ന്യൂഡല്‍ഹി: യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ബിജെപിയെ രഹസ്യ നിരീക്ഷണം നടത്തിയ സംഭവത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇന്ത്യ അറിയിച്ചു.
ലോകത്തെ അഞ്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം എന്‍എസ്എ ബിജെപിയെയും നിരീക്ഷിച്ചുവെന്ന് മുന്‍ എന്‍എസ്എ ഉദ്യോഗസ്ഥനായിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെയാണിത്. വിദേശരാജ്യങ്ങളില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടികളെ നിരീക്ഷിച്ചത്.
ഈജിപ്തിലെ മുസ്‌ലീം ബ്രദര്‍ഹുഡ്, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, ലെബനനിലെ അമല്‍ പാര്‍ട്ടി, വെനിസ്വലയിലെ ബൊളിവേറിയന്‍ കോണ്ടിനെന്റല്‍ കോ-ഓര്‍ഡിനേറ്റര്‍, ഈജിപ്ഷ്യന്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളെയാണ് ബിജെപിക്കു പുറമേ യുഎസ് നിരീക്ഷണ പട്ടികയിലുണ്ടായിരുന്നത്. 193 രാജ്യങ്ങളെയും യുഎസ് നിരീക്ഷിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചത്.
അതേസമയം, ബിജെപിയെ നിരീക്ഷിക്കാന്‍ എന്‍എസ്എയ്ക്ക് ഫോറിന്‍ ഇന്റലിജന്‍സ് സര്‍വലന്‍സ് കോടതിയുടെ (എഫ്‌ഐഎസ്എ) അംഗീകാരം ലഭിച്ചതായി മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ ബിജെപിയെ നിരീക്ഷണവിധേയമാക്കിയോ എന്നത് വ്യക്തമല്ല. യുഎസിനു പുറത്തുള്ള സംഘടനകളെ നിരീക്ഷിക്കാന്‍ എഫ്‌ഐഎസ്എയുടെ അനുമതി ആവശ്യമാണ്.
2010-ലാണ് എഫ്‌ഐഎസ്എ ബിജെപിയെ നിരീക്ഷിക്കാന്‍ എന്‍എസ്എയ്ക്ക് അനുമതി നല്കിയത്.
Discussion about this post