തിരുവനന്തപുരം: കിളിമാനൂരിലെ രാജാരവിവര്‍മ്മ സ്മാരകത്തില്‍ നിര്‍മ്മിക്കുന്ന ആര്‍ട്ട് ഗ്യാലറി സെപ്തംബറോടെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഗ്യാലറി നിര്‍മ്മിക്കുന്നതിന് അനുവദിച്ച 25 ലക്ഷം രൂപയ്ക്കുപുറമേ 10 ലക്ഷം രൂപ കൂടി അനുവദിക്കാന്‍ ഇതുസംബന്ധിച്ച് കൂടിയ അവലോകന യോഗത്തില്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
രവിവര്‍മ്മ വരച്ചിട്ടുള്ളതില്‍ ലഭ്യമായ നാല്‍പ്പതോളം ചിത്രങ്ങളുടെ ക്യാന്‍വാസ് പതിപ്പുകളാണ് പ്രദര്‍ശനത്തിനായി കേരള ലളിതകലാ അക്കാദമി തയ്യാറാക്കി വരുന്നത്. പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ തയ്യാറാക്കും. സാമൂഹിക വിരുദ്ധര്‍ അടുത്തിടെ അടിച്ചുതകര്‍ത്ത രവിവര്‍മ്മ സ്മാരക ത്തിന്റെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി ആര്‍ട്ട് ഗ്യാലറിക്കൊപ്പം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. സ്മാരകം അനാഥമായി കിടക്കുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സ്മാരകത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തില്‍ ബി.സത്യന്‍ എം.എല്‍.എ., മുന്‍ എം.പി. തലേക്കുന്നില്‍ ബഷീര്‍, സ്മാരക ഉപദേശക സമിതി സെക്രട്ടറി ബിജു രാമവര്‍മ്മ, കിളിമാനൂര്‍ പഞ്ചായത്തു പ്രസിഡന്റ് പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post