ന്യൂഡല്‍ഹി: ആശങ്കകള്‍ക്ക് വിരാമമിട്ട് 46 മലയാളി നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തി. 11.43ന് എയര്‍ ഇന്ത്യയുടെ പ്രത്യേകവിമാനമാനത്തിലാണ് നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. നഴ്‌സുമാരെ സ്വീകരിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.പി മാരായ ജോസ് കെ മാണി, ഇന്നസെന്‍റ്, മന്ത്രിമാരായ പി.ജെ ജോസഫ് , വി.എസ്. ശിവകുമാര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
രാവിലെ 4.05 നാണ് ഇര്‍ബിലില്‍ നിന്നും വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്ത്. മുംബൈയില്‍നിന്നു ഇന്ധനം നിറച്ചശേഷം വിമാനം രാവിലെ 9.50ന് നെടുമ്പാശ്ശേരിയിലേക്ക് യാത്രതിരിച്ചു. 45 മലയാളി നഴ്‌സുമാരും തുത്തുക്കുടി സ്വദേശിനിയായ ഒരു നഴ്‌സുമാണ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. യുദ്ധഭൂമിയില്‍നിന്നു മടങ്ങിയെത്തിയ നഴ്‌സുമാരെ സ്വീകരിക്കാന്‍ വന്‍ ജനാവലിതന്നെ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് എത്തിയിരുന്നു. നഴ്‌സുമാര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം എമിഗ്രേഷന്‍ കൗണ്ടര്‍സജ്ജമാക്കിയിരുന്നു. അവരെ വീടുകളിലെത്തിക്കാനായി നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക വാഹനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
കിര്‍കുക്കില്‍നിന്ന് മടങ്ങിയ 70 ഇന്ത്യക്കാരില്‍ 37 പേര്‍ മുംബൈയിലിറങ്ങി. നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനം ഹൈദരാബാദിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും പോകും.
ഡല്‍ഹിയില്‍നിന്ന് പോയ വിമാനത്തില്‍ വിദേശമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി നിലവാരത്തിലുള്ള ഒരുദ്യോഗസ്ഥനു പുറമേ, കേരളത്തിന്റെ റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, അസിസ്റ്റന്റ് റസിഡന്റ് കമ്മീഷണര്‍ രചനാ ഷാ എന്നിവരും ഉണ്ടായിരുന്നു.
Discussion about this post