കണ്ണൂര്‍ വീണ്ടും ചോര വീണു ചുവന്നു. നരാധമന്‍മാര്‍ ഒരു ജീവന്‍കൂടി എടുത്തപ്പോള്‍ ഉയര്‍ന്ന വിലാപങ്ങളും ആ മണ്ണില്‍ വീണ ചുടുകണ്ണീര്‍ തുള്ളികളും കണ്ണൂരിനെ വീണ്ടും ശാപമോക്ഷം ലഭിക്കാത്ത ഭൂമിയാക്കുകയാണ്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ കേരളത്തിലത് അവസാനത്തെ രാഷ്ട്രീയ കൊലപാതകമായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആര്‍എസ്എസ് ജില്ലാശാരീരിക് ശിക്ഷണ്‍പ്രമുഖ് മനോജിനെ വകവരുത്തിക്കൊണ്ട് രക്തദാഹത്തിന്റെ ഒരു അദ്ധ്യായം കൂടിരചിച്ച് സിപിഎം അതിന്റെ രാക്ഷസീയമുഖം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ കിഴക്കേ കതിരൂര്‍ മേഖലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാര്‍ നേതാവാണ് മനോജ്. ഇതിന് ഒരാഴ്ച മുമ്പാണ് കൊലപാതകശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു ബിഎംഎസ് നേതാവ് പിന്നീട് ചികിത്സയ്ക്കിടെ മരിച്ചത്.
ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് നരേന്ദ്രമോഡി അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ ബിജെപിയിലേക്ക് പുതിയ പ്രവര്‍ത്തകരുടെ ഒഴുക്കാണ്. കൂടുതല്‍ പേരും വരുന്നത് സിപിഎമ്മില്‍ നിന്നാണ്. കണ്ണൂരില്‍ തന്നെ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേരുന്നവര്‍ക്ക് അംഗത്വം നല്‍കുന്ന സ്വീകരണസമ്മേളനം സംഘടിപ്പിച്ചിരുന്നു. ജനപങ്കാളിത്തം കൊണ്ടും വാര്‍ത്താപ്രാധാന്യംകൊണ്ടും ഇത് ഏറെ ശ്രദ്ധനേടി. കേരളത്തിന്റെ മറ്റുഭാഗങ്ങളിലും ബിജെപിയിലേക്ക് സിപിഎമ്മിന്റെ അണികള്‍ ഒഴുകുകയാണ്. തങ്ങളുടെ കാല്‍കീഴിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന സംഭ്രാന്തിയില്‍ അണികളില്‍ ഭയപ്പാടു സൃഷ്ടിക്കാനാണ് ഇത്തരത്തിലൊരു അരുംകൊല ചെയ്തതെന്നു വ്യക്തമാണ്. മാത്രമല്ല ഈ നിഷ്ഠൂരകൊലപാതകത്തിനു തെരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും കേരളത്തില്‍ ഉണ്ടായിരുന്ന സമയത്താണ് കൊലപാതകം നടത്തിയെന്നത് കരുതിക്കൂട്ടിയുള്ള ആസൂത്രണത്തിന്റെയും അതിനു പിന്നിലുള്ള ഗൂഢാലോചനയുടെയും തെളിവാണ്. ഇതു നല്‍കുന്ന ദുഃസൂചന സിപിഎം എന്തോ പുറപ്പാടിനുള്ള ഒരുക്കത്തിലെന്നാണ്.
ആശയങ്ങളെ ആശയങ്ങള്‍കൊണ്ടു നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് പേശീബലത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും മാര്‍ഗം സ്വീകരിക്കുന്നത്. ഇത് ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ബലഹീനതയാണ്. മൂന്നരപതിറ്റാണ്ടിലേറെ ബംഗാള്‍ ഭരിച്ചുമുടിച്ച സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്നുപോലും കേരളത്തിലെ പാര്‍ട്ടിഘടകം ഒന്നും പഠിച്ചില്ല എന്നതാണ് കണ്ണൂരിലെ കൊലപാതകം തെളിയിക്കുന്നത്.
ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം ദേശീയതലത്തില്‍ തന്നെ വന്‍ചര്‍ച്ചയായിട്ടുണ്ട്. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് ഇതുസംബന്ധിച്ച് കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പലപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകികളായ സിപിഎംകാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയിട്ടുണ്ട്. ഇതാണ് വീണ്ടും കണ്ണൂര്‍ കൊലക്കളമാകാന്‍ കാരണം. മനോജിന്റെ കൊലപാതകം നടന്നത് സിപിഎമ്മിന്റെ ജില്ലാനേതൃത്വം മാത്രമല്ല. സംസ്ഥാനനേതൃത്വത്തിന്റെയും അറിവോടെയാണെന്നു സംശയിക്കാന്‍ കാരണങ്ങളുണ്ട്.
കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്ത കൊലയാളികളെ മാത്രമല്ല, അതിനു അണിയറയില്‍ കരുനീക്കിയ ജില്ലാ-സംസ്ഥാന നേതാക്കളെക്കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അവരുടെ മുഖംമൂടി പിച്ചിച്ചീന്തി തനിസ്വരൂപം സമൂഹത്തിനു കാട്ടിക്കൊടുക്കണം. ജയകൃഷ്ണന്‍ വധക്കേസിലും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ഗൂഢാലോചനക്കാര്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ മനോജ് വധക്കേസിലെ ഗൂഢാലോചനക്കാരെ പിടികൂടുക തന്നെവേണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോയി രക്തദാഹികളെ തുറുങ്കിലടച്ച് കണ്ണൂരിനെ സമാധാന അന്തരീക്ഷത്തിലേക്ക് മടക്കിക്കൊണ്ടുവരണം.
Discussion about this post