തിരുവനന്തപുരം: ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച കര്‍ശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഹോട്ടല്‍ ഉടമകളെ നിലയ്ക്കുനിര്‍ത്തണം. ജനങ്ങളില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കണം. പദ്ധതികള്‍ കൊണ്ടുവരാന്‍ എളുപ്പമാണ്. എന്നാല്‍ അത് വിജയകരമായി നടപ്പാക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ആരോഗ്യമുള്ള തലമുറയെയാണ് വാര്‍ത്തെടുക്കേണ്ടത്. അമിതാഹാരം ശരീരത്തിന് ആപത്താണ്. ഫാസ്റ്റ്ഫുഡ്/ജംഗ് ഫുഡ് സംസ്‌കാരമാണ് കൂടുതയാലുള്ളത്. പുറമേ അലങ്കരിച്ച ബോര്‍ഡുകള്‍ വച്ചും എന്നാല്‍ വൃത്തിഹീനമായ അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ കാര്യക്ഷമമായ ഇടപെടലുണ്ടാവണം. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാം. ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ഇത്തരം ഹോട്ടലുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണം. പോലീസിന്റെ സഹകരണം ഇക്കാര്യത്തില്‍ ലഭ്യമാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ഇന്നുമുതല്‍ സംസ്ഥാനത്താകമാനം ഇന്റന്‍സീവ് ഫുഡ് സേഫ്ടി സ്‌ക്വാഡ് പരിശോധനകള്‍ നടത്തുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക ഓഫീസുകളും ലബോറട്ടറി സംവിധാനവും അവധിദിനത്തിലും പ്രവര്‍ത്തിക്കുന്ന തരത്തില്‍ സജ്ജമാക്കും. ഭാവിതലമുറയിലെ കുട്ടികളെ ആരോഗ്യമുള്ള തലമുറയിലെ കുട്ടികളാക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ആഴ്ചയിലൊരിക്കല്‍ കുട്ടികള്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ശീലമാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി മുന്നോട്ടുവച്ചു. സര്‍ക്കാരിന്റെ മിഷന്‍ 676 -ല്‍ ഉള്‍പ്പെടുത്തി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് സ്‌കൂളുകളില്‍ .നടപ്പാക്കുന്ന പദ്ധതിയാണ് സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി. ഇന്ത്യയില്‍ ആദ്യമായി സ്‌കൂള്‍ കുട്ടികള്‍ക്കായി ഒരു സംസ്ഥാനം നടപ്പാക്കുന്ന പദ്ധതിയാണിത്.
രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ജംഗ്ഫുഡ്, ട്രാന്‍സ്ഫാറ്റ്, കളറുകള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ലഹരിപദാര്‍ത്ഥങ്ങളായ ഗുഡ്ക, പാന്‍മസാല, എന്നിവയുടെ ദൂഷ്യവശങ്ങളെപ്പറ്റി ലഘുലേഖകള്‍, സെമിനാറുകള്‍, ഡോക്യുമെന്ററി ഫിലിം, മാജിക് ഷോ, വിവിധ മത്സരയിനങ്ങള്‍ എന്നിവ വഴി കുട്ടികളെ ബോധവത്ക്കരിക്കാനും ഭാവി തലമുറയെ സുരക്ഷിത ഭക്ഷണത്തിന്റെ ആവശ്യകത മനസിലാക്കി കൊടുക്കാനും ആരോഗ്യപൂര്‍ണമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി വിഭാവന ചെയ്തിട്ടുള്ള പദ്ധതിയാണ് സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കി (റ്റി.ഒ.റ്റി) അവരിലൂടെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും ഈ സന്ദേശം എത്തിക്കും. നാളത്തെ പൗരന്മാരെ ആരോഗ്യമുള്ളവരാക്കി മാറ്റിയെടുക്കുക എന്നുള്ള ഉത്തരവാദിത്വമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് നിര്‍മ്മിച്ച ഡോക്യുമെന്ററി സി.ഡി ആഭ്യന്തരമന്ത്രി സ്‌കൂള്‍ പാര്‍ലമെന്റ് ജോയിന്റ് സെക്രട്ടറി സ്‌നേഹയ്ക്കു നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ. അന്‍സജിത, കൗണ്‍സിലര്‍ സുരേഷ്‌കുമാര്‍ കെ, ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അനുപമ. ടി.വി, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കെ.എന്‍. സതീഷ്, കോട്ടണ്‍ഹില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ മിനി. എസ്, കോട്ടണ്‍ഹില്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹെഡ്മിസ്ട്രസ് സുജന. എസ്, ഭക്ഷ്യസുരക്ഷ ജോയിന്റ് കമ്മീഷണര്‍ ഡി. ശിവകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post