കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാര്‍ പ്രശ്‌നത്തില്‍ ആന്റീക്ലൈമാക്‌സ് സൃഷ്ടിച്ചുകൊണ്ട് ഉണ്ടായതീരുമാനം ശ്ലാഘനീയമാണ്. സംസ്ഥാനത്തെ ബാറുകളെല്ലാം പൂട്ടാനും പത്തുവര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി മദ്യനിരോധനത്തിലേക്കു പോകാനുമുള്ള യു.ഡി.എഫിന്റെ തീരുമാനം കേരളീയ സമൂഹം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. നേരത്തേപൂട്ടിയ 418 ബാറുകള്‍ക്കുപുറമേ 312ബാറുകള്‍ കൂടി പൂട്ടാനാണു തീരുമാനം. ഞയറാഴ്ചകളില്‍ മദ്യവില്‍പന ഒഴിവാക്കാനും ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ വര്‍ഷംതോറും 10%വീതം പൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 38 വില്‍പ്പനശാലകള്‍ ഈ ഗാന്ധിജയന്തിദിനത്തില്‍ത്തന്നെ പൂട്ടും. തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പുനര്‍ജനി പദ്ധതിയും നടപ്പിലാക്കും.
കെ.പി.സി.സി അദ്ധ്യക്ഷന്‍ ഡി.എം.സുധീരന്റെ ശക്തമായ നിലപാടാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിക്കുന്നത് കാരണമായത്. ഇതിന്റെ പിന്നില്‍ കോണ്‍ഗ്രസ്സിലെ സംഘടനാ നേതൃത്വവും ഭരണനേതൃത്വവും തമ്മിലുള്ള വടംവലിയാണെങ്കിലും അത് കേരളീയ സമൂഹത്തില്‍ ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമായി എന്നത് വളരെ ചാരിതാര്‍ത്ഥ്യജനകമാണ്.
സമ്പൂര്‍ണ്ണ സാക്ഷരത അവകാശപ്പെടുന്ന കേരളം മദ്യപാനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മുമ്പിലാണ്. ചെറുപ്പക്കാരുടെ മദ്യപാനാസക്തി വര്‍ദ്ധിച്ചുവരുന്നു. മദ്യമില്ലാതെ കേരളീയര്‍ക്ക് ആഘോഷങ്ങളൊന്നുമില്ല എന്ന നിലയില്‍വരെ എത്തി. വിവാഹം, ജന്മദിനാഘോഷം എന്നിവയ്ക്കുമാത്രമല്ല മരണാനന്തരചടങ്ങുകളില്‍പ്പോലും മദ്യം അഭിവാജ്യഘടകമായി മാറിയ അത്യന്തം ലജ്ജാകരമായ ഒരു സാമൂഹിക അന്തരീക്ഷത്തിലേക്ക് കേരളം മാറുകയായിരുന്നു. പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്ന കൂലിമുഴുവനും സാധാരണക്കാര്‍ മദ്യഷാപ്പില്‍ ചിലവഴിച്ചിട്ട് വെറുകൈയുമായി വീട്ടിലേക്ക് മടങ്ങുന്ന ദുരന്തം കേരളം കാണാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. പലപ്പോഴും അത്തരം മനുഷ്യരുടെ ഭാര്യയും മക്കളുമൊക്കെ ഇതുമൂലം പട്ടിണിയിലാകാറുണ്ട്. വീട്ടമ്മമാര്‍ ഏതെങ്കിലും തൊഴില്‍തേടി അന്നമൊരുക്കിയാല്‍ അതുപോലും വലിച്ചെറിഞ്ഞ് കുടുംബാന്തരീക്ഷം നരകതുല്യമാക്കുന്ന കാഴ്ച കേരളത്തിന്റെ മനസ്സാക്ഷിയെ വര്‍ഷങ്ങളായി വേട്ടയാടുകയാണ്.
കേരളം കെട്ടിപ്പൊക്കിയ സാമൂഹ്യമായ മുന്നേറ്റം മുഴുവന്‍ തകര്‍ക്കുന്ന തരത്തില്‍ മദ്യപാനാസക്തി എല്ലാ മേഖലകളെയും ഗ്രസിച്ചപ്പോള്‍ അതിന്റെ പരിഹാരത്തിനായി മത – സാമുദായിക – സാംസ്‌കാരിക നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമൊക്കെ ശബ്ദമുയര്‍ത്തിയിരുന്നു. പക്ഷേ ഗാന്ധിജിയുടെ ശിക്ഷ്യന്മാരെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സുകാര്‍ ഭരിച്ചിട്ടും ഇതിനറുതിവരുത്താന്‍ കഴിഞ്ഞില്ല. മദ്യവില്‍പ്പനയിലൂടെ നേടുന്ന റവന്യൂവരുമാനത്തില്‍ മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ കീശയിലേക്ക് ഒഴുകുന്ന കോടികളും ഈ പ്രശ്‌നത്തില്‍ ഒരു തീരുമാനമെടുക്കുന്നതിന് വിഘാതമായി.
ത്രീസ്റ്റാര്‍ പദവിയുള്ള ഒരു ഹോട്ടലുടമയ്ക്ക് ബാര്‍ലൈസന്‍സ് നിഷേധിച്ചതോടെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നം സൂപ്രീംകോടതിവരെ എത്തുന്നതിനും നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടുന്നതിനും കാരണമായത്. ഇത് തുറക്കാന്‍പാടില്ലെന്ന കാര്യത്തില്‍ വി.എം.സുധീരന് പിന്നാലെ ലീഗും കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പുമൊക്കെ ഉറച്ചുനിന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാറുടമകളുടെ സ്വന്തം ആളാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇതു മറികടക്കാനാണ് സുധീരനെയും ഘടകകക്ഷികളെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഉമ്മന്‍ചാണ്ടി സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളീയ സമൂഹത്തിന്റെ കാലങ്ങളായുള്ള കണ്ണീരോടെയുള്ള പ്രാര്‍ത്ഥന കേട്ടിട്ട് ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അല്ലെങ്കില്‍ ഇത്തരമൊരു തീരുമാനം ഇത്രയും പെട്ടെന്ന് ഉണ്ടാകുമായിരുന്നില്ല.
മുഖ്യമന്ത്രി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് ഇനി അടിയന്തിരമായി വേണ്ടത്. മാത്രമല്ല സമ്പൂര്‍ണ്ണ മദ്യനിരോധനിത്തിനുള്ള കാലയളവ് പത്തുകൊല്ലം വേണമോ എന്നുകൂടി തീരുമാനിക്കണം. മദ്യവില്‍പ്പനയിലൂടെ നേടുന്ന വരുമാനത്തേക്കാള്‍ വിലയുണ്ട് കേരളത്തിലെ അമ്മമാരും സഹോദരിമാരും ഒഴുക്കിയ കണ്ണുനീര്‍ എന്നു തെളിഞ്ഞിരിക്കുകയാണ്. ശാന്തിയും സമാധാനവുമുള്ള ഒരു സാമൂഹിക അന്തരീക്ഷത്തിലേക്ക് കേരളത്തിന് ചുവടുവയ്ക്കാന്‍ ഇപ്പോഴത്തെ ചരിത്രപരമായ തീരുമാനം തീര്‍ച്ചയായും ഉപകരിക്കും.
Discussion about this post