ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് അനുമതി നല്‍കിക്കൊണ്ടാണ് മേല്‍നോട്ട സമിതിക്ക് രൂപം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കേന്ദ്രജലകമ്മീഷന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നംഗ സമിതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് സമിതി മേല്‍നോട്ടം വഹിക്കും. കേരളത്തിന്റെ പ്രതിനിധിയായി വി ജെ കുര്യനും, തമിഴ്‌നാടിന്റെ പ്രതിനിധിയായി സായികുമാറുമാണ് സമിതിയിലുള്ളത്. കേന്ദ്രജലകമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും സമിതിയില്‍ അംഗമാകും. ട്രായ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. യുപിഎ സര്‍ക്കാര്‍ രൂപം നല്‍കിയ നാല് മന്ത്രിസഭാസമിതികള്‍ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തീരുമാനിച്ചിരുന്നു. ഈ തീരുമാനവും മന്ത്രിസഭായോഗം അംഗീകരിച്ചു. പാര്‍ലമന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ വിഷയങ്ങള്‍ ചര്‍ച്ചയായെങ്കിലും തീയതി തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
Discussion about this post