ന്യൂഡല്‍ഹി: റെയില്‍വേയുടെ വികസനത്തിനും സുരക്ഷയ്ക്കും മുന്‍തൂക്കം നല്കി മോഡിസര്‍ക്കാരിന്റെ പ്രഥമ റെയില്‍വേ ബജറ്റ് പ്രഖ്യാപിച്ചു. വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കു മുന്‍ഗണന നല്‍കിക്കൊണ്ടുള്ള റെയില്‍വേ ബജറ്റില്‍ വിദേശനിക്ഷേപത്തിനും സ്വകാര്യ പങ്കാളിത്തത്തിനും പ്രാധാന്യം നല്കിയിട്ടുണ്ട്. .റെയില്‍വേ സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര, യുപി, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. കേരളത്തിനു നിരാശ പകരുന്നതാണ് മോഡിസര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ്. അതേസമയം, പുതിയ ട്രെയിനുകളൊന്നും കേരളത്തിന് അനുവദിച്ചില്ല. 27 പുതിയ എക്‌സ്പ്രസ് ട്രെയിനുകളും എട്ടു പാസഞ്ചറുകളും പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമാണ് ലഭിച്ചത്. ബൈന്തൂര്‍- കാസര്‍ഗോഡ് പാസഞ്ചറാണ് കേരളത്തിന് അനുവദിച്ചത്. അതേസമയം പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചില്ല. കാഞ്ഞങ്ങോട്-പാണത്തൂര്‍ പാതയ്ക്കായി ഒരു സര്‍വേ മാത്രമാണ് കേരളത്തിന് അനുവദിച്ചത്.
മുംബൈ- അഹമ്മദാബാദ് പുതിയ ബുള്ളറ്റ് ട്രെയിനും ബജറ്റില്‍ പ്രഖ്യാപിച്ചു. ഒമ്പതു പാതകളില്‍ അതിവേഗ ട്രെയിനുകള്‍ അനുവദിച്ചു. 18 പുതിയ പാതകള്‍, ആറ് പ്രീമിയം ട്രെയിനുകള്‍, ആറ് എസി ട്രെയിനുകള്‍, 27 എക്‌സ്പ്രസ് ട്രെയിനുകള്‍ എട്ട് പാസഞ്ചര്‍, രണ്ട് മെമു, അഞ്ച് ഡെമു ട്രെയിനുകള്‍ എന്നിവയും ബജറ്റില്‍ പ്രഖ്യാപനത്തിലുണ്ട്.
ലോകോത്തര റെയില്‍വേ സര്‍വീസായി ഇന്ത്യന്‍ റെയില്‍വേയെ മാറ്റുമെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. റെയില്‍വേ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഏറെ നിര്‍ണായകമാണ്. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം അറിയിച്ചു.
റെയില്‍വേയുടെ നഷ്ടം നികത്താനുള്ള നടപടിക്കായിരിക്കും ഊന്നല്‍ നല്കുന്നത്. യാത്രാക്കൂലി വര്‍ധിപ്പിച്ചതുകൊണ്ടുമാത്രം നഷ്ടം നികത്താനാകില്ല. റെയില്‍വേയില്‍ വിദേശനിക്ഷേപം അനിവാര്യമാണ്. ഇതിനായി മന്ത്രിസഭയുടെ അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post