ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തുന്നതിനായി ശശിതരൂര്‍ ഇടപെട്ടെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ എയിംസ് ഡയറക്ടറോട് ആവശ്യപ്പെട്ടു. സുനന്ദയുടെ മരണം സ്വാഭാവികമെന്നതിനേക്കാള്‍ ആത്മഹത്യയോ കൊലപാതകമോ ആകാന്‍ സാധ്യതകളേറെയാണെന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ന്യൂഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. മരുന്നുകളിലൂടെയോ വിഷം ഉള്ളില്‍ ചെന്നോ ആണു മരണം സംഭവിച്ചിരിക്കുന്നത്. എന്നാല്‍, ഇതൊരു സ്വാഭാവിക മരണമെന്ന രീതിയിലുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാരോപിച്ച് ഡോ. സുധീര്‍ ഗുപ്ത ഇന്നലെ രംഗത്തു വന്നിരുന്നു.
ആരോഗ്യ മന്ത്രാലയത്തിനയച്ച കത്തില്‍ ശശി തരൂരും എയിംസിന്റെ പ്രസിഡന്റായിരുന്ന ഗുലാം നബി ആസാദും തന്നെ സ്വാധീനിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തെന്നുമാണ് ഡോ. സുധീര്‍ പറയുന്നത്. അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ആസാദും ശശി തരൂരും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ളവരായിരുന്നതിനാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍, സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച ശരിയായ കണ്ടെത്തലുകള്‍ സീലു ചെയ്ത കവറില്‍ സമര്‍പ്പിക്കാന്‍ തന്നെ അനുവദിക്കണമെന്നാണു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യൂണലിനു നല്‍കിയ കത്തില്‍ ഡോ. ഗുപ്ത ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ ആരോപണങ്ങള്‍ അടിസ്ഥാനപരമെന്നു സമര്‍ഥിക്കുന്നതിനായി ശശി തരൂരും ഗുലാം നബി ആസാദും തനിക്കയച്ച ഇ മെയില്‍ സന്ദേശങ്ങള്‍ ഹാജരാക്കാമെന്നും ഡോ. സുധീര്‍ ഗുപ്ത സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യുണലിനോടു വ്യക്തമാക്കിയിട്ടുണ്ട്.
എയിംസിലെ ഫോറന്‍സിക് വിഭാഗം തലവനാണു ഡോ. സുധീര്‍ ഗുപ്ത. സുനന്ദയുടെ മരണത്തിലും ഏറെ വിവാദമായ നിഡോ തനിയാമിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിലും താനെടുത്ത ശരിയായ നിലപാടുകള്‍ കാരണം തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് എയിംസ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിവരുന്നതെന്ന ഡോ. ഗുപ്ത കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു.
Discussion about this post