ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
അദ്ധ്യായം – 3
ശിവോfഹം ശിവോfഹം (സത്യാനന്ദസുധാവ്യാഖ്യാനം)
ഞാന്‍ ഉണ്ട് എന്നറിയാത്തവര്‍ ആരുമില്ല. പക്ഷേ ആരാണു ഞാന്‍? ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം അറിയുന്നവര്‍ ചുരുക്കമാണ്. അവരാണ് യഥാര്‍ത്ഥജ്ഞാനികള്‍. ഞാന്‍ ആരാണെന്നറിയലാണ് ജീവിതലക്ഷ്യം. ശാന്തനായ ലക്ഷ്മണനെ ആ മഹാതത്ത്വം രാമന്‍ ഉപദേശിക്കാനാരംഭിക്കുന്നു.
ദൃശ്യമായുള്ളോരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
സത്യമെന്നാകിലേതല്‍പ്രയാസം തവ
യുക്തമതല്ലായ്കിലെന്തിതിനാല്‍ ഫലം?
ശരീരം, രാജ്യം, പ്രപഞ്ചം, ധനധാന്യാദികള്‍ മുതലായവയെല്ലാം ദൃശ്യമാണ്. കണ്ണുകൊണ്ട് കാണപ്പെടുന്നവയാണു ദൃശ്യം. കാതുകൊണ്ടു കേള്‍ക്കപ്പെടുന്നവയും മൂക്കുകൊണ്ടു മണക്കപ്പെടുന്നവയും നാക്കുകൊണ്ടു രുചിക്കപ്പെടുന്നവയും ത്വക്കുകൊണ്ടു സ്പര്‍ശിക്കപ്പെടുന്നവയും കൂടി ദൃശ്യമെന്ന പദംകൊണ്ട് ഇവിടെ അര്‍ത്ഥമാക്കിയിരിക്കുന്നു. ഇവയെല്ലാം സത്യമാണെങ്കില്‍മാത്രമേ ലക്ഷ്മണാ നിന്റെ പരിശ്രമം ഉചിതമാണെന്നു പറയാനാവൂ. ഇവയൊന്നുംതന്നെ സത്യമല്ലെങ്കില്‍ ഇപ്പോള്‍ ചെയ്യാന്‍ പുറപ്പെട്ടിരിക്കുന്ന ക്രൂരകര്‍മ്മംകൊണ്ടു എന്തു പ്രയോജനം? ഈ ചോദ്യം ലക്ഷ്മണനെ ഇരുത്തി ചിന്തിപ്പിച്ചു. വിവേകികളുടെ മനസ്സില്‍ നിശ്ചയമായും ഈ ചോദ്യം ചിന്തയുടെ തരംഗമാലകള്‍ ഉണര്‍ത്തിവിടുമെന്ന കാര്യത്തില്‍ സംശയമില്ല.
മൂന്നുകാലത്തിലും മാറ്റമില്ലാതെ സ്ഥിതി ചെയ്യുന്നതെന്തോ അതാണു സത്യമെന്നു പ്രതിപാദിച്ചു കഴിഞ്ഞു. ശരീരം, ധാന്യം, ധനം, രാജ്യം എന്നു തുടങ്ങി ഈ ലോകത്തു കാണുന്നതെല്ലാം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് അവയൊന്നും സത്യമല്ല. മാറ്റമാണ് ജീവിതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ ഒന്ന്. മാറ്റമില്ലെങ്കില്‍ അനുഭവമില്ല. അതില്ലാതെ ജീവിതവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം.
ലോകം നിത്യചലം വൃഥാമൃതിഭയം
തോന്നുന്നു മാറ്റങ്ങളില്‍
പാകത്തിന്റെ പൊരുളൊന്നുതന്നെ പലതാ-
മദ്ദേശകാലങ്ങളാല്‍
ഏകവ്യാകുലവിശ്വചക്രപടലം
ധര്‍മ്മാക്ഷദണ്ഡത്തില്‍ നി-
ന്നാകല്പം തിരിയുന്നു തദ്ഗതിതടു-
പ്പാനില്ല കയ്യാര്‍ക്കുമേ.
