ഡോ.പൂജപ്പുരകൃഷ്ണന്‍ നായര്‍
ലക്ഷ്മണോപദേശം (സത്യാനന്ദസുധാ വ്യാഖ്യാനം)
ആത്മാവെന്ന സത്യം
ശരീരം, മനസ്സ്, ബുദ്ധി, ലോകം എന്നിങ്ങനെ ഇന്ദ്രിയ ഗ്രാഹ്യമായവയെല്ലാം ദൃശ്യം. ഞാനാകുന്ന ആത്മാവു ദൃക്ദൃശ്യമേതായാലും നിരന്തരം മാറിക്കൊണ്ടിരിക്കും. അതിനാല്‍ അതൊരിക്കലും സത്യമാവുകയില്ല. ശരീരാദികള്‍ക്കു അനുനിമിഷം വരുന്ന മാറ്റത്തെക്കുറിച്ചു നേരത്തേ ഉപന്യസിച്ചുവല്ലോ. ദൃക്കാകുന്ന ആത്മാവ് മാറ്റങ്ങള്‍ക്കു വിധേയമല്ല. ജനിക്കുക, വര്‍ത്തിക്കുക, വളരുക, വളര്‍ച്ചയുടെ പാരമ്യത്തിലെത്തുക, ക്ഷയിക്കുക, നശിക്കുക എന്നീ ഷട്ഭാവവികാരങ്ങള്‍ ആത്മാവിനില്ല. അതിനാല്‍ ഞാന്‍ അഥവാ ആത്മാവ് സത്യമാകുന്നു.
ജനിക്കുന്നനാള്‍മുതല്‍ മരിക്കുംവരെ ശരീരം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. മനസ്സും നിരന്തരം മാറുന്നു. അഞ്ചുവയസ്സുകാരന്റെ ആശയാഭിലാഷങ്ങളല്ല പത്തുവയസ്സുകാരന്റേത്. പതിനഞ്ചുകാരന്റെ ആഗ്രഹങ്ങളും അന്‍പതുകാരന്റെ അഭിലാഷങ്ങളും തൊണ്ണൂറുകാരന്റെ വികാരങ്ങളും തികച്ചും ഭിന്നമാണ്. മനസ്സു മാറിക്കൊണ്ടേയിരിക്കുന്നു എന്നു സ്പഷ്ടം. ഇതേവിധം ബുദ്ധിയും മാറുന്നു. പക്ഷേ ‘ഞാന്‍’ മാത്രം മറക്കുന്നില്ല. മൂന്നുവയസ്സുള്ളപ്പോള്‍ വീടിനുചുറ്റും ഓടിക്കളിച്ചതും, അഞ്ചാം വയസ്സില്‍ സ്‌ക്കൂളില്‍ പോയതും, പതിനഞ്ചാം വയസ്സില്‍ സ്‌കൂള്‍ ഫൈനല്‍ ജയിച്ചതും, അത്‌ലറ്റിക്‌സില്‍ സമ്മാനം നേടിയതും, ബിരുദവും ബിരുദാനന്തരബിരുദവും കൈക്കലാക്കിയതും ദീര്‍ഘകാലം സര്‍വീസിലിരുന്നതും, അമ്പത്തഞ്ചാം വയസ്സില്‍ പെന്‍ഷന്‍ വാങ്ങിയതും, കൊല്ലങ്ങളോളം സാമൂഹിക പ്രവര്‍ത്തനം ചെയ്തതും, ഇപ്പോള്‍ ഈ തൊണ്ണൂറാം വയസ്സില്‍ അനങ്ങാന്‍ വയ്യാതെ വീല്‍ച്ചെയറിലിരിക്കുന്നതും ‘ഞാന്‍’ ആണൈന്നാണല്ലോ വയസ്സന്മാര്‍ പറയുക. ‘ഞാ’നല്ല ഇതെല്ലാം ചെയ്തതെന്ന് ഓര്‍മപ്പിശകില്ലാത്ത ആര്‍ക്കെങ്കിലും പറയാനാകുമോ? ഇല്ല. ശരീരമനോബുദ്ധികള്‍ അനസ്യൂതം മാറിയിട്ടും ഞാന്‍ മാത്രം മാറാതെ നില്‍ക്കുന്നു. ‘ഞാന്‍’ അഥവാ ആത്മാവ് സത്യമാണ് എന്നു പറഞ്ഞത് അതുകൊണ്ടാണ്.
