പുലിയുടെ പുള്ളി എന്തൊക്കെ ചെയ്താലും മായാത്തപോലെയാണ് പോലീസിന്റെ സ്വഭാവം. ‘അമ്മാവാ എന്നെ തല്ലിയാലും ഞാന്‍ നന്നാവില്ല’ എന്ന അനന്തരവന്റെ ശാഠ്യം പോലെയാണ് കേരളാപോലീസ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളോട് മോശമായി പെരുമാറിയാല്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാനപോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ മുന്നറിയിപ്പു നല്‍കിയത് ഏതാനും നാളുകള്‍ക്ക് മുമ്പുമാത്രമാണ്.
പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായും വിനയത്തോടെയും പെരുമാറണം. പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ ഓരോ സാഹചര്യങ്ങളിലും പുലര്‍ത്തേണ്ട ഔചിത്യവും മര്യാദയും സഹാനുഭൂതിയും ഉണ്ടാകണം. നിയമപരമായി ഉദ്ദേശ്യം നിറവേറ്റുന്നതിനല്ലാതെ പോലീസുദ്യോഗസ്ഥര്‍ ബലപ്രയോഗം നടത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കസ്റ്റഡിയിലോ പരിചരണത്തിലോ ഉള്ള ആരോടും മോശമായി പെരുമാറുവാനോ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുവാനോ പാടില്ല. വനിതകള്‍, കുട്ടികള്‍ മുതിര്‍ന്ന പൗരന്‍മാര്‍, വ്യത്യസ്ഥകഴിവുകള്‍ ഉള്ളവര്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കണം. ആക്രമണോത്സുകത കാട്ടുകയോ പ്രകോപനം നേരിട്ടാല്‍ പോലും ആത്മനിയന്ത്രണം കൈവെടിയുകയോ ചെയ്യരുത് തുടങ്ങിയവയാണ് പോലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശങ്ങള്‍.
എന്നാല്‍ സര്‍ക്കുലറിലെ മഷി ഉണങ്ങുന്നതിനു മുമ്പുതന്നെ ഒരുസ്ത്രീക്ക് കൊച്ചിയിലെ ചേരാനല്ലൂര്‍ പോലീസ് ്‌സ്‌റ്റേഷനിലും കച്ചേരിപ്പടി വനിതാപോലീസ് സ്‌റ്റേഷനിമുണ്ടായ അതിക്രൂരമായ പീഡനം ആരെയും ഞെട്ടിക്കുന്നതാണ്. ഒരു മോഷണക്കേസിന്റെ പേരിലാണ് ആ യുവതി കൊടിയ മര്‍ദ്ദനത്തിനിരയായത്. ചേരാനല്ലൂര്‍ ഇടയക്കുന്നം കപ്പേളയ്ക്കു സമീപം തുണ്ടിപ്പറമ്പില്‍ രതീഷിന്റെ ഭാര്യ ഇരുപത്തൊന്‍പതുകാരിയായ ലീബയാണ് ഈ ഹതഭാഗ്യ. എസ്‌ഐയുടെയും വനിതാപോലീസുകാരുടെയും നേതൃത്വത്തില്‍ കണ്ണില്‍ മുളകുപൊടിതേച്ച് വിലങ്ങുവച്ച് കസേരയിലിരുത്തി. കാല്‍മുട്ടിനു താഴെയും കാല്‍പാദങ്ങളിലും ലാത്തികൊണ്ടടിച്ചു. ഇരുകൈകളിലും വിരലുകള്‍ക്കിടയില്‍ ലാത്തി ഇടിച്ചുകയറ്റി പേനകൊണ്ടു കുത്തുകയും വയറിലും നടുവിലും ബൂട്ടുകൊണ്ടു ചവിട്ടുകയും ചെയ്തു. നട്ടെല്ലിനും തലയ്ക്കും ക്ഷതമേറ്റതിനാല്‍ പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാവാത്ത നിലയിലാണ് ഷീബ. സംഭവമറിഞ്ഞു സ്റ്റേ്ഷനിലെത്തിയ ഭര്‍ത്താവിനെയും മര്‍ദ്ദിച്ചു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുട്ടിയെയും ഇതുപോലെ മര്‍ദ്ദിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഷീബ വീട്ടുവേലയ്ക്കു പോകുന്ന ഡോക്ടറുടെ വീട്ടില്‍ നിന്നും മാലയും വളയും കാണാതായതിന്റെ പേരിലാണ് പോലീസിനെക്കൊണ്ട് ഈ ക്രൂരമര്‍ദ്ദനം നടത്തിച്ചത്. ഏഴുവര്‍ഷത്തിലേറെയായി സമീപത്തെ മൂന്നുവീടുകളില്‍ പണിയെടുത്തിരുന്ന ഷീബ നാലുമാസം മുമ്പാണ് ഡോക്ടറുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഡോക്ടറുടെ മകളുടെ വിവാഹമായതിനാല്‍ പെയിന്റിംഗിനും മറ്റും തൊഴിലാളികളുണ്ടായിരുന്ന സന്ദര്‍ഭത്തിലാണ് ആഭരണങ്ങള്‍ കാണാതായിരിക്കുന്നത്.
വ്യക്തമായ തെളിവുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ പോലീസിന് അധികാരമുണ്ട്. എന്നാല്‍ രാഷ്ട്രീയ പിന്‍ബലത്തിന്റെയും സാമ്പത്തിക സ്വാധീനത്തിന്റെയും അടിസ്ഥാനത്തില്‍ കൊലയാളികളുടെയും ഗുണ്ടകളുടെയും കൊള്ളപ്പലിശക്കാരുടെയും മുന്നില്‍ മുട്ടുവിറയ്ക്കുന്ന പോലീസാണ് ഒരു പാവം സ്ത്രീയോട് ഈ ക്രൂരതകാട്ടിയത്. ഇത് കേരളത്തിനു തന്നെ ലജ്ജാവഹമാണ്. ഈ സംഭവത്തിന് ഉത്തരവാദികളായ പോലീസുദ്യോഗസ്ഥരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രിയും സംസ്ഥാനപോലീസ് മേധാവിയും തയാറാകണം. നിയമം കൈയിലെടുക്കുന്ന പോലീസുദ്യോഗസ്ഥരെ സേനയില്‍ നിന്നു പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാനടപടികളിലൂടെ മാത്രമേ പോലീസ് സേനയെ നേര്‍വഴിക്കു നയിക്കാന്‍ കഴിയൂ.
Discussion about this post