തിരുവനന്തപുരം: ശബരിമല സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒക്ടോബര്‍ 31 -ന് പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനമായി. പമ്പാ ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചേംബറില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പമ്പാ ആക്ഷന്‍ പ്ലാനിന്റെ ഒന്നാം ഘട്ടമായി 18.45 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അലോട്ട് ചെയ്തിരുന്നു. 70 ശതമാനം തുക കേന്ദ്രവും 30 ശതമാനം തുക സംസ്ഥാന സര്‍ക്കാരും വഹിക്കുന്ന പദ്ധതിക്കായി 12 സ്‌കീമുകളാണുണ്ടായിരുന്നത്. ഇതില്‍ ആദ്യഘട്ടത്തിലുള്ള ഏഴു സ്‌കീമുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് നല്‍കിയിട്ടുള്ളത്. 30 ശതമാനം ഷെയര്‍ ദേവസ്വം ബോര്‍ഡ് വഹിക്കാനായിരുന്നു ധാരണ. സന്നിധാനം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്‍പ്പെടെ ഇത് പിന്നീട് ആറെണ്ണമായി ചുരുക്കിയിരുന്നു. അതില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒഴികെയുള്ള അഞ്ചെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്ന് എംഎല്‍ഡി കപ്പാസിറ്റിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അഞ്ച് എംഎല്‍ഡിയായി ഉയര്‍ത്താന്‍ സാങ്കേതിക വിദഗ്ദ്ധര്‍ നിര്‍ദേശിച്ചതനുസരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതു ടെന്‍ഡര്‍ ചെയ്യും. ഹൈ പവര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഒക്ടോബര്‍ 31-ന് പണി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യും. പമ്പയില്‍ നിലവിലുള്ള മൂന്ന് എംഎല്‍ഡിയില്‍ 1.5 എംഎല്‍ഡി കൂടി ഉള്‍പ്പെടുത്തി ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. അടുത്ത സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് പൂര്‍ത്തിയാക്കുകയും ചെയ്യും.
പമ്പയും അനുബന്ധ പ്രദേശങ്ങളും ഉള്‍പ്പെടുന്നയിടങ്ങളിലെ കര ശുദ്ധീകരിക്കുന്നതിന് പുതിയ പദ്ധതി തയാറാക്കി സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ജലവിഭവവകുപ്പിന് നിര്‍ദേശം നല്‍കി. ശബരിമല-പമ്പ പ്രദേശങ്ങളും പമ്പയ്ക്ക് താഴെയുള്ള പ്രദേശങ്ങളും എന്ന് തിരിച്ച് രണ്ടായി പുതിയ പദ്ധതി തയാറാക്കി സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
യോഗത്തില്‍ മന്ത്രിമാരായ പി.ജെ.ജോസഫ്, വി.എസ്.ശിവകുമാര്‍, എംഎല്‍എമാരായ മാത്യു ടി.തോമസ്, തോമസ് ചാണ്ടി, പി.സി.വിഷ്ണുനാഥ്, രാജു ഏബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ് മുതലായവര്‍ പങ്കെടുത്തു.
Discussion about this post