി.ശേഖരന്‍ നായര്‍, കാട്ടൂര്‍ നാരായണപിള്ള, പ്രൊഫ. ഉമ്മന്‍ വി.ഉമ്മന്‍, നെടുമുടി ഹരികുമാര്‍, ആര്‍ക്കിടെക്ട് ശങ്കര്‍, ഗായകരായ ശ്രീറാം, കല്ലറ ഗോപന്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു.













Discussion about this post