തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഒക്ടോബര്‍ രണ്ട് മുതല്‍ കേരളത്തില്‍ നടപ്പിലാക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി അനൂപ് ജേക്കബ്. നിയമം കേരളത്തില്‍ നടപ്പിലാകുന്നതോടെ നിലവില്‍ ബി.പി.എല്‍/എ.എ.വൈ കാര്‍ഡുകാരെയും 2009 ലെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും എന്നാല്‍ കാര്‍ഡ് കിട്ടാത്തവരെയും കൂടി ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. ഇതോടൊപ്പംതന്നെ കാര്‍ഡുകള്‍ പുതുക്കിയും നല്‍കും.
പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിട്ടുണ്ടെന്നും എന്നാല്‍ ആവശ്യമായ സാഹചര്യങ്ങളില്‍ താത്ക്കാലിക കാര്‍ഡ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ റേഷന്‍കടകള്‍ വഴി പ്രി-പോപ്പുലേറ്റഡ് ഡാറ്റാ കാര്‍ഡ് വിതരണം ചെയ്യും. ക്യാമ്പുകള്‍ സംഘടിപ്പിച്ച് ജനങ്ങളില്‍ നിന്ന് ഇത് തിരികെ വാങ്ങും. വരുമാനപരിധിയുള്‍പ്പെടെ രേഖപ്പെടുത്തുന്ന അഫിഡവിറ്റും ഇതോടൊപ്പം തിരികെ നല്‍കണം. ക്യാമ്പില്‍ എത്താന്‍ കഴിയാത്ത സാഹചര്യമുള്ളവര്‍ക്ക് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡാറ്റാ കാര്‍ഡുകള്‍ പരിശോധിച്ച് കരട് ലിസ്റ്റ് പഞ്ചായത്ത് തലത്തില്‍ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും. ഇതു സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേകമായി രൂപീകരിക്കുന്ന കമ്മിറ്റികള്‍ മുമ്പാകെ നല്‍കാം. അതിലും പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. സെപ്തംബര്‍ 2014 ല്‍ ഡാറ്റാ ഫോമുകളുടെ വിതരണവും ഒക്ടോബറില്‍ ഫോമുകള്‍ തിരികെ വാങ്ങുന്നതിനുളള ക്യാമ്പും ഡിസംബറില്‍ കരട് രേഖ പ്രസിദ്ധപ്പെടുത്തലും നടക്കും. ആക്ഷേപങ്ങള്‍ സ്വീകരിച്ച് 2015 ജനുവരിയോടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 2015 മാര്‍ച്ച് ഒന്നിനുള്ളില്‍ റേഷന്‍ കാര്‍ഡുകള്‍ പൂര്‍ണമായി കൊടുത്തു തീര്‍ക്കും. ബി.പി.എല്‍. ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഓരോ ആറ്മാസം കൂടുബോഴും അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇനിമുതല്‍ റേഷന്‍ കാര്‍ഡ് കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലാകും നല്‍കുകയെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യവകുപ്പ് സെക്രട്ടറി സുമന്‍ ബില്ല, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ശ്യം ജഗന്നാഥ്, ഡയറക്ടര്‍ ജയിംസ് എന്നിവര്‍ പങ്കെടുത്തു.