ഭൗതികവാദ നിരാസം
ആത്മാവ് അഥവാ ‘ഞാന്‍’ അഥവാ ബോധം ശരീരത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നു കരുതുന്ന ഭൗതികവാദികളുണ്ട്. അവരുടെ വാദം അബദ്ധജടിലമാണ്. എന്തുകൊണ്ടെന്നാല്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന രാസവസ്തുക്കള്‍ (reagents) മാറുന്നതിനനുസരിച്ച് അതിന്റെ ഉല്പന്നവും (end product) മാറണം. ഉദാഹരണമായി ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നാല്‍ ലഭിക്കുന്നതു ജലം. എന്നാല്‍ ഹൈഡ്രജനും ക്ലോറിനും ചേര്‍ന്നാല്‍ ഉണ്ടാകുന്നതു ജലമല്ല. ഹൈഡ്രജന്‍ക്ലോറൈഡാണ്. ശരീരത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ പ്രായം ചെല്ലുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നു ശാസ്ത്രമറിയുന്നവരോടു പറയേണ്ട കാര്യമില്ല. പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന രാസവസ്തുക്കളും അവയുടെ ഉല്പന്നങ്ങളും മാറുന്നു. ശരീരത്തിനുണ്ടാകുന്ന മാറ്റം അവയുടെ പരിണതഫലമാണെന്നറിയണം. ആത്മാവ് അഥവാ ഞാനാകുന്ന ബോധം മേല്പറഞ്ഞ ശാരീരികമായ രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണെങ്കില്‍ ശരീരമനോബുദ്ധികളെപ്പോലെ ‘ഞാനും’ മാറിയേ കഴിയൂ. ‘ഞാന്‍’ മാറുന്നില്ല എന്നതു നമ്മുടെ അനുഭവമാണല്ലോ. എന്തുകൊണ്ട്? ശരീരത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമല്ല ‘ഞാന്‍’ എന്നതു തന്നെ. ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ നിയന്താതാവാണ് ‘ഞാന്‍’
‘അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളേ’ എന്നു ശ്വേതാശ്വതരമഹര്‍ഷി ജീവരാശിയെ അഭിസംബോധന ചെയ്യുന്നതു അതുകൊണ്ടാണ്. ‘അജ്ഞാനത്തിന്റെ മറകള്‍ക്കപ്പുറം കുടികൊള്ളുന്ന ആദിത്യശോഭയുള്ള ആത്മാവിനെ ഞാന്‍ കണ്ടുകഴിഞ്ഞു. അവന്‍ തന്നെയാണു താനെന്നറിയുമ്പോഴാണ് ഏതൊരുമനുഷ്യനും ‘എനിക്കുമരണമില്ലെന്ന’ സത്യം അനുഭവവേദ്യമാകുക. മരണത്തെ അതിലംഘിക്കാന്‍ ഇതല്ലാതെ വേറെ ഒരു വഴിയുമില്ല.’ ഇതാണ് അദ്ദേഹത്തിന്റെ സന്ദേശം. സത്തും ചിത്തും ആനന്ദവുമായ പരമാത്മാവാണു ‘ഞാന്‍’ എന്നറിയുകയാണു ജീവിതലക്ഷ്യം. അഖണ്ഡമായ ആനന്ദത്തിന്റെ അനുഭവം ലഭിക്കുന്നതും അപ്പോള്‍ മാത്രമാണ്.
മാറിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ നശ്വരവുമായ ശാരീരികസുഖങ്ങളെയും ഭൗതികസമ്പത്തുകളെയും ജീവിതത്തിന്റെ പരമലക്ഷ്യമായി കരുതുന്നതും അതിനുവേണ്ടി അധര്‍മ്മം പ്രവര്‍ത്തിക്കുന്നതും വ്യക്തിക്കും സമൂഹത്തിനും വിനാശമേ ഉളവാക്കൂ. വിനാശജടിലമായ അധര്‍മ്മത്തിന്റെ മാര്‍ഗ്ഗം തേടാതെ അനശ്വരമായ ആത്മാവിനെ അറിയുകയാണ് ബുദ്ധിമാനായ മനുഷ്യന്‍ ചെയ്യേണ്ടത്.
