തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയം നിയമമാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. എക്‌സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
മദ്യനയത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കിയിരുന്നു. തുടര്‍നടപടികള്‍ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് മദ്യനയം നിയമമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടൊപ്പം സംസ്ഥാനത്തെ 712 ബാറുകള്‍ അടച്ചുപൂട്ടുന്നതിന് സര്‍ക്കാര്‍ നോട്ടീസ് നല്കി തുടങ്ങും. സെപ്റ്റംബര്‍ 12ന് ശേഷം സംസ്ഥാനത്തെ ഫൈസ്റ്റാര്‍ ബാറുകളില്‍ ഒഴികെ ഒരിടത്തും ഇനി മദ്യം വിളമ്പില്ല. നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിക്കുന്ന ബാറുകളില്‍ ഭിത്തിയില്‍ പതിപ്പിക്കാനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ലൈസന്‍സ് ഫീസിനത്തില്‍ അടച്ച തുകയുടെ ബാക്കി തിരികെ നല്കുമെന്നും ബാറുകളില്‍ സ്റ്റോക്കുള്ള മദ്യശേഖരം വില നല്കി തിരിച്ചെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post