ന്യൂഡല്‍ഹി: റെയില്‍വേ യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിച്ചു. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ നിലവില്‍ വരും. നിരക്ക് കൂട്ടാന്‍ റെയില്‍വേ ബോര്‍ഡ് നല്‍കിയ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അതേപടി അംഗീകരിച്ചിട്ടുണ്ട്.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു തൊട്ടു പിന്നാലെ തന്നെ റെയില്‍നിരക്ക് കൂട്ടുമെന്ന സൂചനയുണ്ടായിരുന്നു. വ്യാഴാഴ്ച റെയില്‍വേ ജനറല്‍ മാനേജര്‍മാരുമായും ബോര്‍ഡ് പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം റെയില്‍വേമന്ത്രി ഡി.വി.സദാനന്ദ ഗൗഡ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ചരക്ക് കൂലി അടക്കം എല്ലാ ക്ലാസുകളിലെയും നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാണ് റെയില്‍വേ ബോര്‍ഡ് മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുവാദം ഇക്കാര്യത്തില്‍ ലഭിച്ചതിനു പിന്നാലെ റെയില്‍വേ മന്ത്രാലയം നിരക്കു വര്‍ധനവിന് ഉത്തരവ് നല്‍കുകയായിരുന്നു.
നിരക്ക് കുത്തനെ കൂട്ടിയത് പുതിയ സര്‍ക്കാരിനെതിരേ പ്രതിഷേധങ്ങള്‍ക്ക് കാരണമായേക്കും. സംസ്ഥാനത്ത് ബസ് നിരക്ക് കുത്തനെ കൂട്ടിയതിന് പിന്നാലെ റെയില്‍വേ നിരക്കും വര്‍ധിപ്പിച്ചത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുമെന്നുറപ്പാണ്.
Discussion about this post