എന്നു കുമാരനാശാന്‍ പാടുന്നതു വെറുതെയല്ല. മാറാത്തതായി എന്തുണ്ട് ഈ ജഗത്തില്‍? പരമാണുമുതല്‍ അണ്ഡകടാഹങ്ങള്‍വരെ എല്ലാം അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നു. അനവരതം തുടരുന്ന ഈ ചലനത്തില്‍ ഏറിയപങ്കും നമ്മുടെ ശ്രദ്ധയില്‍ പെടുന്നില്ലെന്നു മാത്രം. എന്നാല്‍ അപഗ്രഥനപടുവായ മനുഷ്യന് ഇക്കാര്യം വ്യക്തമാകാന്‍ വലിയ പ്രയാസമില്ല.
മാറ്റത്തിന്റെ പൊരുളറിഞ്ഞ ഋഷിമാരാണ് മെയ്യിന് ദേഹമെന്നും ശരീരമെന്നുമെല്ലാം പേരിട്ടത്. ദേഹമെന്നപദത്തിന് വളരുന്നത് എന്നും (ദിഹ് ഉപചയേ) ശരീരമെന്നശബ്ദത്തിന് നശിക്കുന്നത് (ശീര്യതേ ഇത്) എന്നുമാണ് വാച്യാര്‍ത്ഥം. വളരുന്ന പ്രക്രിയയും ജീര്‍ണ്ണിക്കുന്ന പ്രവര്‍ത്തനവും മാറ്റമല്ലാതെ വേറൊന്നല്ലല്ലോ. അതിനാല്‍ ശരീരമെങ്ങനെ സത്യമാകും? നശിക്കുന്നശരീരത്തിന്റെ ആശുവിനാശിയായ സുഖത്തിനുവേണ്ടി, നഷ്ട്‌പെടുമെന്നുറപ്പുള്ള കിരീടത്തിനും ചെങ്കോലിനും വേണ്ടി, അശാശ്വതമായ സാമ്രാജ്യത്തിനും ധനധാന്യാദികള്‍ക്കുമായി മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന പാതകങ്ങള്‍ക്കവസാനമില്ല. ലോകചരിത്രം ഈ കൊടിയ ഹിംസയുടെ കഥയാണ്. നിണപ്പുഴക്കളൊഴുക്കിയ ഹിറ്റ്‌ലറും അതുപോലുള്ള ഭീകരന്മാരും ഇന്നില്ല. കാലത്തിന്റെ പ്രവാഹത്തില്‍ അവരെല്ലാം എങ്ങോ മണ്‍മറഞ്ഞു. നീര്‍ക്കുമിളപോലെ പൊട്ടിത്തകരുന്ന നൈമിഷികമായ ജീവിതത്തില്‍ സുഖംവാരിക്കൂട്ടാനുള്ള അവരുടെ ആഗ്രഹം വെറും വ്യാമോഹമായിരുന്നെന്നു കാലം തെളിയിച്ചു. ഈ സത്യം മനസ്സിലാക്കിക്കൊണ്ടു ഹിംസയുടെ മാര്‍ഗ്ഗത്തില്‍ കാലുവയ്ക്കാതെ ബുദ്ധിപൂര്‍വകമായി ജീവിക്കാനുള്ള വൈദികമായ ആഹ്വാനമാണ് രാമന്‍ നല്‍കുന്നത്.
