ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യംവയക്കുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിതട്രിബ്യൂണലിനെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകും. റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്‌ടെന്നും ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം ട്രിബ്യൂണല്‍ അംഗീകരിച്ചു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലകള്‍ എങ്ങനെ കുറഞ്ഞെന്ന് ഹരിതട്രിബ്യൂണല്‍ പരിസ്ഥിതി മന്ത്രാലയത്തോട് ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്കണമെന്നും ഹരിതട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.
ഹരിതട്രിബ്യൂണലിന്റെ കടുത്ത നിലപാടുകള്‍ക്ക് ഒടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. നിലപാട് വ്യക്തമാക്കാതെ കഴിഞ്ഞ തവണ സമര്‍പ്പിച്ച സത്യവാങ്മൂലം ട്രിബ്യൂണല്‍ തള്ളുകയും ചെയ്തിരുന്നു.
സംസ്ഥാനങ്ങളുടെ അഭിപ്രായമാരാഞ്ഞതിനു ശേഷമേ പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി കേരള ഘടകത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് നിലപാട്.
Discussion about this post