
ന്യൂഡല്‍ഹി:ഇന്ത്യന്‍ റയില്‍വേയുടെ ആറു പതിറ്റാണ്ടു പഴക്കമുള്ള മുദ്ര (ലോഗോ) മാറ്റാനുള്ള തീരുമാനം തല്‍ക്കാലം നടപ്പാവില്ല. ലക്ഷങ്ങള്‍ മുടക്കി തയാറാക്കിയ പുതിയ മുദ്ര തല്‍ക്കാലം ഡല്‍ഹിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് കാലത്തു മാത്രമായിരിക്കും ഉപയോഗിക്കുക. ഗെയിംസ് കാലത്തെ പ്രത്യേക ട്രെയിന്‍ ടിക്കറ്റുകളില്‍ പുതിയ മുദ്ര അച്ചടിക്കും. റയില്‍വേക്കു കാലാനുസൃതമായ മാറ്റം എന്ന ചിന്തയിലാണ് മുദ്ര മാറ്റാന്‍ ആലോചിച്ചത്. വൃത്താകൃതിയില്‍ പച്ചനിറത്തിലെ രണ്ടു റയില്‍പ്പാളങ്ങള്‍, അതിനു നടുവിലായി പച്ചനിറത്തിലുള്ള അശോകസ്‌തംഭം മുദ്രണംചെയ്‌ത കറുത്ത നിറത്തിലെ റയില്‍വേ എന്‍ജിന്‍, സോണുകളെ സൂചിപ്പിക്കുന്ന 16 നക്ഷത്രങ്ങള്‍ – ഇത്തരത്തില്‍ ഡിസൈന്‍ ചെയ്‌തതാണു പുതിയമുദ്ര.
റയില്‍വേ ബോര്‍ഡ് മുദ്രയ്‌ക്ക് അംഗീകാരം നല്‍കിയെങ്കിലും സ്‌ഥിരം മുദ്രയാക്കിമാറ്റണമെങ്കില്‍ റയില്‍വേ മന്ത്രാലയത്തിന്റെ നയപരമായ അംഗീകാരം ആവശ്യമാണ്.മുംബൈ ആസ്‌ഥാനമായുള്ള പരസ്യ ഏജന്‍സിയാണ് മുദ്ര രൂപകല്‍പ്പന ചെയ്‌തത്. എന്നാല്‍, ചുവന്ന നിറത്തില്‍ വൃത്തത്തിനുള്ളില്‍ റയില്‍വേ എന്‍ജിനും സോണുകളെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങളുമുള്ള നിലവിലെ മുദ്ര മാറ്റുന്നതിനു മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചട്ടില്ല. അതിനാലാണു കോമണ്‍വെല്‍ത്ത് ഗെയിംസ് കാലത്തു മാത്രമായി ചിഹ്‌നം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രധാന സ്‌പോണ്‍സര്‍മാരിലൊന്ന് ഇന്ത്യന്‍ റയില്‍വേയാണ്. അതുകൊണ്ടു കൂടിയാണു പുതിയ മുദ്ര ഉപേക്ഷിക്കാതെ ഗെയിംസ് കാലത്തേക്കെങ്കിലും ഉപയോഗിക്കുന്നതത്രേ.
Discussion about this post