ന്യൂഡല്‍ഹി: ഇറാക്കിലെ മൊസൂളില്‍നിന്നു 40 ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. മൊസൂളിലെ താരിഖ് നൂര്‍ അല്‍ഹുദ എന്ന കമ്പനിയിലെ നിര്‍മാണത്തൊഴിലാളികളാണു ഭീകരരുടെ പിടിയിലായത്. ഉത്തരേന്ത്യയില്‍നിന്ന്, പ്രത്യേകിച്ചു പഞ്ചാബില്‍നിന്നുള്ളവരാണു തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഭൂരിഭാഗവും. കേരളത്തില്‍ നിന്ന് ആരുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് സെയിദ് അക്ബറുദ്ദീന്‍ അറിയിച്ചു. നിര്‍മാണമേഖലയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ സംഘത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
അതേസമയം ഇറാക്കിലുള്ള മലയാളികളായ നഴ്‌സുമാര്‍ സുരക്ഷിതരാണെന്നും ഇവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിക്രിത്തില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്‌സുമാര്‍ സുരക്ഷിതരാണെന്നു റെഡ് ക്രസന്റ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. ഇവരില്‍ 44 പേര്‍ മലയാളികളാണ്. റെഡ് ക്രസന്റ് വോളണ്ടിയര്‍മാര്‍ നഴ്‌സുമാരുടെ വിവരങ്ങള്‍ തിരക്കുന്നുണ്ട്. എല്ലാവരും അവരവരുടെ ആശുപത്രികളില്‍ തന്നെയാണു കഴിയുന്നത്. സൈന്യത്തിന്റെ സുരക്ഷയില്‍ കഴിയുന്ന നഴ്‌സുമാരെ റോഡ് മാര്‍ഗം വിമാനത്താവളത്തിലേക്കു കൊണ്ടുവരുന്നതു നിലവിലുള്ള സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നു റെഡ് ക്രസന്റ് അറിയിച്ചു.
പ്രശ്‌നം അവസാനിക്കുന്നതുവരെ ഇറാക്കില്‍ തുടരാനാണു താത്പര്യമെന്നു ഭൂരിഭാഗംപേരും ഇന്ത്യന്‍ എംബസിയെ അറിയിച്ചതായാണു സൂചന. പ്രമുഖ പട്ടണങ്ങളായ മൊസൂളും തിക്രിത്തും ഐഎസ്‌ഐഎസ് തീവ്രവാദികള്‍ പിടിച്ചടക്കിക്കഴിഞ്ഞതിനാല്‍ ഇവരെ രക്ഷപ്പെടുത്തുന്നത് അത്ര എളുപ്പമാവില്ലെന്നു വിലയിരുത്തപ്പെടുന്നു.
പതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാക്കിലുണ്ടെന്നാണു കണക്കാക്കുന്നത്. ഇതില്‍ കലാപമേഖലയില്‍ നൂറിലധികം ഇന്ത്യക്കാരുണ്ടെന്നും സര്‍ക്കാര്‍ കണ്ടെത്തി. ഇവരെ സുരക്ഷിതമായി മടക്കിയെത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനായി ഇറാക്കിലെ മുന്‍ അംബാസഡര്‍ സുരേഷ് റെഡ്ഡിയെ കേന്ദ്ര സര്‍ക്കാര്‍ ഇറാക്കിലേക്കയച്ചിട്ടുണ്ട്.
Discussion about this post