തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയ ആവേശകരമായ വെള്ളായണി ജലോത്സവത്തില്‍ ഒന്നാം തരം നാടന്‍ വള്ളങ്ങളുടെ ഇനത്തില്‍ കാക്കാമൂല ചന്ദ്രന്‍ നയിച്ച തെക്കേക്കരചുണ്ടന്‍ അയ്യങ്കാളി ട്രോഫി കരസ്ഥമാക്കി. രതീഷ്‌കുമാര്‍ നയിച്ച കോളിയൂര്‍ ചരുവിള ചുണ്ടനാണ് രണ്ടാം സ്ഥാനം. , കിഷോര്‍ ക്യാപ്‌റ്റനായ വണ്ടിത്തടം ചാലിയാര്‍ ചുണ്ടന്‍ മൂന്നാമതെത്തി.
ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ അജയന്‍ നയിച്ച ആലപ്പുഴ കരുമാടി തത്ത്വമസി ചുണ്ടനാണ് ഒന്നാമത് എത്തിയത്. ജോയല്‍ പുന്നൂസ് ക്യാപ്‌റ്റനായ നെടുമ്പറ വൈക ചുണ്ടന്‍ രണ്ടാം സ്ഥാനം നേടി. രണ്ടാം തരം നാടന്‍ വള്ളങ്ങളുടെ ഇനത്തില്‍ വടക്കേക്കര അയ്യങ്കാളി, കാര്‍ഷിക കോളേജ് അരയന്നം, മുട്ടയ്‌ക്കാട് ചിറയില്‍ പടക്കുതിര എന്നീ വള്ളങ്ങള്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി, അഭിജിത്ത് എസ്.എ, ഷാന്‍ എസ്.ആര്‍, ശോഭരാജ് എന്നിവരാണ് നയിച്ചത്. മൂന്നാം തരം നാടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ കാക്കാമൂല ചുണ്ടന്‍ (ഇഗ്നേഷ്യസ് എസ്.ജെ) വെള്ളായണി ആറാട്ട് ചുണ്ടന്‍ (ഷാജി.എസ്.കെ) ഊക്കോട് കാര്‍ഗില്‍ ചുണ്ടന്‍ (വിനു.എസ്) എന്നീ വള്ളങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. വനിതകളുടെ വിഭാഗത്തില്‍ മഞ്‌ജു.ടി നയിച്ച ഊക്കോട് ചുണ്ടന്‍ ഒന്നാം സ്ഥാനവും ആര്‍.ശോഭന നേതൃത്വം നല്‍കിയ മുട്ടയ്‌ക്കാട് സ്‌നേഹതീരം ചുണ്ടന്‍ രണ്ടാം സ്ഥാനവും നേടി. കോളിയൂര്‍ ചരുവിള ചുണ്ടന്റെ രാജ്‌കുമാര്‍ മികച്ച അമരക്കാരനുള്ള അവാര്‍ഡ് നേടി. വിനോദ സഞ്ചാര വകുപ്പും യുവജനക്ഷേമ ബോര്‍ഡും അയ്യങ്കാളി ജലോത്സവ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച വള്ളംകളി വിനോദ സഞ്ചാര മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ജമീല പ്രകാശം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, വി.ശിവന്‍കുട്ടി എം.എല്‍.എ, മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദയകുമാര്‍, സംഘാടക സമിതി ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. മോശ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ സ്വാഗതവും പൂങ്കുളം എസ്.കുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post