ശരീരാത്മബുദ്ധി
ശരീരമാണു ഞാനെന്ന ധാരണയാണു (ശരീരാത്മബുദ്ധി) മനുഷ്യനെ അബദ്ധത്തില്‍ ചാടിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അതൊരു തെറ്റിദ്ധാണമാത്രമാണ്. രൂഢമൂലമായിപ്പോയതുകൊണ്ടു അക്കാര്യം മനസ്സിലാക്കാന്‍ പെട്ടെന്നു കഴിയുന്നില്ലെന്നു മാത്രം. ശരീരത്തെ താനായി തെറ്റിദ്ധരിക്കുന്നതോടൊപ്പം ശരീരത്തോടു ബന്ധപ്പെടുന്ന മറ്റു ഭൗതികവസ്തുക്കളെ തന്റേതായും മനുഷ്യന്‍ ധരിക്കുന്നു. തന്മൂലം ശരീരത്തിനു സുഖം നല്‍കുന്നവയോടു ഇഷ്ടവും അതിനു തടസ്സം സൃഷ്ടിക്കുകയോ വിപരീതം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവയോടു വിദ്വേഷവും ഉണ്ടാകുന്നു. കാമക്രോധാദികള്‍ ഉദ്ഭവിക്കുന്നത് ഇങ്ങനെയാണ്. സുഖസാമഗ്രികള്‍ വാരിക്കൂട്ടാനുള്ള പരക്കംപാച്ചിലും മാത്സര്യവും കലാപങ്ങളും ഈ തെറ്റിദ്ധാരണയില്‍ നിന്നാരംഭിക്കുന്നു. വ്യക്തിജീവിതത്തെയും സമൂഹജീവിതത്തെയും രാഷ്ട്രജീവിതത്തെയും മലീമസമാക്കുന്ന അടിസ്ഥാനഘടകം ഈ അബദ്ധധാരണ തന്നെ.
കാമക്രോധാദികള്‍ക്കെന്നപോലെ മനുഷ്യന്റെ ദുഃഖങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഭയങ്ങള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കുമുള്ള അടിസ്ഥാനകാരണവും മുകളില്‍ പറഞ്ഞ ശരീരാത്മബുദ്ധി (ശരീരമാണു ഞാനെന്ന വിശ്വാസം) യാണ്. മറ്റ് ഏതൊരു വസ്തുവിനെയുംപോലെ ശരീരവും മാറ്റങ്ങള്‍ക്കു വിധേയമാണ്. ജനിക്കുക, വര്‍ത്തിക്കുക, വളരുക, വളര്‍ച്ചയുടെ പരകാഷ്ഠയിലെത്തുക, ക്രമേണ ക്ഷയിക്കുക. നശിക്കുക എന്നീ മാറ്റങ്ങള്‍ ശരീരത്തിനുള്ളതാണ്. ശരീരം വളരുന്നതുകണ്ടു സന്തോഷിക്കുന്ന മനുഷ്യന്‍ അതിന്റെ തളര്‍ച്ചകണ്ടു ദുഃഖിക്കുകയും ചെയ്യുന്നു. രോഗവും വാര്‍ദ്ധക്യവും മറ്റു ക്ലേശങ്ങളും തന്റേതാണെന്നു ധരിച്ചു ദുഃഖിക്കുന്നു. ശരീരത്തിന്റെ മരണത്തെ തന്റെ മരണമായിക്കരുതി മനുഷ്യന്‍ ഭയക്കുന്നു. മരണത്തെ ഭയക്കുന്നതുകൊണ്ടു മരണകാരണമാകാവുന്ന രോഗ, വാര്‍ദ്ധക്യ, ശത്രുപീഡാദികളെയും അവന്‍ ഭയക്കുന്നു. ഉറുമ്പിനെപ്പോലും പേടിക്കുന്ന പരിതാപകരമായ അവസ്ഥയിലേക്ക് മനുഷ്യന്‍ വഴുതിവീഴുന്നു. സമസൃഷ്ടങ്ങളെ കൊല്ലുന്നതുപോലെതന്നെ ഭീകരമായ ഹിംസയാണ് സ്വയം ഭയന്നും കരഞ്ഞും കഴിയുന്നത്. വെറുമൊരു തെറ്റിദ്ധാരണമൂലമുണ്ടാകുന്ന ഈ ക്ലേശത്തെ അകറ്റാന്‍ ശക്തിനല്‍കുന്ന ശാസ്ത്രമാണു വേദാന്തം.
Discussion about this post