ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്തുശേഖരം സംബന്ധിച്ച കേസില്‍നിന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പിന്മാറി. കേസ് ഇന്നു വീണ്ടും പരിഗണിക്കുമ്പോള്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ ഹാജരാവില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹം സുപ്രീംകോടതിയില്‍ തിരിച്ചേല്‍പ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ കേസില്‍നിന്നു പിന്മാറുന്നു എന്നാണു സുപ്രീംകോടതി രജിസ്ട്രാര്‍ക്കു നല്‍കിയ കത്തില്‍ ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനായി സുപ്രീംകോടതി നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.പി. ഇന്ദിര അധ്യക്ഷയായ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍, ക്ഷേത്രത്തില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും കണക്കെടുപ്പിന്റെയും വിശദാംശങ്ങളാണു നല്‍കിയത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് രാജകുടുംബവും കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post