ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് പി. സദാശിവം കേരള ഗവര്‍ണറാകും. ഷീല ദീക്ഷിത് രാജിവച്ച ഒഴിവിലേക്കാണു ജസ്റ്റീസ് സദാശിവത്തെ നിയമിക്കാനുദ്ദേശിക്കുന്നത്. ഗവര്‍ണറാകുന്നതില്‍ തനിക്കെതിര്‍പ്പില്ലെന്നു പി. സദാശിവം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ നല്‍കി രാഷ്ട്രപതി അംഗീകരിച്ചാല്‍ മാത്രമേ നിയമനം പ്രാബല്യത്തിലാകൂ. സുപ്രീം കോടതിയിലെ ഒരു മുന്‍ ചീഫ് ജസ്റ്റീസ് ഗവര്‍ണര്‍ സ്ഥാനത്തേക്കെത്തുന്നത് ചരിത്രത്തിലിതാദ്യമാണ്.
2013 ജൂലൈ 19 നാണു സുപ്രീം കോടതി ചീഫ് ജസ്റ്റീസായി അദ്ദേഹം ചുമതലയേറ്റത്. മദ്രാസ് ഹൈക്കോടതിയില്‍ ദീര്‍ഘകാലം അഭിഭാഷകനായിരുന്ന അദ്ദേഹം 1997ല്‍ മദ്രാസ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007 ഏപ്രിലില്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജിയായി. 2007 ഓഗസ്റ്റ് 21നു സുപ്രീംകോടതി ജഡ്ജിയായ അദ്ദേഹം തമിഴ്‌നാട് ഈറോഡ് ഭവാനി കടപ്പനല്ലൂര്‍ സ്വദേശിയാണ്.
കേരളത്തിലേതടക്കം ശ്രദ്ധേയമായ നിരവധി കേസുകളില്‍ സുപ്രധാനവിധികള്‍ പുറപ്പെടുവിച്ച ചീഫ് ജസ്റ്റീസായിരുന്നു പി. സദാശിവം. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു പരിഗണന നല്‍കുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്.
Discussion about this post