ഭാരതം ഇന്ന് അറുപത്തെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള ഒരു രാഷ്ട്രത്തെ സംബന്ധിച്ച് ഇത് ചെറിയ കാലയളവാണ്. എന്നാല്‍ അടിമഭാരതം സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസിലേക്ക് പറന്നുയര്‍ന്നിട്ട് അറുപത്തിയെട്ട് സംവത്സരം തികയുന്നു എന്നത് ചെറിയ കാലയളവായി കണക്കാക്കാന്‍ കഴിയില്ല. ഒരു മനുഷ്യ ജീവിതത്തെ സംബന്ധിച്ചാണെങ്കില്‍ ബാല്യ കൗമാര യൗവനദശകള്‍ പിന്നിട്ട് വാര്‍ദ്ധ്യക്യ കാലമാണിത്. ഭാരതീയ സങ്കല്‍പമനുസരിച്ച് വാനപ്രസ്ഥമോ സന്യാസമോ ആണ് ഈ പ്രായത്തില്‍ അനുഷ്ഠിക്കേണ്ടത്.
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും അക്ഷരമറിയാത്തതിന്റെയും ലോകത്ത് കോടിക്കണക്കിന് മനുഷ്യര്‍ ഇന്നും സ്വതന്ത്രഭാരതത്തില്‍ ജീവിക്കുന്നു. അവിടെയാണ് നാം സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തിരയേണ്ടത്. ഭാരതത്തില്‍ ഒരു മനുഷ്യനെങ്കിലും പട്ടിണികിടക്കുമ്പോള്‍ രാഷ്ട്രം സ്വതന്ത്രമായെന്നുപറയാനാവില്ല എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അര്‍ത്ഥവത്താണ്. ദാരിദ്ര്യവും അജ്ഞതയും തുടച്ചുനീക്കാനുള്ള ഭൗതികമായ സമ്പത്ത് ഭാരതത്തിനുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ ഋഷീശ്വരന്‍മാര്‍ പകര്‍ന്നു നല്‍കിയ ആത്മതേജസ് ആ ദൗത്യത്തിന് ഊര്‍ജ്ജമായി വര്‍ത്തിക്കും. എന്നാല്‍ സ്വതന്ത്രഭാരതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മൂല്യബോധം നഷ്ടപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിന്റെ കരങ്ങളില്‍ ഭരണമെത്തിയതാണ് ദരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കുന്നതിന് വിഘാതമായത്.
ഭാരതത്തിന്റെ മണ്ണിന്റെ മണമുള്ള ദര്‍ശനങ്ങളില്‍നിന്ന് ഉയിര്‍ക്കൊണ്ട ഒരു രാഷ്ട്രീയപ്രസ്ഥാനം ഇന്ന് ഭാരതത്തിന്റെ ഭരണം കൈയാളുകയാണ്. പ്രതീക്ഷാ നിര്‍ഭരമായ ഭാവിയാണ് ഇന്ന് ഓരോ ഭാരതീയന്റെയും മനസില്‍ വൈദേശിക ദര്‍ശനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് ഭാരതത്തിന്റെ തനത് സംസ്‌കൃതിയില്‍നിന്ന് അകന്നപ്പോള്‍ ഒരു ജനതയുടെ മൂല്യത്തില്‍ത്തന്നെ സാരമായ വ്യത്യാസമുണ്ടായി.
ദാരിദ്ര്യവും നിരക്ഷരതയുമൊക്കെ നമുക്കൊപ്പമുണ്ടെങ്കിലും ലോകമിന്ന് ഉറ്റുനോക്കുന്നത് ഭാരതത്തിലേക്കാണ്. സാമാധാനം നഷ്ടപ്പെട്ട പാശ്ചാത്യമനസ്സ് ഭൗതികതയുടെ എല്ലാ നീരാളിപ്പിടത്തത്തില്‍നിന്നും വിമുക്തരായി മനശാന്തിയുടെ സൗപര്‍ണികാ തീരങ്ങള്‍തേടി ഭാരതത്തിലേക്ക് ഒഴുകുകയാണ്. അപ്പോഴാണ് നമ്മുടെ യുവ തലമുറ പടിഞ്ഞാറുനോക്കികളായി സായിപ്പ് ചവച്ചരച്ചതൊക്കെ എടുത്ത് രുചിച്ചുനോക്കുന്നത്.
ഈ അവസ്ഥയെക്കുറിച്ച് യുവതലമുറ പുനര്‍ചിന്തനം നടത്തി, ഭാരതത്തിന്റെ തനത് സംസ്‌കൃതിയിലേക്ക് മടങ്ങി, ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാനുള്ള യത്‌നത്തില്‍ മുന്നോട്ടുവന്നു പരിവര്‍ത്തനത്തിന്റെ പതാകവാഹകരാകണം. അതാണ് മഹത്തായ ഈ രാഷ്ട്രത്തോട് യുവാക്കള്‍ക്ക് നിര്‍വഹിക്കാനുള്ള ചരിത്രദൗത്യം. സ്വാമി വിവേകാനന്ദന്‍ ഭാരതത്തിന്റെ ഭാവി സ്വപ്നംകണ്ടത് യുവാക്കളിലാണ്. ആ ചരിത്ര നിയോഗത്തിന് പ്രതിജ്ഞ എടുത്തുകൊണ്ട് ഈ സ്വാതനന്ത്ര്യദിനത്തില്‍ തന്നെ ആദ്യചുവടുവയ്ക്കണം.
Discussion about this post