ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
മഹാരൂപാ മഹാപൂജ്യാ മഹാപാതകനാശിനി
മഹാമായാ മഹാസത്വാ മഹാശ്കതിര്‍ മഹാരതി
അമ്മ കാല-കാലസ്ഥലഭേദമില്ലാതെ സദാ സര്‍വത്ര നിറഞ്ഞു നില്‍ക്കുന്നു. ആരാധനാര്‍ഹരില്‍ അഗ്രഗണ്യയാണ്. ഏറ്റവും കൊടിയപാപത്തെപ്പോലും നശിപ്പിക്കുന്നു. (മഹാശക്തിഃ) അമ്മയാണ് ഏറ്റവും മഹത്തായ മായയും സത്വഗുണ സ്വരൂപിണിയും ശക്തിയും ആനന്ദവും.
മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ
മഹാബുദ്ധിര്‍ മഹാസിദ്ധിര്‍ മഹായോഗേശ്വരേശ്വരീ
മഹത്ത് എന്നു വിശേഷിപ്പിക്കാവുന്ന ആഭോഗം (ആകാരവിസ്തൃതി) അഥവാ ഭോഗം (സുഖസൗകര്യങ്ങള്‍), ഐശ്വര്യം, വീര്യം (യുദ്ധനൈപുണി) ബലം (ശക്തി, സേന) ഇവയൊക്കെയുള്ളവളാണ് അമ്മ. (മഹാ – ആഭോഗാ) (മഹാ – ഭോഗാ) (മഹാ – ഐശ്വര്യാ) സമസ്ത ജീവജാലങ്ങളിലും ബുദ്ധിരൂപത്തില്‍ സ്ഥിതി ചെയ്യുന്ന അമ്മ മഹാബുദ്ധിതന്നെ, സര്‍വൈശ്വര്യങ്ങളും തികഞ്ഞതിനാല്‍ മഹാസിദ്ധിയുമാണ്. മഹായോഗേശ്വരനായ ശ്രീ പരമേശ്വരന്റെ പ്രിയപത്‌നിയാണല്ലോ ലളിതാംബിക. നിര്‍വികല്‍പസമാധിയില്‍ എത്തിച്ചേര്‍ന്ന യോഗിയെ മഹായോഗേശ്വരന്‍ എന്നു പറയാറുള്ളതിനാല്‍ അപ്രകാരമുള്ള മഹായോഗികള്‍ക്ക് ഈശ്വരിയായവള്‍ എന്ന അര്‍ത്ഥവുമാകാം.
Discussion about this post