കര്‍ത്തവ്യാനുഷ്ഠാനം
ശരീരവും മനസ്സും ബുദ്ധിയും ലോകവും സ്ഥാനമാനാദികളും സത്യമല്ലെന്നിരിക്കെ രാമന്‍ എന്തിനു സിംഹാസനമുപേക്ഷിച്ചു? ലോകമേ സത്യമല്ലെന്നുവന്നാല്‍ അതിന്റെ ഭാഗമായ ദശരഥനും അദ്ദേഹത്തിന്റെ വാക്കും സത്യമാവില്ലെന്നു വ്യക്തമാണല്ലോ. സത്യമല്ലെന്നുറപ്പുള്ള വരദ്വയത്തെ സത്യമാക്കാനായി രാമന്‍ കാട്ടിലേയ്ക്കു പുറപ്പെട്ടതു ബുദ്ധിഹീനതയല്ലേ? സമാധാനം പറയാം. ‘ഞാന്‍’ ആത്മാവാണെന്നറിയുകയാണല്ലോ ജീവിതലക്ഷ്യം. ഭൗതികജഗത്ത് സത്യമാണെന്നു തെറ്റിദ്ധരിച്ചു അതിന്റെ പിന്നാലെ ഓടിനടക്കുന്നതുകൊണ്ട് ആത്മാനുഭവമുണ്ടാകുകയില്ല. ബന്ധനമേ സംഭവിക്കൂ. പകരം ആത്മജ്ഞാനത്തെ മറയ്ക്കുന്ന അജ്ഞാനാവരണത്തെ തൂത്തെറിയണം. ആഗ്രഹിച്ചതുകൊണ്ടുമാത്രം നടക്കുന്ന കാര്യമല്ലത്. കഠിനമായ അദ്ധ്വാനം അതിനു വേണ്ടിയിരിക്കുന്നു. ഗുരുപദേശവും ശ്രദ്ധയും വീരവ്രതവും ഉണ്ടെങ്കിലേ ആ പരിശ്രമത്തില്‍ വിജയം കൈവരിക്കാനാവൂ. കര്‍ത്തവ്യത്തില്‍നിന്നു ഒളിച്ചോടാന്‍ ശ്രമിക്കുന്നവന് ഇതൊന്നുംതന്നെ സാദ്ധ്യമാവുകയില്ല. അതിനാല്‍ കര്‍ത്തവ്യാനുഷ്ഠാനത്തില്‍നിന്നാണ് ആത്മജ്ഞാനലബദ്ധിക്കായുള്ള സാധന ആരംഭിക്കേണ്ടത്. ശാസ്ത്ര വിധിപ്രകാരം ചെയ്യപ്പെടുന്ന കര്‍ത്തവ്യാനുഷ്ഠാനമാണു കര്‍മ്മയോഗം. നിലവിലുള്ള കര്‍മ്മവാസനകളെ ദുര്‍ബലമാക്കിയും പുതിയ കര്‍മ്മവാസനകളുടെ ഉത്പത്തിയെ പ്രതിരോധിച്ചും കര്‍മ്മയോഗം സാധകനെ മുന്നോട്ടു നയിക്കുന്നു. ഭൗതികസുഖങ്ങളോടുള്ള ആസക്തിയില്‍ നിന്നുണ്ടാകുന്ന കര്‍മ്മം അനന്തമായ കര്‍മ്മവാസനകള്‍ സൃഷ്ടിച്ച് മനുഷ്യനെ ബന്ധിക്കുമ്പോള്‍ കര്‍മ്മയോഗം മുക്തിയുടെ മാര്‍ഗ്ഗം തുറക്കുന്നു.
ഭൂമിയില്‍ ജനിക്കുന്ന ഓരോ ജീവനും തന്റെ മാതാപിതാക്കളോടും കുടുംബത്തോടും ബന്ധുജനങ്ങളോടും സമൂഹത്തോടും രാഷ്ട്രത്തോടും പ്രപഞ്ചത്തോടും വിവിധനിലകളില്‍ കടപ്പെട്ടിരിക്കുന്നു. അവയ്ക്കാണു കര്‍ത്തവ്യമെന്നു പറയുക. ഓരോരുത്തരുടേയും സ്വധര്‍മ്മം കര്‍ത്തവ്യത്തില്‍നിന്നു ഗ്രഹിക്കാവുന്നതേയുള്ളൂ. കര്‍ത്തവ്യമാണ് സ്വധര്‍മ്മമെന്നറിയണം. അതു വിട്ടുവീഴ്ചയില്ലാതെ അനുഷ്ഠിക്കപ്പെടണം. പുത്രനെന്ന നിലയില്‍ പിതാവിനോട്തനിക്കുള്ള കടപ്പാടെന്തെന്നു രാമനറിയാം. അതുകൊണ്ടാണ് ആ കര്‍മ്മയോഗി കാനനത്തിലേക്ക് പുറപ്പെട്ടത്. പ്രപഞ്ചം സത്യമല്ല എന്നതുകൊണ്ട് കര്‍മ്മങ്ങളില്‍ നിന്നൊളിച്ചോടാനല്ല മറിച്ച് ഭൗതികസുഖങ്ങളോടുള്ള ആസക്തിവെടിഞ്ഞ് യജ്ഞഭാവനയോടെ കര്‍മ്മമനുഷ്ഠിക്കാനും കരുത്തോടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനുമാണ് ആചാര്യന്മാര്‍ എക്കാലവും ഉപദേശിച്ചുപോന്നിട്ടുള്ളത്.
Discussion about this post