ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങിയ 46 മലയാളി നേഴ്‌സുമാരുമായുള്ള പ്രത്യേക വിമാനം ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തും. ഇവര്‍ക്കൊപ്പം കിര്‍ക്കുക്കിലുള്ള 17 ഇന്ത്യക്കാരും പ്രത്യേക വിമാനത്തില്‍ നാളെ തിരിച്ചെത്തും. നഴ്‌സുമാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ അറിയിച്ചു. ഇവരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഇര്‍ബലില്‍ നിന്ന് നേരിട്ട് കൊച്ചിയിലാകും ആദ്യം എത്തുക. മറ്റിടങ്ങളിലേക്ക് പോകുനുള്ളവരുണ്ടെങ്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗത നയതന്ത്ര രീതിയിലൂടെയല്ല പരിഹാരം സാധ്യമായതെന്നും നഴ്‌സുമാരുടെ മോചനത്തിനായി പ്രയോഗിച്ച നയതന്ത്ര രീതിയെക്കുറിച്ച് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.നഴ്‌സുമാരെ കൊണ്ടുവരാനായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ നിന്ന് ഇര്‍ബിലിലേക്ക് പുറപ്പെട്ടുകഴിഞ്ഞുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇര്‍ബില്‍ വിമാനത്താവളത്തിന് സമീപമെത്തിയ നഴ്‌സുമാരുമായി അവിടേക്ക് അയച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു.
Discussion about this post